ലോധ സമിതി റിപ്പോർട്ട് പൂർണമായും നടപ്പാക്കണമെന്ന് ബി.സി.സി.ഐയോട് സുപ്രീംകോടതി
text_fieldsന്യൂഡല്‍ഹി: ജസ്റ്റിസ് ലോധ കമീഷന്‍െറ ശിപാര്‍ശകള്‍ അതേപടി നടപ്പാക്കണമെന്ന് ബി.സി.സി.ഐക്ക് സുപ്രീംകോടതിയുടെ നിർദേശം. ചീഫ് ജസ്റ്റിസ് ടി.എസ് ഠാകുര്‍ അധ്യക്ഷനായ ബെഞ്ചിൻറേതാണ് നിർദേശം. ലോധ കമീഷന് രണ്ടാം ഇന്നിങ്സ് ഉണ്ടാവില്ളെന്നും റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ബി.സി.സി.ഐക്ക് പ്രയാസമുണ്ടെങ്കില്‍ അപ്പണി കമീഷനെതന്നെ ഏല്‍പിക്കാന്‍ കോടതിക്ക് കഴിയുമെന്നും ബെഞ്ച് ഓര്‍മിപ്പിച്ചു. കമീഷന്‍ റിപ്പോര്‍ട്ടിന്മേല്‍ മാര്‍ച്ച് മൂന്നിനകം മറുപടി നല്‍കണമെന്നും ബെഞ്ച് ഉത്തരവിട്ടു.
റിപ്പോര്‍ട്ട് ബി.സി.സി.ഐയിലെ30 അംഗങ്ങള്‍ക്കും വിതരണം ചെയ്തതായും പഠിച്ചുവരുകയാണെന്നും ബി.സി.സി.ഐക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ശേഖര്‍ നാഫ്ഡെ വാദിച്ചപ്പോള്‍, എന്താണ് ഇത്ര പഠിക്കാനുള്ളതെന്നായി കോടതി.
റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കുകയാണെങ്കില്‍ തമിഴ്നാട് സൊസൈറ്റീസ് നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ബി.സി.സി.ഐയുടെ അംഗീകാരം മാറ്റേണ്ടിവരും. രാജ്യത്ത് പലയിടങ്ങളിലായുള്ള സ്വത്തുക്കളെ അത് ബാധിക്കും. റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ ഏഴിന് ചേരുന്ന ബി.സി.സി.ഐ നിയമകാര്യ കമ്മിറ്റി വിലയിരുത്തുന്നുണ്ടെന്നും നാഫ്ഡെ വാദിച്ചു.
എന്നാല്‍, നിയമകാര്യ കമ്മിറ്റിയുടെ ആവശ്യമെന്താണെന്നായിരുന്നു കോടതിയുടെ മറുചോദ്യം. നിയമജ്ഞരിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്നവരും വിദഗ്ധരുമടങ്ങിയ സമിതിയുടേതാണ് ശിപാര്‍ശകള്‍. എല്ലാ കക്ഷികളുടെയും അഭിപ്രായങ്ങള്‍ തേടിയ ശേഷമാണ് ഇവ തയാറാക്കിയത്. ഈ റിപ്പോര്‍ട്ടിനെ മാനിക്കണം. അതിനാല്‍ കൂടുതല്‍ കുഴപ്പങ്ങളുണ്ടാക്കാതെ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ നോക്കുകയാണ് വേണ്ടതെന്നും ചീഫ് ജസ്റ്റിസ് ടി.എസ്. ഠാകുര്‍ പറഞ്ഞു.
അംഗങ്ങളെ എത്രയും വേഗം വിളിച്ചുകൂട്ടി വിഷയം ചര്‍ച്ച ചെയ്യുകയാണ് വേണ്ടത്. കാര്യങ്ങള്‍ വിശദീകരിക്കുന്ന റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ മനസ്സിലാക്കാന്‍ ആര്‍ക്കും കഴിയും. അതിന് നിങ്ങള്‍ക്ക് കഴിയുന്നില്ളെങ്കില്‍, കമ്മിറ്റിക്ക് ആ ചുമതലയും നല്‍കാമെന്നും കോടതി വ്യക്തമാക്കി.
എന്നാല്‍, ബി.സി.സി.ഐ ലോധ കമ്മിറ്റി റിപ്പോര്‍ട്ടിന് തടസ്സം നില്‍ക്കുകയല്ളെന്നും നിയമകാര്യ കമ്മിറ്റിയുടെ യോഗത്തിന് ശേഷം വ്യക്തമായ മറുപടി നല്‍കുമെന്നും ശേഖര്‍ നാഫ്ഡെ പ്രതികരിച്ചു. അഞ്ച് വ്യത്യസ്ത സോണുകളെ പ്രതിനിധാനംചെയ്യുന്നതിനാല്‍ അഞ്ച് വൈസ് പ്രസിഡന്‍റുമാരെ വെക്കാന്‍ കാരണമുണ്ടായിരുന്നുവെന്ന നാഫ്ഡെയുടെ വാദവും സുപ്രീംകോടതി അംഗീകരിച്ചില്ല. പുതിയ ശിപാര്‍ശ പ്രകാരം സോണുകള്‍ക്ക് പ്രസക്തിയില്ലല്ളോയെന്നായിരുന്നു കോടതിയുടെ പ്രതികരണം. റിപ്പോര്‍ട്ടിലെ പ്രധാന ശിപാര്‍ശകള്‍ ക്രിക്കറ്റ് അസോസിയേഷന്‍ ഓഫ് ബിഹാറിന് വേണ്ടി ഹാജരായ ഇന്ദു മല്‍ഹോത്ര വിശദീകരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.