ബൗളർമാർ വാണു: ശ്രീലങ്കക്ക് അഞ്ച് വിക്കറ്റ് ജയം
text_fieldsപുണെ: കുട്ടി ക്രിക്കറ്റ് ലോകകപ്പ് വിളിപ്പാടകലെ നില്‍ക്കെ ശ്രീലങ്കക്കെതിരായ ആദ്യ ട്വന്‍റി20 മത്സരത്തിൽ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് തോൽവി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 18.5 ഒാവറിൽ 101 റൺസെടുത്ത് പുറത്തായിരുന്നു. മറുപടി ബാറ്റിനിറങ്ങിയ ലങ്ക 12 പന്തുകൾ ബാക്കിയിരിക്കെ ലക്ഷ്യം കണ്ടു. ദിനേഷ് ചാണ്ടിമൽ (35), ചമര കപുരകദേര(25), മിലിൻഡ സിരിവർധന (21) എന്നിവർ ചേർന്നാണ് ലങ്കൻ സ്കോർ ഉയർത്തിയത്. നെഹ്റയും അശ്വിനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. തോൽവിയോടെ ഇന്ത്യക്ക് ഐ.സി.സി റാങ്കിങ്ങിലെ ഒന്നാം സ്ഥാനം നഷ്ടമായി.
നേരത്തെ ടോസ് നേടിയ ലങ്ക ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ലങ്കൻ ബൗളർ കസുൻ രജിതയാണ് ആദ്യത്തെ ഇന്ത്യൻ വിക്കറ്റുകളും വീഴ്ത്തി ഇന്ത്യക്ക് വൻ പ്രഹരമേൽപിച്ചത്. രോഹിത് (0), ശിഖർ ധവാൻ (9), അജിങ്ക്യ രഹാനെ (4) എന്നിവരാണ് 22 കാരൻറ പന്തിൽ പുറത്തായത്. സുരേഷ് റെയ്ന(20), യുവരാജ് സിങ് (10) എന്നിവർ ചേർന്ന് സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും നടന്നില്ല. ചമീര യുവരാജിനെയും ശനക റെയ്നയെയും മടക്കി. ക്യാപ്റ്റൻ ധോണി (2), ഹർദിക് പാണ്ഡ്യേ (2), രവീന്ദ്ര ജഡേജ(6) എന്നിവർ വന്ന പോലെ മടങ്ങി. ധസൂൻ ശനകയാണ് ധോണി, ഹർദിക് പാണ്ഡ്യേ എന്നിവരെ പുറത്താക്കിയത്.
എന്നാൽ രവിചന്ദ്ര അശ്വിൻ ലങ്കൻ ബൗളർമാർക്ക് കീഴടങ്ങാൻ തയ്യാറല്ലായിരുന്നു. 24 പന്തിൽ പുറത്താകാതെ അശ്വിൻ നിർണായകമായ 31 റൺസ് ചേർത്ത് ഇന്ത്യൻ സ്കോർ 100 കടത്തുകയായിരുന്നു. അശ്വിനാണ് ഇന്ത്യൻ നിരയിലെ ടോപ് സ്കോറർ.
ആസ്ട്രേലിയക്കെതിരെ അവരുടെ മണ്ണില്‍ 3-0ന് ട്വന്‍റി20 പരമ്പര തൂത്തുവാരിയ ആത്മവിശ്വാസവുമായിട്ടാണ് ധോണിയും കൂട്ടരും നീലക്കുപ്പായത്തില്‍ ഇറങ്ങിയത്. മികച്ച ഫോമില്‍ കളിച്ചിരുന്ന വിരാട് കോഹ്ലിക്ക് ലോകകപ്പും ഏഷ്യാ കപ്പും മുന്നില്‍ കണ്ട് സെലക്ടര്‍മാര്‍ അവധി നല്‍കി. ദിനേശ് ചണ്ഡിമലിന്‍െറ നേതൃത്വത്തില്‍ പുതിയൊരു താരനിരയാണ് ശ്രീലങ്കക്കായി അണിനിരന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.