'സര്‍ക്കാരേ, നിങ്ങള്‍ മറന്നോ ഈ ഓള്‍റൗണ്ടറേ...'
text_fieldsതിരുവനന്തപുരം: ദൈവം തന്ന പാതിവെട്ടത്തിലും സ്റ്റംപിലേക്ക് മൂളിഎത്തുന്ന പന്തുകളെ വേലിക്കപ്പുറത്തേക്ക് പായിക്കുന്ന കേരളത്തിന്‍െറ വെടിക്കെട്ട് ബാറ്റ്സ്മാനെതിരെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ബൗണ്‍സര്‍. പ്രഥമ കാഴ്ച പരിമിതരുടെ ഏഷ്യാക്കപ്പില്‍ ഇന്ത്യക്കായി കളിച്ച കേരള ബ്ലൈന്‍ഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റനും കൊട്ടാരക്കര മാവടിയില്‍ പോറ്റൂര്‍ പടിഞ്ഞാറ് വീട്ടില്‍ അജേഷ് അര്‍ജുനനാണ് (25) യാതൊരു ആനുകൂല്യവും അംഗീകാരവും നല്‍കാതെ സര്‍ക്കാരുകള്‍ ഒളിച്ചുകളിക്കുന്നത്. ഇതോടെ അധികാരികളുടെ ബൗണ്‍സറിന് മുന്നില്‍ ചെയ്യണമെന്നറിയാതെ ജീവിതത്തിലും ക്രീസിനുമിടയില്‍ പകച്ചുനില്‍ക്കുന്നയാണ് ഇന്ത്യയുടെ ഭാവിതാരം.
നേരത്തെ ഫൈനലില്‍ പാകിസ്ഥാനെ 47 റണ്ണിന് തുരത്തിയ ടീം അംഗങ്ങള്‍ക്ക് കേന്ദ്രം പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും ടൂര്‍ണമെന്‍റ് കഴിഞ്ഞതോടെ അതൊക്കെ പാഴ് വാക്കാകുകയായിരുന്നു. ഏഷ്യാകപ്പില്‍ വിജയികളായിട്ടുപോലും സംസ്ഥാന സര്‍ക്കാരില്‍ നിന്നോ കായികമന്ത്രിയില്‍ നിന്നോ ഒരു അഭിനന്ദനം പോലും ഈ കായികതാരത്തെ തേടി എത്തിയിട്ടില്ല. ഒക്ടോബറില്‍ നടന്ന സൗത്ത് സോണ്‍ 20-20യില്‍ പുറത്താകാതെ തെലുങ്കാനക്കെതിരെ 80 റണ്ണും കര്‍ണാടക്കെതിരെ 75 റണ്ണും നേടിയതോടെയാണ് ഏഷ്യാകപ്പിലേക്കുള്ള വാതില്‍ ഈ ഓള്‍റൗണ്ടര്‍ക്ക് മുന്നില്‍ തുറന്നത്. തുടര്‍ന്ന് യോഗ്യതാറൗണ്ടില്‍ ബംഗ്ളാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നീ ടീമുകള്‍ക്കെതിരെ ഇറങ്ങിയെങ്കിലും ശ്രീലങ്കക്കെതിരെ മാത്രമാണ് ബാറ്റ് ചെയ്യാനുള്ള അവസരം ലഭിച്ചത്. നെടുമങ്ങാട് പൂവത്തൂര്‍ എല്‍.പി.എസിലെ അധ്യാപകനായ അജേഷിന് ചെറുപ്പം മുതല്‍ തന്നെക്രിക്കറ്റിനോട് അടങ്ങാത്ത ആവേശമായിരുന്നു.
അജേഷിന്‍െറ ക്രിക്കറ്റ് ഭ്രാന്ത് മനസ്സിലാക്കിയ വര്‍ക്കല 'ലൈറ്റ് ടു ദ ബ്ലൈൻഡ്' സ്കൂളിലെ കായികാധ്യാപകന്‍ ഷിബുവാണ് ആദ്യമായി ബാറ്റും പന്തും ആ കുഞ്ഞ് കൈളിലേക്ക് നല്‍കുന്നത്. ഒപ്പം ആത്മവിശ്വാസവും. ഇതോടെ സാധാരണ കുട്ടികള്‍ക്കൊപ്പം തന്നെ അജേഷും ക്രിക്കറ്റ് കളിച്ചു. തുടര്‍ന്ന് കോളജ് തലത്തില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ കൂടിയായതോടെ 2010 മുതല്‍ കേരള ബ്ലൈൻഡ് ടീമിലും 2015മുതല്‍ ടീമിന്‍െറ നായകനുമായി. പക്ഷേ നേട്ടങ്ങള്‍ ഒന്നായി കൊയ്തെടുക്കുമ്പോഴും പൂര്‍ണ കാഴ്ച നഷ്ടപ്പെട്ട അച്ഛന്‍ അര്‍ജുനനും പാതികാഴ്ച്ചയില്‍ ജീവിതത്തില്‍ തപ്പിതടയുന്ന ചേച്ചി ബിജിമോളും അമ്മ വിജയമ്മയുമടങ്ങുന്ന ഒരു കുടുംബത്തിന്‍െറ ചുമതലമുഴുവന്‍ അജേഷിന്‍െറ ചുമലുകളിലാണ്. അതിനിടെ അജേഷിൻറെ കാഴ്ച ശക്തിയും കുറഞ്ഞുവരികയാണ്. അജേഷിന് ഇതുമൂലം ജോലി നഷ്ടപ്പെട്ടാൽ ഒരു കുടുംബത്തിൻെറ വരുമാന മാർഗം ഇല്ലാതാകും. തന്‍െറ കാഴ്ച്ചയില്ലായ്മക്കുമപ്പുറം കണ്ണുണ്ടായിട്ടും കാണാത്തവരുടെ മനോഭാവമാണ് ഈ കായികതാരത്തെ ഏറെ വേദനിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.