ന്യൂസിലന്‍ഡ് മുന്‍നിരയെ പിടിച്ചുനിര്‍ത്തി; ഓസീസിന് ജയം മണക്കുന്നു
text_fieldsക്രൈസ്റ്റ്ചര്‍ച്ച്: ഭേദപ്പെട്ട ഒന്നാം ഇന്നിങ്സ് ലീഡിനൊപ്പം രണ്ടാം ഇന്നിങ്സില്‍ ന്യൂസിലന്‍ഡ് മുന്‍നിരയെ പിടിച്ചുനിര്‍ത്തിയ ബൗളര്‍മാരുടെ പ്രകടനവും ചേര്‍ന്നപ്പോള്‍ ആസ്ട്രേലിയക്ക് ജയപ്രതീക്ഷ. രണ്ടാം ടെസ്റ്റിന്‍െറ മൂന്നാം ദിനം 505 റണ്‍സിന്‍െറ ഒന്നാം ഇന്നിങ്സ് സ്കോറില്‍ പുറത്തായ ഓസീസ് 135 റണ്‍സ് ലീഡ് സ്വന്തമാക്കി. രണ്ടാം ഇന്നിങ്സിനിറങ്ങിയ കിവീസിന് 44 ഓവറില്‍ 121 റണ്‍സ് എടുക്കുന്നതിനിടയില്‍ നാലു മുന്‍നിര വിക്കറ്റുകള്‍ നഷ്ടമായി. ജെയിംസ് പാറ്റിന്‍സണിന്‍െറ ബൗളിങ്ങിനു മുന്നിലാണ് ആതിഥേയ ബാറ്റിങ് തകര്‍ന്നത്. അവസാന ടെസ്റ്റ് കളിക്കുന്ന നായകന്‍ ബ്രണ്ടന്‍ മക്കല്ലം 25 റണ്‍സുമായി തിരിച്ചുകയറി. ഓപണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ പൂജ്യനായി മടങ്ങിയപ്പോള്‍ ടോം ലതാം 39 റണ്‍സെടുത്തു. 45 റണ്‍സുമായി കെയ്ന്‍ വില്യംസണും ഒമ്പതു റണ്‍സുമായി കൊറി ആന്‍ഡേഴ്സണുമാണ് ക്രീസില്‍. 12 ഓവറില്‍ 29 റണ്‍സ് മാത്രം വിട്ടുനല്‍കിയാണ് പാറ്റിന്‍സണ്‍ മൂന്നു വിക്കറ്റെടുത്തത്.
നേരത്തേ നാലിന് 363 എന്ന നിലയില്‍ മൂന്നാം ദിനത്തില്‍ ബാറ്റിങ് പുനരാരംഭിച്ച ആസ്ട്രേലിയക്കായി ആദം വോഗ്സ് അര്‍ധശതകം നേടി. കിവീസ് താരം നീല്‍ വാഗ്നര്‍ ആറു വിക്കറ്റുകള്‍ കൊയ്തു. 127 പന്തില്‍ 60 റണ്‍സ് എടുത്ത വോഗ്സിന് നഥാന്‍ ലിയോണും (33) മിച്ചല്‍ മാര്‍ഷും (18) പിന്തുണ നല്‍കി. പീറ്റന്‍ നെവിലും(13) ജോഷ് ഹാസ്ല്‍വുഡും (13) സ്കോര്‍ 500 കടത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.