ലക്ഷ്മൺ ഈഡനിൽ നേടിയ 281 റൺസ് അരനൂറ്റാണ്ടിലെ മികച്ച ടെസ്റ്റ് ഇന്നിങ്സ്
text_fieldsലണ്ടൻ: വി.വി.എസ് ലക്ഷ്മൺ 2001ൽ കൊൽക്കത്ത ഈഡൻ ഗാഡനിൽ നേടിയ 281 റൺസ് അര നൂറ്റാണ്ടിലെ മികച്ച ടെസ്റ്റ് ഇന്നിങ്സായി തെരഞ്ഞെടുക്കപ്പെട്ടു. ഇ.എസ്.പി.എന്നിൻെറ ക്രിക്കറ്റ് മന്ത് ലിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. കഴിഞ്ഞ 50 വർഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച അമ്പത് പ്രകടനങ്ങളാണ് ക്രിക്കറ്റ് മന്ത് ലി ലിസ്റ്റ് ചെയ്തത്.
ആസ്ട്രേലിയക്കെതിരെയായിരുന്നു സ്റ്റൈലിഷ് ബാറ്റ്സ്മാനായ വി.വി.എസ് ലക്ഷ്മണിൻെറ അതുല്യമായ ഇന്നിങ്സ്. മത്സരത്തിൽ രാഹുൽ ദ്രാവിഡിനൊപ്പം (180) നിന്ന് ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവിന് കളമൊരുക്കിയ ഇന്നിങ്സായിരുന്നു അത്. ഫോളോ ഓൺ വഴങ്ങി ഇന്നിങ്സ് തോൽവിയെ മുന്നിൽ കാണുമ്പോഴായിരുന്നു ലക്ഷ്മണിൻെറ രക്ഷാപ്രവർത്തനം. രണ്ടാമിന്നിങ്സിൽ ഇന്ത്യ 657 റൺസിന് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. 383 റൺസ് ലക്ഷ്യമാക്കി മറുപടി ബാറ്റിങ്ങിനിറങ്ങിയ ആസ്ട്രലിയ 212 റൺസിന് പുറത്താവുകയായിരുന്നു. മത്സരം ഇന്ത്യ 171 റൺസിന് ജയിച്ചു.
ടെസ്റ്റ് ക്രിക്കറ്റിൽ ഇത്രയും ശക്തമായ തിരിച്ചുവരവ് നടത്താമെന്നാണ് ഇന്നിങ്സിലൂടെ ലക്ഷ്മൺ തെളിയിച്ചത്. ഓസീസ് എടുത്ത 445 റൺസിന് മറുപടിയായി ആദ്യ ഇന്നിങ്സിൽ 171 റൺസെടുക്കാനെ ഇന്ത്യക്ക് സാധിച്ചിരുന്നുള്ളൂ. ഈയൊരു അവസ്ഥയിൽ നിന്നാണ് ഇന്ത്യ ലക്ഷ്മണിൻെറയും ദ്രാവിഡിൻെറയും തോളിലേറി ലോകത്തിലെ ഏറ്റവും മികച്ച ബോളിങ് നിരക്കെതിരെ വിജയക്കൊടി പാറിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.