പ്രണവ് @ 1009* – ക്രിക്കറ്റിൽ ചരിത്രം കുറിച്ച് മുംബൈ പയ്യൻ
text_fieldsമുംബൈ: ഒരു സീസണില്‍ ആയിരം റണ്‍സ് നേടുകയെന്നത് ഏത് പ്രഗല്ഭ ക്രിക്കറ്ററുടെയും സ്വപ്നമാണ്. ഏറെ മത്സരങ്ങള്‍ കളിച്ചാല്‍ മാത്രം എത്തിപ്പിടിക്കാനാവുന്ന നേട്ടം. ആരും കൊതിക്കുന്ന ഈ റണ്‍മല കയറ്റത്തിന് പ്രണവ് ധനവാദെ എന്ന ഓപണിങ് ബാറ്റ്സ്മാന്‍ ചെലവഴിച്ചത് ഒരു മത്സരത്തിലെ 323 പന്തുകള്‍ മാത്രം. നാലക്കം തികക്കുന്ന ആദ്യബാറ്റ്സ്മാനായ ഈ മിടുക്കന്‍ ലോകക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറിനുടമയായി.
1009 റണ്‍സ് പുറത്താകാതെ അടിച്ചുകൂട്ടിയ പ്രണവിനെ തേടി അഭിനന്ദന പ്രവാഹമായിരുന്നു. സചിന്‍ ടെണ്ടുല്‍കറും ഹര്‍ഭജന്‍സ ിങ്ങും ട്വിറ്ററിലൂടെയാണ് പ്രണവിനെ അഭിനന്ദിച്ചത്. നന്നായി കളിച്ചെന്നും കഠിനാധ്വാനത്തിലൂടെ ഉയരങ്ങള്‍ കീഴടക്കണമെന്നും സചിന്‍ തന്‍െറ പിന്‍ഗാമിയെ ഉപദേശിച്ചു. ഏത് തലത്തിലുള്ള ക്രിക്കറ്റാണെങ്കിലും സ്കോര്‍ അതിശയിപ്പിക്കുന്നതാണെന്ന് ഹര്‍ഭജന്‍ സിങ് പറഞ്ഞു. പുതിയ സചിന്‍ വരുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ആര്യ ഗോകുല്‍ സ്കൂളിനെതിരായ അണ്ടര്‍ 16 ഭണ്ഡാരി കപ്പ് ദ്വിദിന മത്സരത്തിന്‍െറ ആദ്യ ദിനം തന്നെ കെ.സി. ഗാന്ധി സ്കൂളിലെ പ്രണവെന്ന ഓപണിങ് ബാറ്റ്സ്മാന്‍ മുംബൈയില്‍ വന്‍ വാര്‍ത്തയായിരുന്നു. റിസ്വി സ്കൂളിലെ പൃഥി ഷായുടെ പേരിലുള്ള 546 എന്ന ഇന്ത്യന്‍ റെക്കോഡും 117 വര്‍ഷം മുമ്പ് ആര്‍തര്‍ കോളിന്‍ ബ്രിട്ടനില്‍ നേടിയ 628 നോട്ടൗട്ട് എന്ന ലോകറെക്കോഡും മറികടന്നാണ് ആദ്യ ദിനം ഈ താരം കല്യാണിലെ മൈതാനം വിട്ടത്. വമ്പനടിക്കാരനായ പ്രണവ് റെക്കോഡിനെ ഓര്‍ത്തല്ല കളിക്കാനിറങ്ങിയത്. അഞ്ചാം വയസ്സുമുതല്‍ ക്രിക്കറ്റിനെ നെഞ്ചോടുചേര്‍ത്ത പ്രണവിന്‍െറ പിതാവായ പ്രശാന്ത് ഓട്ടോ ഡ്രൈവറാണ്. 1983 എന്ന സൂപ്പര്‍ ഹിറ്റ് മലയാള ചിത്രത്തിലെ നായകനായ രമേശനെപ്പോലെ ക്രിക്കറ്റ് ഭ്രാന്തനാണ് പ്രശാന്ത്.
തിങ്കളാഴ്ച ഓട്ടോ ഓടിക്കുന്നതിനിടെയാണ് സ്കൂളിലെ അധ്യാപകരും കോച്ചുമാരും പ്രശാന്തിനെ ഫോണില്‍ വിളിച്ചു മൈതാനത്തേക്ക് വരുത്തുന്നത്. പിതാവ് എത്തുമ്പോള്‍ പ്രണവ് ട്രിപ്ള്‍ സെഞ്ച്വറി പിന്നിട്ടിരുന്നു. പിന്നീട് പ്രശാന്തിനെ സാക്ഷിയാക്കി റണ്‍സുകള്‍ ഒട്ടനവധി പിറന്നു. ഫോറും സിക്സും നാലുപാട് പറന്നു. എതിര്‍ ബൗളര്‍മാര്‍ക്ക് പന്തെറിഞ്ഞു കൈകുഴഞ്ഞു.300 പിന്നിട്ടപ്പോള്‍ ലോകറെക്കോഡിനെക്കുറിച്ചൊന്നും ഈ പത്താം ക്ളാസുകാരന്‍െറ മനസ്സിലുണ്ടായിരുന്നില്ല.
എന്നാല്‍, പൃഥി ഷായുടെ 546 റണ്‍സിന്‍െറ ഇന്ത്യന്‍ റെക്കോഡ് പ്രണവ് ഓര്‍ത്തിരുന്നു. പിന്നാലെ ലോകറെക്കോഡും പിറന്നു. ഇന്ത്യയുടെ അണ്ടര്‍ 19 താരമായ സര്‍ഫറാസ് ഖാന്‍ (439), അര്‍മാന്‍ ജാഫര്‍ (498) എന്നീ കുട്ടിക്രിക്കറ്റര്‍മാരുടെ റണ്‍വേട്ടയും പഴങ്കഥയായി. വിക്കറ്റ് കീപ്പറും ഓപണിങ് ബാറ്റ്സ്മാനുമായ പ്രണവ് ഇന്ത്യന്‍ ഏകദിന നായകന്‍ എം.എസ്. ധോണിയുടെ കടുത്ത ആരാധകനാണ്. കൂറ്റനടിയിലൂടെ റണ്‍സ് നേടുമെങ്കിലും എളുപ്പം പുറത്താകാനുള്ള പ്രവണത കാണിക്കാറുണ്ടായിരുന്നെന്ന് സ്കൂളിലെ കോച്ച് ഹരീഷ് ശര്‍മ പറയുന്നു.
40നും 50നും ഇടക്ക് റണ്‍സെടുത്തശേഷം പുറത്താകാറായിരുന്നു പതിവ്. 152 റണ്‍സായിരുന്നു ഉയര്‍ന്ന വ്യക്തിഗത സ്കോര്‍. മുഖ്യപരിശീലകനായ മോബിന്‍ ശൈഖിന്‍െറ കാരുണ്യമാണ് ഈ താരത്തിന്‍െറ ഉയര്‍ച്ചക്ക് പ്രധാന കാരണം. പണം വാങ്ങാതെയാണ് പ്രണവിനെ മോബിന്‍ പരിശീലിപ്പിക്കുന്നത്. മുംബൈയുടെ അണ്ടര്‍ 19 ടീമിലും രഞ്ജി ടീമിലും ഇടംനേടുകയാണ് അടുത്ത ലക്ഷ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.