ബാവുമ; ദക്ഷിണാഫ്രിക്കക്കായി സെഞ്ച്വറി നേടുന്ന ആദ്യ കറുത്ത വര്‍ഗക്കാരന്‍
text_fieldsകേപ്ടൗണ്‍: തെംബ ബാവുമ എന്ന അഞ്ചടി മൂന്നിഞ്ചുകാരനെ ഓര്‍ത്ത് അഭിമാനിക്കുകയാണ് ദക്ഷിണാഫ്രിക്കയും ക്രിക്കറ്റ് ലോകവും. വര്‍ണവിവേചനത്തിന്‍െറ ബൗണ്‍സറുകള്‍ നിറഞ്ഞ കാലത്തിനുശേഷം, ടെസ്റ്റ് ക്രിക്കറ്റില്‍ സെഞ്ച്വറി നേടുന്ന ആദ്യ കറുത്ത വര്‍ഗക്കാരനായ ദക്ഷിണാഫ്രിക്കന്‍ താരമെന്ന അനിഷേധ്യനേട്ടമാണ് ഈ 25കാരന്‍ കഴിഞ്ഞ ദിവസം സ്വന്തമാക്കിയത്. ടീമിലത്തെുന്ന കറുത്ത വര്‍ഗക്കാരനായ ആദ്യ ബാറ്റ്സ്മാന്‍കൂടിയാണ് ഈ താരം. ഇംഗ്ളണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 148 പന്തില്‍ 16 ഫോറടക്കം നേടിയാണ് ബാവുമ ചരിത്രമെഴുതിയത്. ഇംഗ്ളണ്ട് ഡിക്ളയര്‍ ചെയ്ത 629 റണ്‍സിനെതിരെ ദക്ഷിണാഫ്രിക്ക 627 റണ്‍സിന് ഒന്നാമിന്നിങ്സ് ഡിക്ളയര്‍ ചെയ്യുമ്പോള്‍ ക്രീസില്‍ ബാവുമയുമുണ്ടായിരുന്നു.
വര്‍ണവിവേചനവുമായി ബന്ധപ്പെട്ട വിലക്കിനുശേഷം 24 വര്‍ഷം മുമ്പ് ലോക ക്രിക്കറ്റിലേക്ക് വീണ്ടും പിച്ചവെച്ച ദക്ഷിണാഫ്രിക്കക്ക് അഭിമാനനിമിഷമാണിത്. ഏഴ് ടെസ്റ്റുകളില്‍നിന്ന് ഒരു അര്‍ധസെഞ്ച്വറി മാത്രം നേടിയിരുന്ന ഈ കുഞ്ഞന്‍താരം കേപ്ടൗണിലെ ബാറ്റിങ് പിച്ചില്‍ അവസരം മുതലെടുത്ത് മുന്നേറുകയായിരുന്നു. ക്യാപ്റ്റന്‍ ഹാഷിം ആംലയുടെ പതിവ് ക്ളാസിക് ബാറ്റിങ്ങിനൊപ്പം ബാവുമയുടെ അല്‍പം വേഗമേറിയ ബാറ്റിങ് കാണികള്‍ക്ക് വിരുന്നായി.
കളിച്ചുവളര്‍ന്ന കേപ്ടൗണില്‍ തന്നെയായിരുന്നു ബാവുമയുടെ ശതക അരങ്ങേറ്റം. കേപ്ടൗണ്‍ ടൈംസ് മുന്‍ ലേഖകനായ പിതാവ് വുയോയുടെ സാന്നിധ്യത്തിലായിരുന്നു ബാവുമയുടെ പ്രകടനം. കറുത്ത വര്‍ഗക്കാരായ കുട്ടികള്‍ക്ക് പ്രചോദനമേകുന്നതാകും തന്‍െറ കരിയറെന്ന് ബാവുമ പറഞ്ഞു. ഇംഗ്ളീഷ് ബൗളര്‍മാരുടെ സ്ളെഡ്ജിങ്ങും സെഞ്ച്വറിക്ക് ‘സഹായമായി’. ഏഴ് ടെസ്റ്റുകള്‍ മാത്രം കളിച്ച ബാവുമ കഴിഞ്ഞ ഓണക്കാലത്ത് വയനാട്ടിലെ മീനങ്ങാടി കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ എ-ദക്ഷിണാഫ്രിക്ക എ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തിനത്തെിയിരുന്നു. ആദ്യ മത്സരത്തില്‍ ഒന്നാമിന്നിങ്സില്‍ 66 റണ്‍സെടുത്ത് ശ്രദ്ധ നേടി. രണ്ടാമിന്നിങ്സില്‍ ബാറ്റിങ്ങിന് അവസരം കിട്ടിയിരുന്നില്ല. രണ്ടാം അനൗദ്യോഗിക ടെസ്റ്റില്‍ 17ഉം മൂന്നും റണ്‍സായിരുന്നു സമ്പാദ്യം. 2014ല്‍ വെസ്റ്റിന്‍ഡീസിനെതിരെ പോര്‍ട്ട് എലിസബത്തിലായിരുന്നു ടെസ്റ്റ് അരങ്ങേറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.