ആടിയുലഞ്ഞ് ധോണി യാത്ര
text_fieldsഅനായാസം ജയിക്കാവുന്ന കളിപോലും അവസാന ഓവറിന്‍െറ കൈ്ളമാക്സ് വരെ നീട്ടിയെടുത്ത് കാണികളെ ത്രസിപ്പിച്ചിരുന്ന പഴയ നായകനല്ല ഇപ്പോള്‍ മഹേന്ദ്ര സിങ് ധോണി. അവസാന പന്തില്‍ വേണമെങ്കില്‍ സിക്സറടിച്ച് കളി ജയിപ്പിക്കുമെന്ന ആ പഴയ ആത്മവിശ്വാസത്തിന്‍െറ പൊടിപോലും കാണാനില്ല. എങ്ങനെയെങ്കിലും കളിയൊന്ന് ജയിച്ചുകിട്ടിയാല്‍ മതിയെന്ന മട്ടില്‍ വട്ടം ചുറ്റുകയാണ് ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച നായകന്‍ എന്ന പേരുവീണ ധോണി. വാംഖഡെ സ്റ്റേഡിയത്തിന്‍െറ ആകാശത്തിലൂടെ ആള്‍ക്കൂട്ടത്തിനിടയിലേക്ക് പറന്നുവീഴുന്ന നുവാന്‍ കുലശേഖരയുടെ പന്തിലൂടെ ഇന്ത്യ കൊതിച്ച ലോകകപ്പ് നേടിക്കൊടുത്ത നാലു വര്‍ഷം മുമ്പത്തെ ധോണിയുടെ നിഴലുപോലും ഇന്ന് കളത്തിലില്ല. ആസ്ട്രേലിയയില്‍ അഞ്ച് ഏകദിനങ്ങളുടെ പരമ്പര കളിക്കാനിറങ്ങിയ ധോണിയും സംഘവും ആദ്യത്തെ മൂന്നു കളിയും തോറ്റ് ഇതിനകം പരമ്പര അടിയറവ് പറഞ്ഞുകഴിഞ്ഞു. പ്രതീക്ഷിക്കാന്‍ യാതൊന്നും ബാക്കിയില്ലാതെയാണ് നാലാം ഏകദിനത്തിന് കാന്‍ബറയില്‍ ഇന്ത്യ പന്തും ബാറ്റുമായിറങ്ങുന്നത്.
2015 ലോകകപ്പിനു ശേഷം ഇന്ത്യയുടെയും ധോണിയുടെയും സമയം നല്ലതല്ല. ലോക കപ്പിനു മുമ്പുതന്നെ ധോണി ടെസ്റ്റ് ടീം ക്യാപ്റ്റന്‍ പദവി നാടകീയമായി ഒഴിഞ്ഞിരുന്നു. ലോകകപ്പിലെ ആദ്യത്തെ ഏഴ് മല്‍സരങ്ങളും ജയിച്ച് കഴിഞ്ഞ മാര്‍ച്ച് 26ന് സിഡ്നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആസ്ട്രേലിയക്കെതിരെ സെമി ഫൈനല്‍ കളിക്കാനിറങ്ങിയ, അന്ന് പാളം തെറ്റിയ ടീം ഇനിയും തിരികെ കയറിയിട്ടില്ല. 1983ല്‍ ആദ്യമായി ലോകകപ്പ് നേടിയ കപില്‍ ദേവിന് 87ല്‍ ഇന്ത്യയില്‍ നടന്ന റിലയന്‍സ് ലോകകപ്പിന്‍െറ സെമി വരെ ടീമിനെ എത്തിക്കാനായതിന് സമാനമായിരുന്നു 2011ല്‍ കപ്പ് നേടിയ ധോണിയുടെയും അവസ്ഥ. ചാമ്പ്യന്മാര്‍ സെമിയില്‍ തോറ്റമ്പി. അതും 95 റണ്‍സിന്‍െറ വമ്പന്‍ മാര്‍ജിനില്‍. അപ്പോഴും ധോണിയെ കുറ്റപ്പെടുത്താനാവില്ലായിരുന്നു. ടീമിലെ ഓരോരുത്തരായി പുറത്താകുമ്പോഴും 65 പന്തില്‍ 65 റണ്‍സുമായി ടോപ് സ്കോററായി ഒരറ്റത്ത് ധോണിയുണ്ടായിരുന്നു. ഏഴാമനായി ധോണി പുറത്തായ ശേഷമാണ് ആസ്ട്രേലിയക്ക് ആശ്വസിക്കാനായത്. പിന്നെ എല്ലാം ചടങ്ങ് മാത്രമായിരുന്നു. രണ്ടു റണ്‍സുകൂടി ചേര്‍ക്കുന്നതിനിടയില്‍ മറ്റ് മൂന്നുപേരും പേരാട്ടമവസാനിപ്പിച്ചു.
അന്ന് സിഡ്നി മൈതാനത്തുനിന്നു തുടങ്ങിയ കഷ്ടകാലം ഇപ്പോഴും തുടരുന്നു. ലോക കപ്പിന് ശേഷം കളിച്ച 14 ഏകദിന മല്‍സരങ്ങളില്‍ എട്ടെണ്ണവും തോറ്റു. ബംഗ്ളാദേശിനെതിരെ അവരുടെ മണ്ണില്‍ നടന്ന ഏകദിന പരമ്പര 2-1ന് തോറ്റു. ദക്ഷിണാഫ്രിക്കക്കെതിരെ സ്വന്തം മണ്ണില്‍ നടന്ന പരമ്പര 3-2നും അടിയറ വെച്ചു. അതിനിടയില്‍ അജിന്‍ക്യ രഹാനെയുടെ നേതൃത്വത്തില്‍ രണ്ടാം നിര ടീം സിംബാബ്വേയില്‍ 3-0ന് പരമ്പര നേടിയതു മാത്രമായിരുന്നു ഏക നേട്ടം. അതേസമയം, ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യയില്‍ നടന്ന ടെസ്റ്റ് പരമ്പര വിരാട് കോഹ്ലിയുടെ നേതൃത്വത്തില്‍ ഇന്ത്യ നേടുകയും ചെയ്തിരുന്നു.
ആസ്ട്രേലിയക്കെതിരെ ആദ്യ മൂന്ന് ഏകദിനത്തിലും മുന്‍നിര കത്തിക്കയറിയപ്പോള്‍ അവസാന ഓവറുകളില്‍ പതിവുപോലെ റണ്‍ നിരക്ക് ഉയര്‍ത്താറുള്ള ധോണി ഇക്കുറി പരാജയമായിരുന്നു. 30 റണ്‍സെങ്കിലും അധികമായി നേടാവുന്ന സാഹചര്യങ്ങളെ ധോണിയുടെ ഫോമില്ലായ്മ തകര്‍ക്കുകയായിരുന്നു. ആദ്യ രണ്ട് കളിയിലും 300നു മുകളിലും മൂന്നാമത്തെ മത്സരത്തില്‍ 300ന് അടുത്തും സ്കോര്‍ ചെയ്തിട്ടും ആസ്ട്രേലിയയെ പിടിച്ചുനിര്‍ത്താന്‍ പോന്ന ബൗളിങ് കരുത്തില്ലായ്മയെ കുറ്റം പറഞ്ഞ് തടിതപ്പാനാണ് ധോണി ശ്രമിക്കുന്നത്. ഇഷ്ടക്കാരെ ആവോളം പരിഗണിച്ചും അല്ലാത്തവരെ തഴഞ്ഞും ധോണി സൃഷ്ടിച്ച പുതിയ കീഴ്വഴക്കമാണ് ടീമിന്‍െറ ആത്മവിശ്വാസം കെടുത്തിയതെന്ന് വിമര്‍ശകര്‍ പറയുന്നു.
തകര്‍ന്നുതുടങ്ങിയ കപ്പല്‍ ആത്മവിശ്വാസം നഷ്ടപ്പെട്ട കപ്പിത്താന്‍ കൊടുങ്കാറ്റില്‍ നയിക്കുന്നതിന് സമാനമായ ദുരന്ത യാത്രയിലൂടെയാണ് ഇന്ത്യന്‍ ടീം ഇപ്പോള്‍ കടന്നുപോകുന്നത്. അസാധ്യമായ മല്‍സരങ്ങളെപ്പോലും ആക്ഷന്‍ ത്രില്ലര്‍ സിനിമയുടെ കൈ്ളമാക്സ് പോലെ സ്വന്തം വരുതിയിലാക്കിയ ആ പഴയ ധോണി യുഗത്തിന് തിരശ്ശീല വീഴുകയാണോ എന്നുപോലും സന്ദേഹിക്കുന്നതിനിടയിലാണ് ബുധനാഴ്ച കാന്‍ബറയിലും ഇന്ത്യ തോൽവി ഏറ്റുവാങ്ങിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.