നാലാം ഏകദിനവും ഇന്ത്യ തോറ്റു
text_fieldsകാൻബറ: ഒരിക്കൽ കൂടി വിരാട് കോഹ്ലിയുടെ സെഞ്ച്വറി പാഴായി. കാൻബറയിൽ നടന്ന നാലാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി. 25 റൺസിനാണ് മഹേന്ദ്രസിങ് ധോണിയുടെ സംഘം കംഗാരുക്കളുടെ മുന്നിൽ വീണത്. ആദ്യം ബാറ്റ് ചെയ്ത ഒാസിസ് ഉയർത്തിയ 348 റൺസ് പിന്തുടർന്ന ഇന്ത്യക്ക് 323 റൺസെടുക്കാനേ സാധിച്ചുള്ളൂ.
അഞ്ച് വിക്കറ്റ് വീഴ്ത്തിയ കെയ്ൻ റിച്ചാർഡ്സണാണ് ഇന്ത്യൻ നിരയെ എറിഞ്ഞിട്ടത്. ജോൺ ഹാസ്റ്റിങ്ങ്സും മിച്ചൽ മാർഷും രണ്ട് വിക്കറ്റ് വീഴ്ത്തി. ആസ്ട്രേലിയ ഉയർത്തിയ വൻസ്കോറിന് മറുപടിയായി ഇന്ത്യൻ നിരയിൽ നിന്നും രണ്ട് പേർ സെഞ്ച്വറി നേടി. ഉപനായകൻ വിരാട് കോഹ്ലിയും (106), ശിഖർ ധവാനും (126). ഇത് രണ്ടാം തവണയാണ് കോഹ്ലിയുടെ സെഞ്ച്വറി തോൽവിയിൽ മുങ്ങിപ്പോവുന്നത്. ശിഖർ ധവാൻ രോഹിത് ശർമ്മക്കൊപ്പം (41) ചേർന്ന് മികച്ച രിതീയിൽ ഇന്ത്യൻ സ്കോർ മുമ്പോട്ട് കൊണ്ടുപോയിരുന്നു. പിന്നീട് വന്ന കോഹ്ലിക്കൊപ്പവും ധവാൻ നല്ല കൂട്ടുകെട്ട് പടുത്തുയർത്തി. ഇരുവരും ചേർന്ന സഖ്യം 29.3 ഒാവറിൽ 212 റൺസെടുത്തു. ഇവരുടെ സഖ്യം പിരിഞ്ഞതിന് ശേഷം ക്രീസിലെത്തിയവർക്ക് തിളങ്ങാനായില്ല. ക്യാപ്റ്റൻ ധോണി പൂജ്യനായാണ് മടങ്ങിയത്. ഗുർകീരത് സിങ് (5), രഹാനെ (2), ഋഷി ധവാൻ (9), ഭുവനേഷ്വർ കുമാർ (2), ഉമേഷ് യാദവ് (2), ഇഷാന്ത് ശർമ്മ (0) എന്നിവർ വന്ന പോലെ മടങ്ങുകയാരുന്നു. മുന്നേറ്റ നിര നൽകിയ മികച്ച തുടക്കം മധ്യനിര കളഞ്ഞ് കുളിക്കുകയായിരുന്നു.
നേരത്തേ ഓപണർമാരായ ആരോൺ ഫിഞ്ചും (107 പന്തിൽ 107) ഡേവിഡ് വാർണറും(93) നൽകിയ മികച്ച അടിത്തറയിലും പിന്നാലെ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തും(51) ഗ്ലെൻ മാക്സ് വെലും നൽകിയ വെടിക്കെട്ട് ബാറ്റിലുമാണ് ആസ്ട്രേലിയ മികച്ച സ്കോറിലെത്തിയത്. ഇന്ത്യക്കുവേണ്ടി ഇഷാന്ത് ശർമ നാലു വിക്കറ്റും ഉമേഷ് യാദവ് മൂന്നു വിക്കറ്റും നേടി. ടോസ് നേടിയ ഓസീസ് ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്ത് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യൻ ബൗളർമാർക്ക് ഒരു പഴുതും നൽകാതെയായിരുന്നു ഓസീസ് ബാറ്റ്സ്മാൻമാരുടെ പ്രകടനം. പക്വതയോടെയുള്ള ഇന്നിങ്സാണ് ഓസീസ് ഓപണർമാർ കാഴ്ചവെച്ചത്. രണ്ട് സിക്സറും ഒമ്പത് ഫോറുമടക്കമാണ് ഫിഞ്ച് 107 റൺസ് സ്വന്തമാക്കിയത്.
സ്റ്റീവൻ സ്മിത്തും മാക്സ് വെലും ആക്രമിച്ചാണ് കളിച്ചത്. സ്മിത്ത് 29 പന്തിലാണ് 51 റൺസ് നേടിയത്. മാക്സ് വെൽ 20 പന്തിലാണ് 41 റൺസ് നേടിയത്. 77 റൺസ് വഴങ്ങിയാണ് ഇഷാന്ത് നാല് വിക്കറ്റ് എടുത്തത്.
മൂന്നു മത്സരങ്ങളും തോറ്റ് ഇതിനകം തന്നെ പരമ്പര അടിയറവ് വെച്ച ഇന്ത്യ ആശ്വാസ ജയം തേടിയാണ് കളിക്കാനിറങ്ങിയത്. ബരിന്ദർ ശ്രാണിനെ പുറത്തിരുത്തി ഭുവനേശ്വർ കുമാർ ഇന്ത്യൻ നിരയിൽ മടങ്ങിയെത്തി. ആർ. അശ്വിനെ ടീമിൽ ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല. മറുവശത്ത് ഡേവിഡ് വാർണറും നഥാൻ ലിയോണും ഓസീസ് ടീമിൽ തിരിച്ചെത്തി. രണ്ടാമത്തെ കുഞ്ഞ് ജനിച്ചതിനെ തുടർന്ന് അവധിയിലായിരുന്നു വാർണർ. ഷോൺ മാർഷാണ് വാർണർ വന്നതോടെ അന്തിമ ഇലവനിൽ നിന്ന് പുറത്തായത്.
അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ഓസീസ് ജയിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.