ഇന്ത്യ-പാക് മത്സരം: സുരക്ഷ നൽകില്ലെന്ന് ഹിമാചൽ, രാഷ്ട്രീയം കളിക്കരുതെന്ന് ബി.സി.സി.ഐ
text_fieldsഷിംല: ക്രിക്കറ്റ് പ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ- പാക് ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം ഒഴിയുന്നില്ല. ട്വൻറി- 20 ലോകകപ്പിൽ കളിക്കാനായി എത്തുന്ന പാക് ടീമിന് സുരക്ഷ നൽകില്ലെന്ന് ഹിമാചൽ പ്രദേശ് സർക്കാർ വ്യക്തമാക്കി. മാർച്ച് 19ന് ധരംശാലയിൽ നടക്കുന്ന മത്സരത്തിന് സുരക്ഷ ഒരുക്കാനാവില്ലെന്ന് അറിയിച്ച് മുഖ്യമന്ത്രി വീർഭദ്ര സിങ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുതി.
എന്നാൽ ഹിമാചൽ മുഖ്യമന്ത്രിയുടെ തീരുമാനത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് ബി.സി.സി.ഐ സെക്രട്ടറി അനുരാഗ് താക്കൂർ രംഗത്തെത്തി. രാഷ്ടീയം ഒഴിവാക്കണമെന്ന് ബി.ജെ.പി എം.പി കൂടിയായ താക്കൂർ ആവശ്യപ്പെട്ടു. ഒരു വർഷം മുമ്പാണ് മത്സരവേദികൾ തീരുമാനിക്കപ്പെട്ടത്. കാണികൾക്ക് ടിക്കറ്റടക്കം വിറ്റഴിച്ച ഈ വേളയിൽ ഇത്തരം പ്രസ്താവനകൾ നിർത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ് നേതൃത്വത്തിലുള്ള ഹിമാചൽ സർക്കാർ രാഷ്ട്രീയം കളിക്കുകയാണ്. അസ്സമിൽ നടന്ന സാഫ് ഗെയിംസിന് നൂറു കണക്കിന് പാക് അത്ലറ്റുകൾക്ക് സുരക്ഷ ഒരുക്കാമെങ്കിൽ പിന്നെ എന്താണ് ഇവിടെ പ്രശ്നം?. ഇത് രാജ്യത്തിൻെറ അഭിമാന പ്രശ്നം കൂടിയാണ്. ഇക്കാര്യത്തിൽ രാഷ്ട്രീയം കളിക്കാതിരിക്കുക- അനുരാഗ് താക്കൂർ ആവശ്യപ്പെട്ടു.
ഒന്നുകിൽ മത്സരം നിർത്തിവെക്കണമെന്നും അല്ലെങ്കിൽ വേദി മാറ്റി വെക്കണമെന്നും ഹിമാചൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റി ബി.സി.സി.ഐയോട് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മത്സരം നടക്കുന്ന കാംഗ്ര ജില്ല, കാർഗിലടക്കമുള്ള യുദ്ധങ്ങളിൽ പങ്കെടുത്ത നിരവധി ഇന്ത്യൻ സൈനികരുടെ ജന്മനാടാണ്. പാകിസ്താൻ ടീം തങ്ങളുടെ നാട്ടിലെത്തുന്നത് കൊല്ലപ്പെട്ട സൈനികരുടെ ബന്ധുക്കളെ വേദനിപ്പിക്കുന്ന നടപടിയാണെന്നാണ് കോൺഗ്രസിൻെറ വാദം.
ശിവസേന അടക്കമുള്ള സംഘടനകളുടെ ഭീഷണിയുള്ളതിനാൽ സുരക്ഷയുടെ പേരിൽ ഇന്ത്യയിൽ കളിക്കാൻ പാക്ടീമിന് പാകിസ്താൻ സർക്കാർ ഇതുവരെ അനുമതി നൽകിയിരുന്നില്ല. തുടർന്ന് ഐ.സി.സിയുടെ ഇടപെടലോടെയാണ് പാകിസ്താൻ ഇന്ത്യയിലെത്താമെന്ന് തീരുമാനിച്ചത്. ഇതിനിടെയാണ് ഹിമാചൽ സർക്കാറിൻെറ പുതിയ തീരുമാനം വരുന്നത്. ഏഷ്യാകപ്പ് ക്രിക്കറ്റ് ടൂർണമെൻറിനായി ഇന്ത്യ,പാകിസ്താൻ ടീമുകൾ ഇപ്പോൾ ബംഗ്ലാദേശിലാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.