ഏഷ്യാ കപ്പ്: യു.എ.ഇക്കെതിരെ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം
text_fieldsധാക്ക: ഏഷ്യാ കപ്പ് ട്വൻറി20 ക്രിക്കറ്റിൽ പരിശീലന മത്സരമെന്ന് വിശേഷിപ്പിക്കപ്പെട്ട കളിയിൽ യു.എ.ഇക്കെതിരെ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത് യു.എ.ഇ ഉയർത്തിയ 82 റൺസ് വിജയലക്ഷ്യം ഇന്ത്യ 10.1 ഓവറിൽ മറികടന്നു. ടൂർണമെൻറിൽ ഇതിനകം തന്നെ ഇന്ത്യ ഫൈനലിൽ എത്തിയിട്ടുണ്ട്. തുടർച്ചയായി നാല് ജയം നേടിയാണ് ഞായറാഴ്ച ബംഗ്ലദേശിനെതിരെ ഇന്ത്യ ഫൈനൽ കളിക്കാൻ പോകുന്നത്. സ്കോർ: യു.എ.ഇ, 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 81. ഇന്ത്യ 10.1 ഓവറിൽ ഒരു വിക്കറ്റിന് 82
39 റൺസ് നേടിയ ഓപണർ രോഹിത് ശർമയാണ് ഇന്ത്യയുടെ ടോപ്സ്കോറർ. രോഹിത്തിനെ ടീം ടോട്ടൽ 43ൽ എത്തി നിൽക്കുമ്പോൾ ഖദീർ അഹ്മദാണ് പുറത്താക്കിയത്. യുവരാജ് സിങ്ങും (14 പന്തിൽ 25) ശിഖർ ധവാനും (20 പന്തിൽ 16) പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത യു.എ.ഇക്കുവേണ്ടി 43 റൺസെടുത്ത ഷൈമൻ അൻവറാണ് ടോപ്സ്കോറർ. ഷൈമനെ കൂടാതെ ഓപണർ രോഹൻ മുസ്തഫ (11) മാത്രമാണ് രണ്ടക്കം കടന്നത്. ഇന്ത്യക്കുവേണ്ടി പന്തെറിഞ്ഞ എല്ലാവർക്കും വിക്കറ്റ് ലഭിച്ചു.
ഭുവനേശ്വർ കുമാർ രണ്ട് വിക്കറ്റ് നേടിയപ്പോൾ ബുംറ, പാണ്ഡ്യ, ഹർഭജൻ, പവൻ നേഗി, യുവരാജ് എന്നിവർ ഓരോ വിക്കറ്റ് നേടി. ഇന്ത്യൻ ബൗളർമാരിൽ ആരും ഓവറിൽ ആറ് റൺസിന് മുകളിൽ വഴങ്ങിയില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.