ഏഷ്യാകപ്പ് ഫൈനൽ ഇന്ന്; ഇന്ത്യക്ക് മുൻതൂക്കം
text_fieldsധാക്ക: ബംഗ്ളാദേശിലെ ധാക്കയില്‍നിന്ന് കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലേക്ക് 250 കിലോമീറ്ററേ ദൂരമുള്ളൂ. പക്ഷേ, ക്രിക്കറ്റ് ലഹരിയില്‍ മുങ്ങിത്താണ രണ്ടു മണ്ണുകള്‍ തമ്മിലെ ദൂരമെത്രയെന്ന് ഇന്ത്യന്‍ ആരാധകരുടെ മനസ്സ് ഞായറാഴ്ചയേ തീരുമാനിക്കൂ. ഷേരെ ബംഗ്ളാ സ്റ്റേഡിയത്തില്‍ ഏഷ്യാകപ്പ് ട്വന്‍റി20 ക്രിക്കറ്റ് ഫൈനല്‍ പോരാട്ടത്തില്‍ ബംഗ്ളാദേശിനെ തോല്‍പിച്ച് ഇന്ത്യ വന്‍കരയുടെ കിരീടം ഒരിക്കല്‍കൂടി അണിഞ്ഞാല്‍ അത് നീലപ്പടക്ക് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലേക്കുള്ള എക്സ്ട്രാ എനര്‍ജിയാവും. മാര്‍ച്ച് എട്ടിന് ആരംഭിക്കുന്ന ട്വന്‍റി20 ലോകകപ്പിലെ കലാശപ്പോരാട്ടത്തിന് ഏപ്രില്‍ മൂന്നിന് കൊല്‍ക്കത്ത വേദിയാവുമ്പോള്‍ ധാക്കയില്‍ നേടുന്ന കിരീടവുമായി ഇന്ത്യ എത്തിയെങ്കിലേ ആരാധകര്‍ക്കും മതിയാവൂ. ധാക്കയിലേത്, ലോകകപ്പിന്‍െറ ഒരു സെമിഫൈനല്‍.
കുട്ടിക്രിക്കറ്റിന്‍െറ വമ്പന്‍ പൂരത്തിനുള്ള സാമ്പ്ള്‍ പോരാട്ടത്തിനാണ് ഞായറാഴ്ച ടോസ് വീഴുന്നത്. മൂന്നു പതിറ്റാണ്ട് പാരമ്പര്യമുള്ള ഏഷ്യാകപ്പില്‍ ഇതാദ്യമായി ട്വന്‍റി20 അരങ്ങേറിയപ്പോള്‍ ചരിത്രംകുറിക്കാനാണ് ബംഗ്ളാദേശിന്‍െറ തയാറെടുപ്പ്. 1984ല്‍ ആരംഭിച്ച ടൂര്‍ണമെന്‍റില്‍ ഇന്ത്യ അഞ്ചുതവണ ജേതാക്കളായിരുന്നു. ഏറ്റവുമൊടുവില്‍ 2010ല്‍. എന്നാല്‍, ഇതുവരെ ഫൈനല്‍ കളിച്ചില്ളെന്ന പേരുദോഷം മാറ്റി, ആദ്യാവസരംതന്നെ കിരീടനേട്ടത്തിന്‍െറ പകിട്ടുള്ളതാക്കാനാവും ബംഗ്ളാദേശിന്‍െറ ശ്രമം. ട്വന്‍റി20യില്‍ ഇന്ത്യതന്നെ കടലാസിലും കളത്തിലും പുലികള്‍. റാങ്കിങ്ങില്‍ ഒന്നാമന്മാരാണ് ധോണിപ്പട. ബംഗ്ളാദേശ് പത്താം സ്ഥാനത്തും. എന്നാല്‍, ഫുട്ബാള്‍ മാച്ചിന് സമാനമായ പവര്‍ഗെയിം പോരാട്ടത്തില്‍ റെക്കോഡുകളൊന്നും കളിയെ സ്വാധീനിക്കില്ളെന്നാണ് ചുരുങ്ങിയ നാളിലെ ചരിത്രം ബോധ്യപ്പെടുത്തുന്നത്.
ആത്മവിശ്വാസത്തോടെ ഇന്ത്യ
തുടര്‍ച്ചയായി നാലു ജയവുമായി ലോകകപ്പിന് പൂര്‍ണ സജ്ജമായാണ് ഇന്ത്യയുടെ വരവ്. ലീഗ് റൗണ്ടിലെ മത്സരത്തില്‍ ബംഗ്ളാദേശിനെതിരെ 45 റണ്‍സിനായിരുന്നു ഇന്ത്യയുടെ ജയം. പാകിസ്താനെയും ശ്രീലങ്കയെയും യു.എ.ഇയെയും മികച്ച മാര്‍ജിനില്‍തന്നെ കീഴടക്കിയവര്‍ ഒന്നാം സ്ഥാനക്കാരായാണ് ഫൈനലിലത്തെിയത്. പരിചയസമ്പന്നരും യുവനിരയും ഇടകലര്‍ന്ന സംഘത്തിന് വലിയ പരീക്ഷണമാവില്ല ഫൈനലിലെ ബംഗ്ളാദേശ് വെല്ലുവിളി. എങ്കിലും പാകിസ്താനെയും ശ്രീലങ്കയെയും തോല്‍പിച്ച കടുവകളെ ചെറുതായിക്കാണാനും ധോണി ഒരുക്കമല്ല.
ഇതുവരെയുള്ള പ്രകടനം ഇന്ത്യക്ക് ആത്മവിശ്വാസമുയര്‍ത്തുന്നതാണ്. വിരാട് കോഹ്ലി, രോഹിത് ശര്‍മ, സുരേഷ് റെയ്ന, യുവരാജ് സിങ് എന്നിവര്‍ നയിക്കുന്ന ബാറ്റിങ് നിരയുടെ സ്ഥിരതയാര്‍ന്ന പ്രകടനം. എം.എസ്. ധോണി, രവീന്ദ്ര ജദേജ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കൊന്നും കാര്യമായ വെല്ലുവിളി ഏറ്റെടുക്കേണ്ട ഘട്ടവും വന്നിട്ടില്ല. എന്നാല്‍, ഓപണര്‍ ശിഖര്‍ ധവാന്‍ വീണ്ടും വീണ്ടും നിരാശപ്പെടുത്തുന്നു. ബൗളിങ് വിഭാഗത്തില്‍ ആശിഷ് നെഹ്റ നയിക്കുന്ന ആക്രമണനിരയില്‍ ജസ്പ്രീത് ബുംറ, ഹാര്‍ദിക് പാണ്ഡ്യയും ബഹുകേമം. സ്പിന്‍ ബൗളിങ്ങില്‍ ആര്‍. അശ്വിന് പിന്തുണയേകാന്‍ യുവരാജ് സിങും രവീന്ദ്ര ജദേജയുമുള്ളപ്പോള്‍ ആ കാര്യത്തിലും ഭയപ്പെടേണ്ട. ധോണിയുടെ വാക്കില്‍ ‘എല്ലാം പൂര്‍ണമായ ബാലന്‍സ്ഡ് ടീം’.അഡ്ലെയ്ഡില്‍ ആരംഭിച്ച ട്വന്‍റി20 ജൈത്രയാത്രയില്‍ 10ല്‍ ഒമ്പതും ജയിച്ചാണ് ഇന്ത്യയുടെ നില്‍പ്. പക്ഷേ, 11ാം അങ്കം ടൂര്‍ണമെന്‍റ് ഫൈനലാണെന്ന് മാത്രമല്ല, എതിരാളിയുടെ മണ്ണാണെന്ന പ്രത്യേകതയുമുണ്ട്. 137 റണ്‍സെടുത്ത് ഇന്ത്യന്‍ ബാറ്റ്സ്മാന്മാരില്‍ ഒന്നാമതുള്ള രോഹിത് ശര്‍മയും ധവാനും തന്നെയാവും ഇന്നിങ്സ് ഓപണ്‍ ചെയ്യുക.
പരിക്കില്‍ ഭയന്ന്ബംഗ്ളാദേശ്
ഇന്ത്യയാണ് ഫേവറിറ്റെന്നാണ് ബംഗ്ളാ ക്യാപ്റ്റന്‍ മഷ്റഫെ മുര്‍തസയുടെ പക്ഷം. എന്നാല്‍, നാട്ടുകാരുടെ ആരവങ്ങള്‍ക്കുമുന്നില്‍ എതിരാളിയുടെ വലുപ്പംമറന്ന് പോരാടിനേടിയ വിജയങ്ങളാണ് കടുവകളുടെ വീര്യം. ലീഗ് റൗണ്ടില്‍ ഇന്ത്യയോടുമാത്രമേ തോല്‍വി വഴങ്ങിയിട്ടുള്ളൂ. പാകിസ്താനെയും ലങ്കയെയും തോല്‍പിച്ച ബംഗ്ളാദേശുകാര്‍ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ നെതര്‍ലന്‍ഡ്സിനെ നേരിടാനുള്ള ഊര്‍ജംതേടിയാവും വന്‍കരയുടെ കലാശപ്പോരിന് പാഡണിയുക.
എന്നാല്‍, രണ്ടു പരിക്കുകള്‍ ടീമിന് ചില്ലറയൊന്നുമല്ല തലവേദനയാവുന്നത്. മുസ്തഫിസുര്‍ റഹ്മാനു പിന്നാലെ, പരിചയ സമ്പന്നനായ വൈസ് ക്യാപ്റ്റന്‍ ഷാകിബുല്‍ ഹസനും പരിക്കേറ്റ് ബെഞ്ചിലേക്ക് മാറിയത് നിര്‍ണായകമത്സരത്തില്‍ ആതിഥേയര്‍ക്ക് തിരിച്ചടിയാവും. എങ്കിലും അലറിവിളിക്കുന്ന നാട്ടുകാര്‍ക്കിടയില്‍ ബംഗ്ളാദേശിന്‍െറ ആത്മവിശ്വാസത്തിന് ചോര്‍ച്ചയില്ല. സൗമ്യ സര്‍ക്കാര്‍, തമിം ഇഖ്ബാല്‍ ഓപണിങ് കൂട്ടിനുപിന്നാലെ, സാബിര്‍ റഹ്മാന്‍, മഹ്മൂദുല്ല, മഷ്റഫെ മുര്‍തസ എന്നിവരാണ് ബാറ്റിങ്ങില്‍ ടീമിന്‍െറ പ്രതീക്ഷ. ബൗളിങ്ങില്‍ തസ്കിന്‍ അഹമ്മദ്, അല്‍അമീന്‍ ഹുസൈന്‍, അറഫാത് സണ്ണി എന്നിവരുമുണ്ടാവും. ഭാഗ്യവും സാഹചര്യങ്ങളും ഒത്താല്‍ ഇന്ത്യയെ വെള്ളംകുടിപ്പിച്ച് കപ്പടിക്കാനുള്ള എല്ലാ കോപ്പും കടുവകളുടെ കൈയിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.