രോഹിത് 98*; സന്നാഹമത്സരത്തിൽ ഇന്ത്യക്ക് 45 റൺസ് ജയം
text_fieldsകൊല്‍ക്കത്ത: ട്വന്‍റി20 ലോകകപ്പ് ലക്ഷ്യമിട്ട് വെസ്റ്റിന്‍ഡീസിനെതിരെ ആദ്യ സന്നാഹമത്സരത്തിനിറങ്ങിയ ഇന്ത്യക്ക് 45 റൺസ് ജയം. രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്‍െറ പിന്‍ബലത്തിൽ ഇന്ത്യ നേടിയ 185 (20 ഓവറിൽ) റൺസ് വിൻഡീസിന് മറികടക്കാനായില്ല. വിൻഡീസ് 19.2 ഓവറിൽ 140 റൺസിന് പുറത്താവുകയായിരുന്നു. രോഹിത് ശർമ 57 പന്തിൽ 98 റൺസ് നേടി.
186 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ വിൻഡീസ് നിരയിൽ ആർക്കും കാര്യമായി സംഭാവന ചെയ്യാൻ സാധിച്ചില്ല. ടൂർണമെൻറിൽ വെടിക്കെട്ട് വിരുന്നൊരുക്കുമെന്ന പ്രവചിക്കപ്പെടുന്ന ക്രിസ് ഗെയിൽ 11 പന്തിൽ 20 റൺസെടുത്ത് പുറത്തായി. ജോണസൺ ചാൾസ് 18ഉം മൽലൺ സാമുവൽസ് 17ഉം ആന്ദ്രെ റസൽ 19ഉം റൺസെടുത്ത് പുറത്തായി. ഇന്ത്യൻ ബൗളിങ് നിരയിൽ ഏറെക്കാലത്തെ വിശ്രമത്തിന് ശേഷം മടങ്ങിയെത്തിയ മുഹമ്മദ് ഷമി രണ്ട് വിക്കറ്റ് വീഴ്ത്തി. ഓപണർ ജോൺസൻെറയും ആഷ് ലി നഴ്സിൻെറയും വിക്കറ്റാണ് ഷമി നേടിയത്. ജസ്പ്രീത് ബുംറ രണ്ട് ഓവറിൽ വെറും ആറ് റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്ത് മികച്ചുനിന്നു. പവൻ നേഗി, ജദേജ, പാണ്ഡ്യ എന്നിവരും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കുവേണ്ടി രോഹിത്തിൻെറ ബാറ്റിങ് ആഘോഷമായിരുന്നു. ഒമ്പത് ഫോറും ഏഴു സിക്സറുകളും അടങ്ങുന്നതായിരുന്നു രോഹിതിന്‍െറ ഇന്നിങ്സ്. യുവരാജ് സിങ് 20 പന്തില്‍ 31 റണ്‍സ് നേടിയപ്പോള്‍ ശിഖര്‍ ധവാന്‍ 21 റണ്‍സെടുത്തു.
അജിന്‍ക്യ രഹാനെയെ ടീമില്‍ ഉള്‍പ്പെടുത്തിയാണ് ക്യാപ്റ്റന്‍ ധോണി സന്നാഹമത്സരത്തിനിറങ്ങിയത്. സൂപ്പര്‍ താരം വിരാട് കോഹ്ലിക്ക് ക്യാപ്റ്റന്‍ വിശ്രമം അനുവദിച്ചു. ശരാശരി തുടക്കമായിരുന്നു ഇന്ത്യയുടേത്. 4.5 ഓവറില്‍ സ്കോര്‍ 32ല്‍ നില്‍ക്കെ 21 റണ്‍സെടുത്ത ശിഖര്‍ ധവാനെ സുലീമാന്‍ ബെന്‍ കുറ്റിതെറിപ്പിച്ചു.
മൂന്നാമനായി എത്തിയ രഹാനെ ശോഭിച്ചില്ല. 10 പന്തില്‍ ഏഴു റണ്‍സെടുത്ത രഹാനെ പുറത്താകുമ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 8.2 ഓവറില്‍ 56. പക്ഷേ, അപ്പോഴേക്കും സ്കോറിങ്ങിന്‍െറ കടിഞ്ഞാണ്‍ രോഹിത് ശര്‍മ ഏറ്റെടുത്തിരുന്നു. കൂട്ടിനത്തെിയ യുവരാജും നല്ല മൂഡിലായിരുന്നു. ഇരുവരും മധ്യ ഓവറുകളില്‍ ഇന്ത്യന്‍ സ്കോര്‍ കുത്തനെ ഉയര്‍ത്തി. യുവരാജിനെ സാക്ഷിയാക്കി രോഹിതിന്‍െറ ബാറ്റില്‍നിന്ന് റണ്ണൊഴുകി. ഇരുവരും 7.4 ഓവറില്‍ 90 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് പിരിഞ്ഞത്. യുവരാജിനെ പുറത്താക്കി കാര്‍ലോസ് ബ്രാത്വെയ്റ്റാണ് സഖ്യം പൊളിച്ചത്.
ജദേജ (10), പവന്‍ നേഗി (8) എന്നിവര്‍ പെട്ടെന്ന് പുറത്തായി. സ്ട്രൈക് ലഭിക്കാതായതോടെ രോഹിതിന് അര്‍ഹിച്ച സെഞ്ച്വറി നഷ്ടമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.