ജയിച്ചേ തീരൂ
text_fieldsബംഗളൂരു: ന്യൂസിലന്‍ഡിനോടേറ്റ തോല്‍വിക്ക് ശേഷം വമ്പന്‍ ജയത്തിന് കോപ്പുകൂട്ടി കങ്കാരുക്കള്‍ ഇന്നിറങ്ങുന്നു. സൂപ്പര്‍ ടെന്‍ ഗ്രൂപ് രണ്ടില്‍ ബംഗ്ളാദേശിനെതിരെയാണ് ആസ്ട്രേലിയയുടെ രണ്ടാം മത്സരം. ചിന്നസ്വാമി സ്റ്റേഡിയത്തിലെ പോരാട്ടം ബംഗ്ളാദേശിനും നിര്‍ണായകമാണ്. കന്നിയങ്കത്തില്‍ പാകിസ്താനോട് തോറ്റ ബംഗ്ളാ ടീമിനും ടൂര്‍ണമെന്‍റില്‍നിന്ന് പുറത്താകാതിരിക്കണമെങ്കില്‍ ജയം അനിവാര്യമാണ്. ധര്‍മശാലയില്‍ കിവീസിനെതിരെ ഓസിസ് ഓപണര്‍മാരായ ഉസ്മാന്‍ ഖ്വാജയും ഷെയ്ന്‍ വാട്സനും മികച്ച തുടക്കം നല്‍കിയിരുന്നു. എന്നാല്‍, ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനും വമ്പനടിക്കാരന്‍ ഡേവിഡ് വാര്‍ണര്‍ക്കും ആദ്യമത്സരം ഓര്‍ക്കാന്‍ ഏറെയൊന്നും സമ്മാനിച്ചിരുന്നില്ല. 143 റണ്‍സ് എന്ന സ്കോര്‍ പിന്തുടരാനാവാതെ എട്ട് റണ്‍സിനാണ് ന്യൂസിലന്‍ഡിനോട് ആസ്ട്രേലിയ തോറ്റത്. ഗ്ളെന്‍ മാക്സ്വെല്ലും കൂടി ഫോമിലേക്കുയര്‍ന്നാല്‍ ഓസിസിന് കൂറ്റന്‍ സ്കോര്‍ സ്വന്തമാക്കാം. ബൗളിങ്ങില്‍ നഥാന്‍ കൗള്‍ട്ടര്‍ നൈലിനൊപ്പം ജെയിംസ് ഫോക്നറും വാട്സനും ആഷ്ടന്‍ ആഗറുമടക്കം നിരവധി പേരെ പരീക്ഷിക്കാനുണ്ട്. ആരോണ്‍ ഫിഞ്ച് തിരിച്ചുവരാനുമിടയുണ്ട്.സംശയകരമായ ബൗളിങ് ആക്ഷന്‍െറ പേരില്‍ വിലക്ക് കിട്ടിയ പേസര്‍ ടസ്കീന്‍ അഹമ്മദും സ്പിന്നര്‍ അരാഫത്ത് സണ്ണിയും ടീമിലില്ലാത്തത് ബംഗ്ളാദേശ് നായകന്‍ മഷ്റഫെ മുര്‍തസക്ക് തലവേദനയാകും.
ബാറ്റിങ്ങില്‍ ഓപണര്‍മാരായ തമീം ഇഖ്ബാലും സൗമ്യ സര്‍ക്കാറും ഓള്‍റൗണ്ടര്‍ ഷക്കീബുല്‍ ഹസനുമാണ് പ്രതീക്ഷ. വിക്കറ്റ് കീപ്പര്‍-ബാറ്റ്സ്മാന്‍ മുഷ്ഫിഖ്വര്‍ റഹീം ഫോമിലേക്ക് തിരിച്ചുവന്നാല്‍ ബംഗ്ളാകടുവകളുടെ സ്കോര്‍ ഉയരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.