കോഹ്ലിയും ധോണിയും കാത്തു; ഒാസീസിനെ വീഴ്ത്തി ഇന്ത്യ സെമിയിൽ
text_fieldsമൊഹാലി: ക്യാപ്റ്റൻ ധോണിയും വൈസ് ക്യാപ്റ്റൻ വിരാട് കോഹ്ലിയും ഒരിക്കൽ കൂടി രക്ഷക വേഷമണിഞ്ഞപ്പോൾ ഒാസിസിനെ തോൽപിച്ച് ഇന്ത്യ ട്വൻറി 20 ലോകകപ്പ് സെമിയിലെത്തി. ഗ്രൂപ് ‘ബി’യിലെ അവസാന പോരാട്ടത്തില്‍ ആസ്ട്രേലിയ ഉയർത്തിയ 161 വിജയ ലക്ഷ്യം അഞ്ച് പന്ത് ബാക്കി നിൽക്കെ ഇന്ത്യ മറികടക്കുകയായിരുന്നു.
51 പന്തിൽ നിന്നും 82 റൺസെടുത്ത വിരാട് കോഹ്ലിയാണ് ഇന്ത്യൻ വിജയത്തിൽ നിർണായക ശക്തിയായത്. ഒമ്പത് ഫോറും രണ്ട് സിക്സും അടങ്ങുന്നതായിരുന്നു കോഹ്ലിയുടെ ഇന്നിങ്സ്. ഒരു ഘട്ടത്തിൽ സമ്മർദത്തിലായ ഇന്ത്യ ക്യാപ്റ്റൻ ധോണി(18) ക്രീസിലെത്തിയതോടെ വിജയത്തിലേക്ക് ബാറ്റേന്തുകയായിരുന്നു. ധോണി - കോഹ്ലി സഖ്യം നിർണായകമായ റൺസാണ് ചേർത്തത്. ആസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ തുടർച്ചയായ ആറാം ട്വൻറി ജയമാണിത്. രോഹിത് ശർമ്മ(12), ശിഖർ ധവാൻ(13), റെയ്ന (10) എന്നിവർക്ക് കഴിഞ്ഞ മത്സരത്തിൽ നിന്നും വലിയ മാറ്റമൊന്നുമുണ്ടായിരുന്നില്ല. യുവരാജ് സിങ് നിർണായകമായ 21 റൺസെടുത്തു. വെസ്റ്റിൻഡീസാണ് സെമിയിൽ ഇന്ത്യയുടെ എതിരാളികൾ
നേരത്തേ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഒാസീസിനായി ആരോൺ ഫിഞ്ച് (43), ഗ്ലെൻ മാക്സ് വെൽ(31), ഉസ്മാൻ ഖാജ(26) എന്നിവരാണ് തിളങ്ങിയത്. 34 പന്തിൽ നിന്നും രണ്ട് സിക്സും മൂന്ന് ഫോറും അടങ്ങുന്നതായിരുന്നു ഫിഞ്ചിൻെറ ഇന്നിങ്സ്. ഹർദിക് പാണ്ഡ്യ ഇന്ത്യക്കായി രണ്ട് വിക്കറ്റ് വീഴ്ത്തി.
ഗ്രൂപ്പില്‍ അപരാജിതരായി ന്യൂസിലന്‍ഡ് അവസാന നാലിലേക്ക് അനായാസം ചുവടുവെക്കുകയും അയല്‍ക്കാരായ പാകിസ്താനും ബംഗ്ളാദേശും പുറത്താവുകയും ചെയ്തതോടെ അക്ഷരാര്‍ഥത്തില്‍ ക്വാര്‍ട്ടര്‍ പോരാട്ടമാണ് മൊഹാലിയിൽ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.