ന്യൂസിലന്‍ഡ്; ദൗര്‍ഭാഗ്യങ്ങളുടെ തോഴര്‍
text_fieldsന്യുഡൽഹി: കഴിഞ്ഞ വര്‍ഷം ആസ്ട്രേലിയന്‍ ഭൂഖണ്ഡത്തില്‍ നടന്ന ലോകകപ്പില്‍ ഒറ്റ കളിപോലും തോല്‍ക്കാതെ ന്യൂസിലന്‍ഡ് നേരെ വന്ന് പരാജയം വാങ്ങിയത് ഫൈനലില്‍ ആസ്ട്രേലിയക്കെതിരെയായിരുന്നു. ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്ക കഴിഞ്ഞാല്‍ ദൗര്‍ഭാഗ്യങ്ങളുടെ തോഴര്‍ ന്യൂസിലന്‍ഡുതന്നെയെന്ന് ഒരിക്കൽ കൂടി തെളിഞ്ഞു. അതിനുമുമ്പ് 1992ല്‍ സ്വന്തം നാട്ടില്‍ അരങ്ങേറിയ ലോക കപ്പിലായിരുന്നു ന്യൂസിലന്‍ഡ് തകര്‍ത്താടിയത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ പാകിസ്താനോട് മാത്രം തോല്‍വി വഴങ്ങിയപ്പോള്‍ സെമിഫൈനലിന്‍െറ മുന്നോടിയാണെന്ന് ആരും പ്രതീക്ഷിച്ചില്ല. സെമിയില്‍ പാകിസ്താനോട് തോല്‍വി ആവര്‍ത്തിച്ചപ്പോള്‍ ഫൈനലില്‍ കടന്ന പാകിസ്താന്‍ ഇംഗ്ളണ്ടിനെ വീഴ്ത്തി കപ്പുംകൊണ്ടുപോയി.
ആദ്യമായി ഏകദിന ലോകകപ്പ് ഫൈനലില്‍ കടന്നിട്ടും തോറ്റമ്പിയതിന്‍െറ സങ്കടം തീര്‍ക്കാന്‍ വില്യംസണും കൂട്ടര്‍ക്കും മുന്നില്‍ ഇതിനെക്കാള്‍ മികച്ചൊരു അവസരം ഇനി കിട്ടില്ല. അത്ര മികച്ച രീതിയിലാണ് ന്യൂസിലന്‍ഡ് സെമി വരെ എത്തിയത്. ഇന്ത്യയിലെ സാഹചര്യത്തോട് ഇന്ത്യന്‍ ടീമിനെക്കാള്‍ ഇണങ്ങിച്ചേരാന്‍ കഴിഞ്ഞതാണ് ന്യൂസിലന്‍ഡിന്‍െറ അജയ്യമായ മുന്നേറ്റത്തിന് കാരണം. അവരുടെ ഏറ്റവും മികച്ച ബൗളര്‍മാരായ ടിം സൗത്തിയും ട്രെന്‍റ് ബോള്‍ട്ടും ടീമിലുണ്ടായിട്ടും ഇതുവരെ ഒരൊറ്റ പന്തുപോലും എറിഞ്ഞിട്ടില്ല. ഫാസ്റ്റ് ബൗളര്‍മാര്‍ക്ക് വലിയ പിന്തുണ ലഭിക്കാത്ത പിച്ചുകള്‍ മുന്നില്‍കണ്ട് സ്പെഷലിസ്റ്റ് സ്പിന്നര്‍മാരായ നഥാന്‍ മക്കല്ലത്തെയും ഇഷ് സോധിയെയും മിച്ചല്‍ സാന്‍റ്നറെയും കളത്തിലിറക്കിയ ന്യൂസിലന്‍ഡ് ഓരോ കളിയിലും വ്യത്യസ്തമായ സാഹചര്യത്തെ സമര്‍ഥമായാണ് നേരിട്ടത്. നാഗ്പുരില്‍ ഇന്ത്യക്കനുകൂലമായി ഒരുക്കിയ സ്പിന്‍ ചതിക്കുഴിയില്‍ ഇന്ത്യ ഇറക്കിയ അതേ നമ്പര്‍ തിരിച്ചിറക്കി വിജയം പിടിച്ചുവാങ്ങുകയായിരുന്നു അവര്‍. കറങ്ങിത്തിരിയുന്ന പന്തില്‍ അശ്വിനെ ആദ്യ ഓവര്‍ എറിയാന്‍ ധോണി ഏല്‍പിച്ചപ്പോള്‍ വില്യംസണ്‍ വിളിച്ചത് നഥാന്‍ മക്കല്ലത്തെയായിരുന്നു. 126 റണ്‍സില്‍ ന്യൂസിലന്‍ഡിനെ ഇന്ത്യ ഒതുക്കിയിട്ടും സാന്‍റ്നര്‍ - സോധി -മക്കല്ലം കൂട്ടുകെട്ടിന്‍െറ കുത്തിത്തിരിപ്പില്‍ ഇന്ത്യ തകര്‍ന്നടിഞ്ഞു. 47 റണ്‍സിന്‍െറ അനായാസ ജയം. ആസ്ട്രേലിയയോട് മാത്രമാണ് അവര്‍ നേരിയ മാര്‍ജിനില്‍ ജയിച്ചത്. എട്ട് റണ്‍സിന്. പാകിസ്താനെ 22 റണ്‍സിനും ബംഗ്ളാദേശിനെ 75 റണ്‍സിനും കെട്ടുകെട്ടിച്ച് രണ്ടാം ഗ്രൂപ്പില്‍ ഒന്നാമതത്തെിയാണ് ന്യൂസിലന്‍ഡ് സെമിയില്‍ ഇറങ്ങുന്നത്.എല്ലാ കളിയിലും ആദ്യം ബാറ്റു ചെയ്യാന്‍ അവസരം കിട്ടിയ ന്യൂസിലന്‍ഡ് ആരാധകര്‍ പ്രതീക്ഷയോടെ നോക്കുന്നത് ട്വന്‍റി20 ലോക കപ്പിന്‍െറ ചരിത്രമായിരുന്നു. ഒന്നില്‍ കൂടുതല്‍ തവണ ഇതുവരെ ആരും ചാമ്പ്യന്മാരായിട്ടില്ല എന്നതാണ് അവരെ മോഹിപ്പിച്ചത്. എന്നാൽ ഇംഗ്ലണ്ട് ആ പ്രതീക്ഷകളെയെല്ലാം തല്ലിക്കെടുത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.