ഗെയില്‍ or കോഹ്ലി..?
text_fieldsമുംബൈ: വാംഖഡെയില്‍ വ്യാഴാഴ്ച ഏറ്റവും ടെന്‍ഷന്‍ അനുഭവപ്പെടുക കളത്തിലായിരിക്കില്ല. അതിനു പുറത്തായിരിക്കും. തന്‍െറ പ്രിയപ്പെട്ട രണ്ടു കളിക്കാര്‍ എതിരാളികളായി കൊമ്പുകോര്‍ക്കുമ്പോള്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന കണ്‍ഫ്യൂഷന്‍ സാക്ഷാല്‍ അമിതാഭ് ബച്ചനെ അസ്വസ്ഥനാക്കാതിരിക്കില്ല. ഒരുവശത്ത് വിരാട് കോഹ്ലി, മറുവശത്ത് ക്രിസ് ഗെയില്‍.പക്ഷേ, ട്വന്‍റി20 ലോകകപ്പിന്‍െറ രണ്ടാം സെമിഫൈനലില്‍ ഇന്ത്യയും വെസ്റ്റിന്‍ഡീസും ഏറ്റുമുട്ടുമ്പോള്‍ ബിഗ് ബി പോലും ആഗ്രഹിക്കുക ക്രിസ് ഗെയില്‍ എത്രയുംവേഗം പുറത്താകണേ എന്നായിരിക്കും. ആസ്ട്രേലിയക്കെതിരെ പുറത്തെടുത്ത മാരക ഫോമില്‍ വിരാട് കോഹ്ലി ഒരിക്കല്‍കൂടി കത്തിക്കയറണേ എന്നായിരിക്കും.
ഈ ലോകകപ്പ് തുടങ്ങുന്നതിനുമുമ്പാണ് ക്രിസ് ഗെയില്‍ ക്രിക്കറ്റ് ബാറ്റില്‍ കൈയൊപ്പ് ചാര്‍ത്തി തന്‍െറ പ്രിയ താരമായ അമിതാഭ് ബച്ചന് സമ്മാനിച്ചത്. മികച്ച നടനുള്ള ദേശീയ പുരസ്കാരം ഒരിക്കല്‍കൂടി നേടി തിളങ്ങിനില്‍ക്കുന്ന ബച്ചനെ കഴിഞ്ഞദിവസം ഗെയില്‍ സന്ദര്‍ശിച്ചിരുന്നു. എന്നാലും ആ ഗെയില്‍ എത്രയും വേഗം പുറത്താകുന്നത് കാണാനായിരിക്കും ബച്ചന്‍ ആഗ്രഹിക്കുക. അതുതന്നെയായിരിക്കും 125 കോടി ഇന്ത്യക്കാരും ആഗ്രഹിക്കുക.
എത്ര വലിയ സ്കോര്‍ നേടിയാലും ഫോമിലേക്കുയര്‍ന്നാല്‍ അത് പുഷ്പംപോലെ പിന്തുടരാന്‍ കെല്‍പുള്ള രണ്ടു ബാറ്റ്സ്മാന്മാരാണ് കോഹ്ലിയും ഗെയിലും. രണ്ടുപേര്‍ക്കും നന്നായി അറിയുകയും ചെയ്യും. ഐ.പി.എല്ലില്‍ ബാംഗ്ളൂര്‍ റോയല്‍ ചാലഞ്ചേഴ്സിനുവേണ്ടി കോഹ്ലിക്കുകീഴില്‍ ക്രിസ് ഗെയില്‍ ആളിക്കത്തിയത് പലതവണ കണ്ടതുമാണ്.
ഏപ്രില്‍ മൂന്നിന് കൊല്‍ക്കത്തയില്‍ നടക്കുന്ന ഫൈനലില്‍ ഇടംപിടിക്കണമെങ്കില്‍ രണ്ടു ടീമിനും ഇവരുടെ ഫോം നിര്‍ണായകമാണ്. പക്ഷേ, കടലാസിലെങ്കിലും മുന്‍തൂക്കം ആതിഥേയരായ ഇന്ത്യക്കുതന്നെ.രണ്ടാംവട്ടം ലോകകപ്പ് നേടിയ അതേ മൈതാനത്താണ് ഇന്ത്യ ട്വന്‍റി20 ലോക കപ്പില്‍ ഒരിക്കല്‍കൂടി മുത്തമിടാന്‍ കച്ചമുറുക്കിയിറങ്ങുന്നത്. 2011ല്‍ നുവാന്‍ കുലശേഖരയെ ലോങ് ഓണ്‍ ബൗണ്ടറിയില്‍ സിക്സര്‍ തൂക്കി കപ്പ് കൈയടക്കിയ അതേ ഓര്‍മകളുമായിട്ടായിരിക്കും ഇന്ത്യ വെസ്റ്റിന്‍ഡീസിനെ നേരിടാന്‍ വാംഖഡെയില്‍ ടോസിനിറങ്ങുക.
അതിനിടയില്‍ കഴിഞ്ഞ ലോകകപ്പിലും ആസ്ട്രേലിയക്കെതിരായ കഴിഞ്ഞ കളിയിലും ഇന്ത്യക്ക് കരുത്തായിരുന്ന യുവരാജ് സിങ് കളിക്കാനിറങ്ങില്ളെന്നത് ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ്. കണങ്കാലിന് പരിക്കേറ്റിട്ടും ആസ്ട്രേലിയക്കെതിരായ മത്സരത്തില്‍ ക്രീസില്‍ ഉറച്ചുനിന്ന് 18 പന്തില്‍ യുവരാജ് നേടിയ 21 റണ്‍സാണ് വിരാട് കോഹ്ലിക്ക് ഉറച്ച പിന്തുണയായതും ഇന്ത്യന്‍ വിജയത്തിന് അടിത്തറയിട്ടതും. മാത്രമല്ല, ബൗള്‍ ചെയ്ത ആദ്യ പന്തില്‍തന്നെ അപകടകാരിയായ ഓസീസ് ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്തിനെ പുറത്താക്കുകയും ചെയ്തു.
യുവരാജിന് പകരം മനീഷ് പാണ്ഡെയായിരിക്കും കളിക്കാനിറങ്ങുക. ഇതുവരെയും പെരുമക്കൊത്ത നിലവാരത്തിലേക്കുയരാത്ത ഓപണിങ്ങാണ് ഇന്ത്യക്ക് ഇപ്പോഴും തലവേദന. രോഹിത് ശര്‍മയും ധവാനും ഇതുവരെ ഉത്തരവാദിത്തത്തോടെ കളിച്ചിട്ടില്ല. മിക്കപ്പോഴും മികച്ച തുടക്കത്തിനുശേഷം അനാവശ്യ ഷോട്ടുകളിലൂടെ വിക്കറ്റ് വലിച്ചെറിയുകയായിരുന്നു. ഒറ്റക്ക് കളി ജയിപ്പിക്കാന്‍ പ്രാപ്തനായ രോഹിത് ഫോമായാല്‍ മധ്യനിരയില്‍ കോഹ്ലിക്കും റെയ്നക്കും വാലറ്റത്ത് ധോണിക്കും സമ്മര്‍ദങ്ങളില്ലാതെ കളിക്കാനാകും. ഏകദിനത്തില്‍ രണ്ടു ഇരട്ട സെഞ്ച്വറി നേടിയ ഏക കളിക്കാരനായ രോഹിതിനെ ഭയക്കാത്ത എതിര്‍നിരയില്ല. പക്ഷേ, നാലു കളികളില്‍നിന്ന് ഇതുവരെ നേടിയതാകട്ടെ വെറും 45 റണ്‍സ്. ധവാനാകട്ടെ നാലു കളിയില്‍നിന്ന് സമ്പാദിച്ചത് 43 റണ്‍സ്.
ബൗളിങ്ങില്‍ വെറ്ററന്‍ താരം ആശിഷ് നെഹ്റയുടെ പരിചയസമ്പത്താണ് ഇതുവരെ ഇന്ത്യക്ക് തുണയായത്. അശ്വിനും വേണ്ടത്ര നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ല. രവീന്ദ്ര ജദേജ, ഹര്‍ദിക് പാണ്ഡ്യ എന്നിവര്‍ കളി തിരിക്കാന്‍ കെല്‍പുറ്റ ഓള്‍ റൗണ്ടര്‍മാര്‍. പോരാത്തതിന് വിക്കറ്റിന് പിന്നിലും നായകനായും ധോണിയുടെ മികവ്. ഫൈനലിലത്തൊന്‍ ഇതുതന്നെ ഇന്ത്യക്ക് ധാരാളം.
പക്ഷേ, മറുവശത്ത് വെസ്റ്റിന്‍ഡീസാണ്. ട്വന്‍റി20ക്കു വേണ്ടി വാര്‍ത്തെടുത്തതെന്ന് തോന്നിപ്പിക്കുന്ന ടീമാണ് അവരുടേത്. ഇന്ത്യയുടെ എല്ലാ പ്രകടനത്തിനും പകരംവെക്കാനാവും ക്രിസ് ഗെയില്‍ ഫോമായാല്‍. റണ്‍സ് നേടാന്‍ ബാറ്റ്സ്മാന്മാര്‍ പെടാപ്പാട് പെടുന്ന ഈ ടൂര്‍ണമെന്‍റില്‍ ഇതുവരെ പിറന്ന ഏക സെഞ്ച്വറിയുടെ ഉടമയാണ് ഗെയില്‍. തുടക്കത്തിലേ ഗെയ്ലിനെ വീഴ്ത്താനായാല്‍ കളിയുടെ ഗതി തിരിയും.
പരിക്കേറ്റ ആന്ദ്രെ ഫ്ളെച്ചര്‍ക്കു പകരം ലെന്‍ഡല്‍ സിമ്മണ്‍സിനെ വിന്‍ഡീസ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മര്‍ലോണ്‍ സാമുവല്‍സ്, ആന്ദ്രെ റസല്‍, ഡൈ്വന്‍ ബ്രാവോ എന്നിവരുടെ പ്രകടനത്തിലാണ് ക്യാപ്റ്റന്‍ ഡാരന്‍ സമിയുടെ പ്രതീക്ഷകള്‍. രണ്ടാമത് ബാറ്റിങ് ദുഷ്കരമാകുന്ന വാംഖഡെയില്‍ ടോസ് അതീവ നിര്‍ണായകമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.