ശുദ്ധ അസംബന്ധം; ഐ.സി.സി റാങ്കിങ്ങിനെ കുറ്റപ്പെടുത്തി മൈക്കൽ വോൺ
text_fieldsമെൽബൺ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ ടെസ്റ്റ് റാങ്കിങ്ങിനെ കുറ്റപ്പെടുത്തി ഇംഗ്ലണ്ടിന്‍റെ മുൻ ക്യാപ്റ്റൻ മൈക്കൽ വോൺ. റാങ്കിങ്ങിൽ രണ്ടും നാലും സ്ഥാനത്തുള്ള ന്യൂസിലാൻഡും ഇംഗ്ലണ്ടും ഇതിനൊത്ത പ്രകടനം കാഴ്ചവെച്ചില്ലെന്ന് വോൺ പറയുന്നു. ശുദ്ധ അസംബന്ധമെന്നാണ് റാങ്കിങ്ങിനെ വോൺ വിശേഷിച്ചത്.
ന്യൂസിലാൻഡും ഇംഗ്ലണ്ടും റാങ്കിങ്ങിനെ ന്യായീകരിക്കുന്ന പ്രകടനം കാഴ്ചവെച്ചിട്ടില്ല. ഇംഗ്ലണ്ട് സ്വദേശത്തെ മത്സരങ്ങൾ ജയിക്കുന്നുണ്ട്. ആഷസ് പരമ്പര സമനിലയിലായി. പിന്നീട് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത് അയർലണ്ടിനെ മാത്രമാണ്. വിദേശ മത്സരങ്ങളിൽ ഇംഗ്ലണ്ട് കിതക്കുകയാണെന്നും വോൺ പറഞ്ഞു.
റാങ്കിങ് അൽപം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതാണ്. തന്‍റെ അഭിപ്രായത്തിൽ ന്യൂസിലാൻഡ് ലോക ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച രണ്ടാമത്തെ ടീം അല്ല. ഓസ്ട്രേലിയയാണ് അതിലും മികച്ച പ്രകടനം കാഴ്ചവെക്കുന്നത്.
ഇന്ത്യയും ഓസ്ട്രേലിയയുമാണ് ഏറ്റവും മികച്ച ടീമുകളെന്ന കാര്യത്തിൽ സംശയമില്ല. ഓസ്ട്രേലിയയിൽ കളിച്ച് അവരെ മുട്ടുകുത്തിക്കാൻ ഇന്ത്യക്ക് മാത്രമേ കഴിയൂവെന്നും വോൺ പറഞ്ഞു. 2003 മുതൽ 2008 വരെ ഇംഗ്ലണ്ട് ടെസ്റ്റ് ടീമിന്‍റെ ക്യാപ്റ്റനായിരുന്നു വോൺ.
ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങിൽ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. മൂന്നാം സ്ഥാനത്ത് ദക്ഷിണാഫ്രിക്കയും അഞ്ചാം സ്ഥാനത്ത് ഓസ്ട്രേലിയയുമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.