ഇന്ത്യൻ ബൗളിങ് ആക്രമണത്തിൽ വീണു; പാകിസ്താന് എട്ടു വിക്കറ്റ് തോൽവി
text_fieldsദുബൈ: ഭൂഖണ്ഡം കാത്തിരുന്ന അയൽക്കാരുടെ ആവേശപ്പോരിൽ ഇന്ത്യൻ വിജയഗാഥ. ഭുവനേശ്വർ കുമാറും കേദാർ ജാദവും പന്തുകൊണ്ടും അതിവേഗ അർധസെഞ്ചുറിയുമായി രോഹിതും കളംനിറഞ്ഞ ഏഷ്യാകപ്പ് ക്രിക്കറ്റിലെ ഗ്രൂപ് എ മത്സരത്തിൽ പാകിസ്താനെ എട്ട് വിക്കറ്റിനാണ് ഇന്ത്യ വീഴ്ത്തിയത്. സ്കോർ പാകിസ്താൻ 43.1 ഒാവറിൽ 162 റൺസ്. ഇന്ത്യ 29 ഒാവറിൽ രണ്ടു വിക്കറ്റിന് 164.
ശരാശരി സ്കോർ പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ ഒാപണർമാർ അനായാസമാണ് ബാറ്റുവീശിയത്. മുഹമ്മദ് ആമിർ നയിച്ച പാക് ബൗളിങ്ങിനെ തെല്ലും കൂസാതെ പന്ത് തലങ്ങും വിലങ്ങും പായിച്ച് അതിവേഗം അർധസെഞ്ചുറി തികച്ച് ക്യാപ്റ്റൻ രോഹിത് ശർമയും ഉറച്ച പിന്തുണയുമായി ശിഖർ ധവാനും കളംനിറഞ്ഞപ്പോൾ ഇന്ത്യൻ വിജയത്തിന് അതിവേഗമായി. ശദാബിെൻറ ഗൂഗ്ളിയിൽ ആദ്യം രോഹിതും തൊട്ടുപിറകെ ഫഹീം അഷ്റഫിെൻറ പന്തിൽ 46 റൺസുമായി ധവാനും വീണെങ്കിലും തുടർന്നുവന്ന അംബാട്ടി റായ്ഡുവും മുരളി കാർത്തികും ഇന്ത്യയെ കരക്കെത്തിച്ചു. റായ്ഡുവും കാർത്തികും 31 വീതം റൺസുമെടുത്തു.
നേരത്തേ, പ്രമുഖർക്ക് വിശ്രമംനൽകി ദുർബലരായ ഹോേങ്കാങ്ങിനെതിരെ അങ്കം ജയിച്ച ആത്മവിശ്വാസവുമായാണ് പാകിസ്താനെതിരെ ഇന്ത്യ ‘അയൽപക്ക യുദ്ധ’ത്തിന് ദുബൈ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇറങ്ങിയത്. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത പാകിസ്താന് പക്ഷേ, ചുവടുറപ്പിക്കും മുമ്പ് ആദ്യമുനയൊടിഞ്ഞു. സ്കോർ ബോർഡിൽ മൂന്ന് റൺസ് ചേർക്കുേമ്പാഴേക്ക് ഒാപണിങ് ബാറ്റ്സ്മാന്മാരായ ഇമാമുൽ ഹഖിനെയും ഫഖർ സമാനെയും ഭുവനേശ്വർ കുമാർ മടക്കി. പിന്നീട് വന്ന ബാബർ അഅ്സമും ക്യാപ്റ്റൻ ശുെഎബ് മാലികും പിടിച്ചുനിന്നതോടെ പാക് ഇന്നിങ്സിന് വീണ്ടും ജീവൻ വെച്ചുതുടങ്ങി. ബൗളർമാർ മാറിമാറി എത്തിയിട്ടും അനായാസം സ്കോർബോർഡ് മുന്നോട്ടുനീങ്ങുന്നതിനിടെ 22ാം ഒാവറിൽ ബാബർ വീണു. കുൽദീപ് യാദവിെൻറ മൂർച്ചയേറിയ പന്തിൽ ബൗൾഡായ ബാബർ 62 പന്തിൽ 47 റൺസും ശുെഎബ് മാലികുമൊത്ത് 82 റൺസിെൻറ മോശമല്ലാത്ത കൂട്ടുകെട്ടും തീർത്തായിരുന്നു കൂടാരം കയറിയത്.
വീണ്ടും അപകടം മണത്ത പാക് ബാറ്റിങ്ങിെൻറ ഒരുവശത്ത് ശുെഎബ് മാലിക് നങ്കൂരമിെട്ടങ്കിലും പിന്നീടുവന്ന മൂന്നുപേരും രണ്ടക്കം കാണാതെ പവലിയനിൽ തിരിച്ചെത്തി. ബൗണ്ടറി ലൈനിൽ ഉജ്ജ്വല ക്യാച്ചുമായി മനീഷ് പാണ്ഡെ സർഫറാസിനെ മടക്കിയപ്പോൾ, കൃത്യത കാത്ത സ്റ്റംപിങ്ങുമായി ഷദാബ് ഖാനെയും ക്യാച്ചെടുത്ത് ആസിഫ് അലിയെയും ധോണിയും മടക്കി. ദൗത്യം പാതിവഴിയിൽ നിർത്തി മുൻനിര മടങ്ങിയ പാക് ബാറ്റിങ്ങിനെ കരപിടിക്കാൻ സഹായിക്കുന്നതിൽ വാലറ്റം പരാജയമായത് ഇന്നിങ്സ് എളുപ്പം അവസാനിപ്പിച്ചു. മധ്യനിരയെ കറക്കിവീഴ്ത്തിയ േകദാർ ജാദവും മികച്ച പ്രകടനവുമായി കൂട്ടുനിന്ന ഭുവി, ബുംറ, കുൽദീപ് തുടങ്ങിയവരും ഇന്ത്യൻ ബൗളിങ്ങിെൻറ തിരിച്ചുവരവിെൻറ ആഘോഷവുമായി.
മനീഷ് പാണ്ഡ്യ മാജിക്
ബൗളിങ്ങിനിടെ നടുവിന് പരിക്കേറ്റ് മടങ്ങിയ ഹാർദികിെൻറ പകരക്കാരനായി മൈതാനത്തെത്തിയ മനീഷ് പാണ്ഡെ ബൗണ്ടറി ലൈനിൽ എടുത്ത മാജിക് ക്യാച്ചായിരുന്നു ബുധനാഴ്ച ദുബൈയുടെ ഹൃദയം കവർന്നത്. അതിർത്തികടക്കുമെന്നുറപ്പിച്ച സർഫറാസിെൻറ നെടുനീളൻ ഷോട്ട് ചാടിപ്പിടിച്ച മനീഷ് നിയന്ത്രണം വിട്ട് ബൗണ്ടറി കടക്കുംമുമ്പ് പന്ത് മാനത്തേക്കെറിഞ്ഞും തിരിച്ചെത്തി ക്യാച്ച് പൂർത്തീകരിച്ചുമായിരുന്നു കാണികളെ ആവേശത്തിലാഴ്ത്തിയത്. തെന്നി വീണു പരിക്കേറ്റ ഹാർദികിനെ തൊട്ടുമുമ്പ് സ്ട്രച്ചറിലാണ് മൈതാനത്തുനിന്ന് കൊണ്ടുപോയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.