ആദ്യ ടെസ്റ്റ് നാടകീയം; കങ്കാരുക്കൾക്ക് ജയത്തോളം പോന്ന സമനില
text_fieldsദുബൈ: അവസാന പന്തു വരെ ഉദ്വേഗം നിറഞ്ഞ മത്സരത്തിൽ അപാരമായ പോരാട്ടവീര്യം പുറത്തെടുത്ത ആസ്ട്രേലിയ പാകിസ്താനെതിരായ ആദ്യ ടെസ്റ്റിൽ സമനില സ്വന്തമാക്കി. പരാജയത്തിെൻറ വക്കിൽ അവസാന ദിനം ബാറ്റിങ് തുടങ്ങിയ കങ്കാരുക്കൾ പേസും സ്പിന്നും സമ്മേളിച്ച പാക് ബൗളിങ്ങിനെ പല്ലും നഖവും ഉപയോഗിച്ച് ചെറുത്തുനിന്നപ്പോൾ വിജയത്തോളം പോന്ന സമനിലയാണ് ടീം പൈനിനെയും സംഘത്തെയും തേടിയെത്തിയത്. വീരോചിത സെഞ്ച്വറിയുമായി പാക് വംശജനായ ഒാപണർ ഉസ്മാൻ ഖ്വാജയും (141) നായകെൻറ കളിയുമായി പൈനും (61 നോട്ടൗട്ട്) പാക് പാളയത്തിലേക്ക് പട നയിച്ചപ്പോൾ അവസാനഘട്ടത്തിൽ തുടരെ വിക്കറ്റ് വീഴ്ത്തിയ യാസർ ഷാക്കും (114ന് നാല്) ടീമിനെ ജയത്തിലെത്തിക്കാനായില്ല.സ്കോർ: പാകിസ്താൻ 482, 181/6 ഡിക്ല. ആസ്ട്രേലിയ: 202, 362/8.
462 എന്ന കൂറ്റൻ വിജയലക്ഷ്യം തേടിയിറങ്ങിയ ഒാസീസ് മൂന്നാം ദിനം കളിയവസാനിപ്പിച്ചത് മൂന്നിന് 136 എന്ന നിലയിലാണ്. ഏഴു വിക്കറ്റ് ശേഷിക്കെ ജയിക്കാൻ 327 റൺസ് കൂടി തേടിയിറങ്ങിയ ആസ്ട്രേലിയ ഏഴാം ടെസ്റ്റ് സെഞ്ച്വറി കുറിച്ച ഖ്വാജയുടെ നേതൃത്വത്തിലാണ് ചെറുത്തുനിന്നത്. നാലാം വിക്കറ്റിന് ട്രാവിസ് ഹെഡിന് (72) ഒപ്പം 132 റൺസും ആറാം വിക്കറ്റിന് പൈനിനൊപ്പം 79ഉം റൺസും കൂട്ടിച്ചേർത്ത ഖ്വാജ അചഞ്ചലമായ മനഃസാന്നിധ്യത്തോടെയാണ് ബാറ്റുവീശിയത്. പലതവണ ടീമിൽനിന്ന് പുറത്താവാൻ കാരണമായ സ്പിന്നിനെ കളിക്കുേമ്പാഴുള്ള പതർച്ച പഴങ്കഥയാക്കിയ ഖ്വാജ ഒടുവിൽ യാസിർ ഷായുടെ ലെഗ് സ്പിന്നിനു മുന്നിൽ വീണെങ്കിലും അപ്പോഴേക്കും ടീമിനെ ഏറക്കുറെ സമനിലയുടെ കരക്കടുപ്പിച്ചിരുന്നു. 302 പന്തിൽ 11 ബൗണ്ടറി പായിച്ച ഖ്വാജ 524 മിനിറ്റാണ് ക്രീസിൽ തുടർന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.