ഒാസീസ് x ഇന്ത്യ പരമ്പര ബുധനാഴ്ച മുതൽ
text_fieldsസിഡ്നി: നെറ്റ്സിൽ ബാറ്റും പന്തുംകൊണ്ട് പരിശീലിക്കുന്നതിലേറെ മാധ്യമങ്ങൾക്കു മുന്നിൽ പറഞ്ഞു ജയിച്ചാണ് ഇന്ത്യയും ആസ്ട്രേലിയയും കാലങ്ങളായി ഒാരോ പരമ്പരക്കും പാഡുകെട്ടിയിറങ്ങിയത്. ഗ്രൗണ്ടിൽ പറഞ്ഞുതീർത്തതു മുതൽ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ ഇടപെട്ട് അച്ചടക്കം നടപ്പാക്കിയതുൾപ്പെടെ അത്തരം കേസുകെട്ടുകൾ ഇരുവർക്കുമിടയിൽ നിരവധി. സചിനും മക്ഗ്രാത്തും തമ്മിലും സൈമണ്ട്സും ഹർഭജനും തമ്മിലും തുടങ്ങി പാർഥിവ് പേട്ടൽ-സ്റ്റീവ് വോ പോരുവരെ ക്രിക്കറ്റ് ആരാധകർക്ക് ഒരിക്കലും മറക്കാനാകാത്ത എണ്ണമറ്റ സംഭവങ്ങൾ... ഇത്തവണ സമാനമായൊരു മാമാങ്കത്തിന് ആസ്ട്രേലിയൻ കളിമുറ്റങ്ങളുണരുേമ്പാൾ പക്ഷേ, പതിവ് വാക്പോരുകൾ കാണാനേയില്ല. ഭീഷണികളും ബഹളങ്ങളുമില്ല. പകരം, പ്രകോപിപ്പിക്കാനില്ലെന്ന പ്രതികരണവുമായി ടീം ആസ്ട്രേലിയ എല്ലാം മറക്കാനൊരുങ്ങുന്നത് എന്തുകൊണ്ടാവും. പഴയ പടക്കുതിരകൾ അരങ്ങൊഴിഞ്ഞതോടെ കങ്കാരുപ്പട ‘നല്ല കുട്ടികളാ’യി മാറിയതാകുമോ?
ചരിത്രത്തിലിന്നോളം ആസ്ട്രേലിയയിൽ ചെന്ന് ഒരു പരമ്പര ഇന്ത്യ ജയിച്ചിട്ടില്ല. 2003-04ൽ 1-1ന് സമനില പിടിച്ചതാണ് പറയാവുന്ന വലിയ നേട്ടം. െഎ.സി.സി റാങ്കിങ്ങിൽ ഒന്നാമന്മാരാണെങ്കിലും വിദേശ മണ്ണിൽ പതിവു പോലെ, സമീപകാലത്തും ഇന്ത്യയുടെ റെക്കോഡ് അത്ര ശുഭകരമല്ല. കരുത്തരായ ദക്ഷിണാഫ്രിക്കയോടും ഇംഗ്ലണ്ടിനോടും തോൽവി അറിഞ്ഞിട്ട് ഏറെയായിട്ടില്ല. എന്നിട്ടും, പക്ഷേ, ആസ്ട്രേലിയ ഇന്ത്യയെ ഇപ്പോൾ ശരിക്കും ഭയക്കുന്നു. കോഹ്ലിയുടെ സംഘത്തെ പ്രകോപിപ്പിക്കേണ്ടെന്നും പകരം നിശ്ശബ്ദമായി വേണ്ടത് നടപ്പാക്കുകയാണ് നല്ലതെന്നും ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡു പ്ലസിസ് ഒാസീസ് ടീമിനെ ഉപദേശിച്ചതിൽ ആതിഥേയരുടെ ഗതികേടിെൻറ നേർച്ചിത്രമുണ്ട്.
ചുരണ്ടൽ വിവാദത്തിൽ കുടുങ്ങി നായകനും സഹനായകനും രാജിവെക്കുകയും ടീമിെൻറ ആത്മവിശ്വാസം ഉലഞ്ഞുപോകുകയും ചെയ്തതിനു മുമ്പുതന്നെ ആസ്ട്രേലിയ സമീപകാല ചരിത്രത്തിലെ വൻവീഴ്ചയുടെ മുനമ്പിലായിരുന്നു. വിവാദംകൂടിയായതോടെ, കൊടുങ്കാറ്റിൽപെട്ട പായ്ക്കപ്പലായി അലഞ്ഞ ടീം പിന്നെയും പിന്നെയും തോൽവികളേറ്റുവാങ്ങി. ഇൗ വർഷം ടീം കളിച്ച 12 ഏകദിനങ്ങളിൽ രണ്ടിലൊഴികെ എല്ലാം തോറ്റു. കരുത്തരോടും ദുർബലരോടുമെന്നില്ല, ആർക്കുമുന്നിലും അടിയറവു പറയുന്നവരായി മാറി.
ഇതിനു പിന്നാലെയാണ് ഇൗ വർഷത്തെ അവസാന പരമ്പരയായി ഇന്ത്യയുമായി കളി വരുന്നത്. ആസ്ട്രേലിയ പ്രകോപിപ്പിച്ചാൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്ന് കോഹ്ലി പറഞ്ഞിട്ടുപോലും ഇതുവരെ പ്രതികരണമുണ്ടായിട്ടില്ല. എന്നല്ല, ഇത്തവണ ഇന്ത്യക്ക് എല്ലാം അനായാസമാകുമെന്നാണ് മുൻ ഒാസീസ് താരം ഷെയ്ൻ വോൺ പറയുന്നത്. മൂന്ന് വീതം ട്വൻറി20യും ഏകദിനവും, നാല് ടെസ്റ്റും ഉൾപ്പെടുന്ന പരമ്പര ബുധനാഴ്ച ആരംഭിക്കും. ബ്രിസ്ബേനിലാണ് പരമ്പരയിലെ ആദ്യ ട്വൻറി20.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.