കുൽദീപ് യാദവിന് അരങ്ങേറ്റ മത്സരത്തിൽ നാലു വിക്കറ്റ്; ആസ്ട്രേലിയ 300ന് പുറത്ത്
text_fieldsധർമശാല: രവീന്ദ്ര ജദേജയെയും ആർ. അശ്വിനെയും ഉൗണും ഉറക്കവുമൊഴിച്ച് മനഃപാഠമാക്കിയാണ് ആസ്ട്രേലിയ ഫൈനൽ ടെസ്റ്റ് പരീക്ഷക്ക് ധർമശാലയിലേക്ക് പാഡണിഞ്ഞിറങ്ങിയത്. പക്ഷേ, ഇന്ത്യ നൽകിയ ചോദ്യക്കടലാസ് കണ്ട് അവർ ഞെട്ടി. സിലബസിനു പുറത്തുനിന്ന് കടന്നുകൂടിയ കുൽദീപ് യാദവെന്ന മാരകായുധത്തിനു മുന്നിൽ മനക്കണക്കുകളെല്ലാം പിഴച്ചു. കാരണം, കോച്ച് ലെഹ്മാനും സ്പിൻ ആശാൻ എസ്. ശ്രീറാമും നൽകിയ വിദഗ്ധ പരിശീലനത്തിൽ കൈക്കുഴ കറക്കി യാദവ് എറിയുന്ന ഗൂഗ്ലികളെക്കുറിച്ച് ഒന്നും പഠിപ്പിച്ചിരുന്നില്ല. ഫലമോ, നാലു ടെസ്റ്റുകളങ്ങിയ പരമ്പരയിലെ അവസാന അങ്കത്തിെൻറ ഒന്നാം ഇന്നിങ്സിൽ ആസ്ട്രേലിയ 300ന് പുറത്ത്. ഇന്ത്യൻ കുപ്പായത്തിൽ അരങ്ങേറ്റത്തിനിറങ്ങിയ കുൽദീപ് യാദവ് നാലു വിക്കറ്റുകൾ പിഴുതെറിഞ്ഞ് തുടക്കം ഗംഭീരമാക്കിയപ്പോൾ ഇന്ത്യക്കായി ആദ്യ ദിനത്തിലെ മേധാവിത്വം. മൂന്നാം ടെസ്റ്റിലും സെഞ്ച്വറി നേടിയ ഒാസീസ് ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് (111) വേനലിലും വാടാത്ത വന്മരമായി നിലയുറച്ചു. അർധസെഞ്ച്വറി പ്രകടനവുമായി ഡേവിഡ് വാർണറും (56) മാത്യു വെയ്ഡും (57) ക്യാപ്റ്റന് ഉറച്ച പിന്തുണയും നൽകി. മറുപടി ഇന്നിങ്സ് ആരംഭിച്ചെങ്കിലും ഒരു ഒാവർ ബാറ്റുചെയ്ത ഇന്ത്യ റൺസൊന്നുമെടുത്തിട്ടില്ല. ലോകേഷ് രാഹുലും മുരളി വിജയുമാണ് ഇന്നിങ്സ് ഒാപൺ ചെയ്തത്.
ധർമശാലയിലെ സർപ്രൈസ്
ക്യാപ്റ്റൻ കോഹ്ലിക്ക് പകരം ശ്രേയസ് അയ്യർ, ഇശാന്ത് ശർമക്കു പകരം മുഹമ്മദ് ഷമി. ശനിയാഴ്ച പ്ലെയിങ് ഇലവൻ പട്ടികയിൽ കോച്ച് അനിൽ കുംബ്ലെ ഒപ്പിടുംവരെ ഇതൊക്കെയായിരുന്നു പറഞ്ഞുകേട്ടത്. എന്നാൽ, കോച്ച് ഒപ്പുവെച്ച പട്ടിക കണ്ടവർ സർപ്രൈസടിച്ചു. കോഹ്ലിക്കു പകരം കുൽദീപ് യാദവ് എന്ന ഇടൈങ്കയൻ സ്പിന്നർ. ഇശാന്തിനു പകരം മറ്റൊരു പേസ് ബൗളർ ഭുവനേശ്വർ കുമാർ. ആർ. അശ്വിൻ, രവീന്ദ്ര ജദേജ, കുൽദീപ് ^മൂന്ന് സ്പിന്നർമാർ. ഉമേഷും ഭുവനേശ്വറുമായി രണ്ടു പേസർമാർ. അഞ്ചു സ്പെഷലിസ്റ്റ് ബൗളർമാരുമായി നിർണായക മത്സരം കളിക്കാനിറങ്ങിയ ആതിഥേയരുടെ തീരുമാനം ഒരു ചൂതാട്ടം തന്നെയായിരുന്നു. കഴിഞ്ഞ വർഷം കൊളംബോയിൽ കളിക്കാനെത്തിയ ആസ്ട്രേലിയക്കെതിരെ ശ്രീലങ്ക പ്രയോഗിച്ച തന്ത്രം മനസ്സിൽ കണ്ടാവാം കുംബ്ലെ കുൽദീപിനെ വിളിച്ചത്. കഴിഞ്ഞ ജൂൈലയിൽ പല്ലേക്കലെയിലെ മത്സരത്തിൽ ലക്ഷൻ സന്ദകൻ എന്ന ‘ഇടൈങ്കയൻ റിസ്റ്റ് സ്പിന്നറെ’ അരങ്ങേറ്റത്തിനിറക്കിയായിരുന്നു അന്ന് ലങ്ക ഒാസീസിനെ ഞെട്ടിച്ചത്. ലക്ഷൻ അരങ്ങേറ്റത്തിൽ നാലു വിക്കറ്റും വീഴ്ത്തി.പേസിനെയും ബൗൺസിനെയും തുണക്കുന്ന പിച്ചിൽ ലൈനും ലെങ്തും നിലനിർത്തിയ കുൽദീപ് ഇടത്തും വലത്തും മാറിമാറി പന്ത് ടേൺചെയ്യിച്ച് ഒാസീസ് നിരയെ പൂട്ടിക്കെട്ടി. ശക്തമായ പിന്തുണയുമായി ഉമേഷ് യാദവും രവീന്ദ്ര ജദേജയും അശ്വിനും അണിനിരന്നതോടെ ഉച്ചക്കു ശേഷമുള്ള സെഷനിൽ കളി ഇന്ത്യ തീരുമാനിച്ച പോലെയായി.
അജയ്യൻ സ്മിത്ത്
പരമ്പരയിൽ മൂന്നാമതും ടോസ് ജയിച്ച ആസ്ട്രേലിയൻ ക്യാപ്റ്റന് ബാറ്റിങ് തെരഞ്ഞെടുക്കാൻ സാവകാശംപോലും വേണ്ടിവന്നില്ല. കളിമുറുകുേമ്പാൾ പിച്ചിെൻറ സ്വഭാവും മാറുമെന്നതുതന്നെ കാരണം. പക്ഷേ, ഒാപണർമാരായെത്തിയ വാർണറും^റെൻഷോയും തുടക്കത്തിലേ പതറിപ്പോയി. ഭുവനേശ്വർ എറിഞ്ഞ ആദ്യ ഒാവറിൽ കുത്തിപ്പൊങ്ങിയ പന്തിനൊപ്പം വാർണറും കൂടാരംകയറേണ്ടതായിരുന്നു. പക്ഷേ, കരുൺ നായരുടെ കൈയിൽനിന്ന് പന്ത് വഴുതിപ്പോയി. അടുത്ത ഒാവറിൽ ഉമേഷിെൻറ പന്തിൽ റെൻഷോ (1) ക്ലീൻബൗൾഡായതോടെ ആ കടംവീട്ടി. വിക്കറ്റ് വീഴ്ച ആഘോഷിക്കാനൊരുങ്ങിയ ഇന്ത്യയുടെ നെഞ്ചിലേക്കായിരുന്നു രണ്ടാം വിക്കറ്റിൽ വാർണറും സ്മിത്തും േചർന്ന് പ്രതിരോധ മതിൽ പണിതത്. ദൈർഘ്യമേറിയ സെഷനിൽ ഇരുവരും പാറപോലെ ഉറച്ചപ്പോൾ റാഞ്ചിയിലെ റൺമലതന്നെ ഒാസീസ് സ്വപ്നം കണ്ടു. കൂട്ടുകെട്ട് പിളർത്താൻ ബൗളർമാരെയെല്ലാം മാറിമാറി പരീക്ഷിക്കുന്ന തിരക്കിലായിരുന്നു ക്യാപ്റ്റൻ രഹാനെ. ഫീൽഡിങ് വരിഞ്ഞുമുറുക്കുകയും ചെയ്തിട്ടും ഉച്ച പിരിയുംവരെ വിക്കറ്റ് വീണില്ല (ഒന്നിന് 131). രണ്ടാം സെഷൻ ആരംഭിച്ച്, മൂന്നാം ഒാവറിൽ കുൽദീപിെൻറ വരവ് ഫലംകണ്ടു. ഒാഫ്സ്റ്റംപിന് മുന്നിൽ കുത്തി ഉയർന്ന പന്ത് ബാറ്റിലുരുമ്മി സ്ലിപ്പിൽ രഹാനെയുടെ കൈകളിൽ. 22കാരൻ കുൽദീപിെൻറ ടെസ്റ്റ് കരിയറിലെ ആദ്യ വിക്കറ്റ്.
പിന്നെ കണ്ടത് കൂട്ടപ്പൊഴിച്ചിലായിരുന്നു. മാർഷിനെ (4) ഉമേഷും ഹാൻഡ്സ്കോമ്പ് (8), മാക്സ്വെൽ (8) എന്നിവരെ കുൽദീപും മടക്കി. ഇതിനിടെ, സ്മിത്ത് കരിയറിലെ 20ാം സെഞ്ച്വറി സ്വന്തമാക്കി. ആറാം വിക്കറ്റിലെത്തിയ മാക്സ്വെൽ മാത്രമാണ് വാലറ്റത്ത് അൽപമെങ്കിലും ചെറുത്തുനിന്നത്. ഭുവനേശ്വറും അശ്വിനും ജദേജയും ഒാരോ വിക്കറ്റ് വീതം വീഴ്ത്തി. ഉമേഷ് രണ്ടു വിക്കറ്റ് വീഴ്ത്തി. രണ്ടാം ദിനത്തിൽ പിച്ച് കൂടുതൽ ബൗൺസിന് വഴങ്ങുേമ്പാൾ കരുതലോടെയാവും ഇന്ത്യൻ ബാറ്റിങ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.