ഒാസീസ് തകർന്നടിഞ്ഞു; 60 റൺസിനിടെ വീണത് 10 വിക്കറ്റ്
text_fieldsദുബൈ: അരങ്ങേറ്റക്കാരൻ ബിലാൽ ആസിഫ് ആറു വിക്കറ്റുമായി കൊടുങ്കാറ്റായതോടെ ആസ്ട്രേലിയക്കെതിരായ ഒന്നാം ടെസ്റ്റിൽ പാകിസ്താന് മേൽക്കൈ. പാകിസ്താെൻറ 482 റൺസ് ഒന്നാം ഇന്നിങ്സ് സ്കോർ പിന്തുടരാനിറങ്ങിയ കങ്കാരുപ്പട 202 റൺസിന് പുറത്തായി. 21.3 ഒാവറിൽ 36 റൺസ് മാത്രം വഴങ്ങി ആറു വമ്പന്മാരെ വീഴ്ത്തിയ ബിലാൽ ആസിഫും നാലു വിക്കറ്റ് നേടിയ മുഹമ്മദ് അബ്ബാസുമാണ് ഒാസീസിനെ തകർത്തത്.
രണ്ടാം ഇന്നിങ്സിനിറങ്ങിയ പാകിസ്താൻ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 45 റൺസെടുത്തിട്ടുണ്ട്. ഒാപണർ ഇമാമുൽ ഹഖാണ് (23) ക്രീസിലുള്ളത്. മുഹമ്മദ് ഹഫീസ് (17), നൈറ്റ്വാച്ച്മാന്മാരായി ഇറങ്ങിയ ബിലാൽ ആസിഫ് (0), അസ്ഹർ അലി (4) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. ഇതോടെ പാകിസ്താന് 325 റൺസ് ലീഡായി.
ഒാസീസ് ഒാപണിങ് ജോടികളായ ഉസ്മാൻ ഖാജ (85), ആരോൺ ഫിഞ്ച് (62) എന്നിവരുടെ സെഞ്ച്വറി കൂട്ടുകെട്ടിനു ശേഷമാണ് ഒാസീസ് തകർന്നത്. വിക്കറ്റ് നഷ്ടപ്പെടാതെ 142 റൺസ് എന്ന ശക്തമായ നിലയിൽ നിൽക്കെയാണ്, 60 റൺസെടുക്കുന്നതിനിടെ ഒാസീസിെൻറ 10 വിക്കറ്റുകളും നഷ്ടമായത്.
ഖാജയെ (85) ബിലാൽ ആസിഫും ഫിഞ്ചിനെ മുഹമ്മദ് അബ്ബാസും പുറത്താക്കിയതിനു പിന്നാലെയായിരുന്നു ഒാസീസിെൻറ അവിശ്വസനീയ തകർച്ച. ഇരുവർക്കും പിന്നാലെ രണ്ടക്കം കണ്ടത് മിച്ചൽ മാർഷും (12) പീറ്റർ സിഡ്ലും മാത്രം. ഷോൺ മാർഷ് (7), ട്രാവിസ് ഹെഡ് (0), മാർനസ് (0), ടിം പെയ്ൻ (7), മിച്ചൽ സ്റ്റാർക് (0), നഥാൻ ലിയോൺ (6), ജോൺ ഹോളണ്ട് (0) എന്നിവരാണ് വന്നപോലെ മടങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.