1116 റൺസ്, 139.5 ശരാശരി ആഷസിൽ സ്മിത്തിന്റെ അവസാന 10 ഇന്നിങ്സ്
text_fieldsലണ്ടൻ: മാസങ്ങൾക്കിടെ ക്രിക്കറ്റിലും ഫുട്ബാളിലും സമാനതകളില്ലാത്ത നേട്ടങ്ങൾ എത് തിപ്പിടിച്ച ആഘോഷം ഇനിയുമവസാനിക്കാത്ത ഇംഗ്ലണ്ടിൽ ആഷസ് കളിക്കാനെത്തിയ കംഗാരുക്കളെ എഡ്ജ്ബാസ്റ്റൺ മൈതാനത്തിന് തീരെ ബോധിച്ചിരുന്നില്ല. കന്നി ടെസ്റ്റിെൻറ ആദ്യദിനം ബാറ്റിങ് തുടങ്ങിയ ഒാസീസ് നിരയിൽ ഒാപണർമാരായ വാർണറും ബാൻക്രോഫ്റ്റും എളുപ്പം മടങ്ങുക കൂടി ചെയ്തതോടെ കാണികളുടെ കൂകിവിളികൾ തെറ്റിയില്ലെന്നു തോന്നി. നാലാമനായി ഇറങ്ങിയ സ്റ്റീവ് സ്മിത്ത് എന്ന പഴയ ലെഗ് സ്പിന്നർ പക്ഷേ, കരുതിവെച്ചത് മറ്റൊന്നായിരുന്നു.
ട്രാവിസ് ഹെഡിനൊപ്പം ചേർന്ന് 64 റൺസിെൻറ കൂട്ടുകെട്ടുമായി തുടങ്ങിയവൻ സ്റ്റുവർട്ട് ബ്രോഡും ക്രിസ് വോക്സും മുഇൗൻ അലിയുമടങ്ങിയ ഇംഗ്ലീഷ് ബൗളിങ്ങിനെതിരെ പെരുമഴയായി പെയ്തു. ഒാസീസ് ഒരു ഘട്ടത്തിൽ എട്ടുവിക്കറ്റിന് 123 റൺസിന് തകർന്നിട്ടും ഒന്നുമറിയാത്തവനെപ്പോലെ ബാറ്റുകൊണ്ട് ഇന്ദ്രജാലം തുടർന്നു. 144 റൺസ് എന്ന സ്വപ്ന ഇന്നിങ്സുമായി ഏറ്റവുമൊടുവിൽ 10ാമനായി മടങ്ങുേമ്പാൾ 284 എന്ന പൊരുതാവുന്ന സ്കോറുമായി കംഗാരുക്കൾ സുരക്ഷിതരായിരുന്നു. അവിടെയുമവസാനിപ്പിക്കാത്തവൻ അടുത്ത ഇന്നിങ്സിലും സെഞ്ചുറി കടന്ന് ഇംഗ്ലീഷ് കപ്പൽ അവരുടെ കടലിൽ മുക്കിയാണ് ടെസ്റ്റിൽ തെൻറ രണ്ടാം വരവറിയിച്ചത്.
‘മില്യൺ തവണ എറിഞ്ഞാലും അവനെ വീഴ്ത്താനാവില്ല’
പന്ത് ചുരണ്ടൽ വിവാദത്തിലെ പ്രതിനായകനായി വിലക്കുവീണ് ഒരു വർഷത്തെ ‘നിർബന്ധിത അവധി’ കഴിഞ്ഞുള്ള സ്മിത്തിെൻറ രണ്ടാം അരങ്ങേറ്റത്തെ വാഴ്ത്താൻ ലോക ക്രിക്കറ്റിന് വാക്കുകളുണ്ടായിരുന്നില്ല. ഒരു മില്യൻ പന്തെറിഞ്ഞാലും നിങ്ങൾക്കയാളെ പുറത്താക്കാനാവില്ലെന്ന് പറഞ്ഞത് ഒാസീസ് പരിശീലകൻ ജസ്റ്റിൻ ലാംഗർ. അത്ര മനോഹരമല്ലാത്ത ശൈലിയാണെങ്കിലും കളിമിടുക്ക് മാത്രമല്ല സ്മിത്തിനെ ഒന്നാം തരം പോരാളിയാക്കുന്നത്. വീഴ്ത്താനാവാത്ത സ്ഥൈര്യം, അവിശ്വസനീയ ജാഗ്രത, തോൽപിക്കാനാവാത്ത ശരീരക്ഷമത, പൊരുതിനിൽക്കുന്ന മനസ്സ്, വ്യക്തിത്വം... അങ്ങനെ പലതും.
1989 ജൂൺ 2ന് സിഡ്നിയിലാണ് സ്റ്റീവൻ പീറ്റർ ഡവറോ സ്മിത്തിെൻറ ജനനം. അഞ്ചാം വയസ്സിൽ ആദ്യമായി ബാറ്റു പിടിച്ചവന് മാർക് വോയും മൈക്കൽ സ്ലേറ്ററുമായിരുന്നു കുട്ടിക്കാല ഹീറോകൾ. ബയോകെമിസ്റ്റായ പിതാവ് ആദി ഗുരുവും. സ്കൂൾ വിട്ടുവന്ന മകനെയുമായി നെറ്റ്സിലെത്തി ഏറെ വൈകുവോളം പരിശീലനത്തിന് സമയം കണ്ടെത്തിയ പിതാവിൽനിന്ന് കളി മാത്രമല്ല, സമർപ്പണവും അവൻ നന്നായി പഠിച്ചു. 16ാം വയസ്സിൽ പ്രാദേശിക ടീമുകൾക്കുവേണ്ടി പാഡുകെട്ടിയ സ്റ്റീവ് 18ാം വയസ്സിൽ ന്യൂ സൗത്ത് വെയിൽസ് കുപ്പായമണിഞ്ഞു. 21ാം വയസ്സിൽ ടെസ്റ്റ് അരങ്ങേറ്റം. 2010ൽ പാകിസ്താനെതിരായ കളിയിൽ ഒൗൾ റൗണ്ടറെന്ന പരിഗണനയോടെ എട്ടാമനായിട്ടായിരുന്നു ഇറങ്ങിയത്. പന്തുകൊണ്ട് ശോഭിക്കാനാവാത്തവൻ പക്ഷേ, ബാറ്റാണ് തെൻറ തട്ടകമെന്ന തിരിച്ചറിവുമായി അന്ന് മടങ്ങി.
2013ൽ വീണ്ടും ടീമിലെത്തുേമ്പാൾ ഉപനായക പദവി കൂടി ലഭിച്ചിരുന്നു. അടുത്ത ആഷസ് പരമ്പരയിൽ ദേശീയ കുപ്പായത്തിലിറങ്ങിയ സ്റ്റീവ് ആദ്യ ടെസ്റ്റ് ശതകം കുറിച്ചതൊഴിച്ചാൽ മറ്റു നേട്ടങ്ങൾ ഏറെയുണ്ടാക്കിയില്ല. എന്നിട്ടും പിടിച്ചുനിന്ന താരം പിന്നീടുള്ള കാലം ഒാസീസ് ക്രിക്കറ്റിെൻറ തലവര മാറ്റിയെഴുതി. സ്റ്റീവ് തിളങ്ങുേമ്പാഴൊക്കെ ടീമും ജയിച്ചു. െഎ.സി.സി റാങ്കിങ്ങിൽ ഒന്നാമനായി. എട്ടാമനായി ടീമിലെത്തിയവൻ ബാറ്റിങ് ലൈനപ്പിൽ മൂന്നാമനായി.
ചുരണ്ടലിലെ പ്രതിനായകൻ
കഴിഞ്ഞവർഷം മാർച്ചിലായിരുന്നു പിന്നെയും കഥയുടെ ഗതി മാറിയത്. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റിൽ സഹതാരം ബാൻക്രോഫ്റ്റ് പന്ത് ചുരണ്ടിയത് കാമറക്കണ്ണുകൾ ഒപ്പിയെടുത്തു. വിവാദം കനത്ത ദിനങ്ങളിലൊന്നിൽ ക്യാപ്റ്റെൻറ തൊപ്പി തെറിച്ചു. വിലക്കുവീണ് ടീമിൽനിന്ന് പുറത്തായി. ലോകക്രിക്കറ്റിെൻറ നായക പദവിയിലിരുന്നയാൾ ദിവസങ്ങൾക്കൊണ്ട് വില്ലൻ വേഷമണിഞ്ഞു. കായിക വനവാസമവസാനിപ്പിച്ച് കഴിഞ്ഞ േലാകകപ്പിൽ ടീമിനൊപ്പം ചേർന്ന സ്മിത്ത് വലിയ നേട്ടങ്ങളിലേക്കു ബാറ്റുവീശിയില്ലെങ്കിലും വരവ് മോശമാക്കിയില്ല. അതിെൻറ തുടർച്ചയായിരുന്നു എഡ്ജ്ബാസ്റ്റണിൽ കണ്ടത്. ഇംഗ്ലീഷ് ബൗളർമാർ തലങ്ങും വിലങ്ങും എറിഞ്ഞിട്ടും വീഴാതെ പൊരുതിയ സ്റ്റീവ് ശരിക്കും ഒറ്റക്കായിരുന്നു ആസ്ട്രേലിയയെ വിജയതീരമണിയിച്ചത്. ലോകം കണ്ട ഏറ്റവും മികച്ച ബാറ്റ്സ്മാൻ ഇനി മറ്റാരുമാകില്ലെന്ന് ഒാസീസ് നായകൻ ടിം പെയിൻ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.