ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ച്: കുംെബ്ലക്കെതിരെ ഗൂഗ്ലിയുമായി ബി.സി.സി.െഎ
text_fieldsന്യൂഡൽഹി: ഏറെ വിജയങ്ങൾ കൊണ്ടുവന്ന അനിൽ കുംബ്ലെയുടെ കാലാവധി നീട്ടിനൽകില്ലെന്ന് സൂചന നൽകി ഇന്ത്യൻ ക്രിക്കറ്റ് ടീമിെൻറ പരിശീലകസ്ഥാനത്തേക്ക് അർഹരായവരെ തേടി ബോർഡ് ഒാഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യ (ബി.സി.സി.െഎ) അപേക്ഷ ക്ഷണിച്ചു. ചാമ്പ്യൻസ് ട്രോഫിക്ക് പിന്നാലെ അവസാനിക്കുന്ന ഒരുവർഷത്തെ നിയമന കാലാവധി കുംബ്ലെക്ക് നീട്ടിനൽകില്ല. എന്നാൽ, പുതിയ അപേക്ഷകർക്കൊപ്പം നിലവിലെ കോച്ചെന്ന നിലയിൽ അപേക്ഷ നൽകാതെതന്നെ കുംബ്ലെയെയും പരിഗണിക്കും.
പരിശീലകനിയമനം കൂടുതൽ സുതാര്യമാക്കുന്നതിനുവേണ്ടിയാണ് ഇൗ രീതി സ്വീകരിക്കുന്നതെന്ന് ബി.സി.സി.െഎ വാർത്താക്കുറിപ്പിൽ അറിയിച്ചു.
മേയ് 31 ആണ് അപേക്ഷ നൽകുന്നതിനുള്ള അവസാന തീയതി. അപേക്ഷിക്കുന്നവരുമായി സചിൻ ടെണ്ടുൽകർ, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മൺ എന്നിവരടങ്ങിയ ക്രിക്കറ്റ് ഉപദേശകസമിതി അഭിമുഖം നടത്തും. ബി.സി.സി.െഎ ഭരണസമിതിയുടെ േമൽനോട്ടത്തിലായിരിക്കും നിയമനപ്രക്രിയ.
ക്യാപ്റ്റൻ വിരാട് കോഹ്ലിക്കൊപ്പം ചേർന്ന് ടീമിന് മികച്ച വിജയങ്ങൾ നേടിക്കൊടുത്തെങ്കിലും കുംബ്ലെയുടെ മറ്റു ചില ഇടപെടലുകളിൽ ബി.സി.സി.െഎ തലപ്പത്തെ പലർക്കും മതിപ്പില്ലാത്തതാണ് കാലാവധി നീട്ടിക്കൊടുക്കേണ്ടതില്ലെന്ന തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. കളിക്കാരുടെ കരാർ തുകയിലും തെൻറ തന്നെ ശമ്പളത്തിലും വർധനവ് വേണെമന്ന് ആവശ്യപ്പെട്ടിരുന്ന കുംബ്ലെ ഇതുസംബന്ധിച്ച് വിശദമായ റിപ്പോർട്ടും സമർപ്പിച്ചിരുന്നു.
വൻ വരുമാനമുള്ള ബി.സി.സി.െഎ അതിനനുസൃതമായ രീതിയിലുള്ള പ്രതിഫലം കളിക്കാർക്കും കോച്ചിനും നൽകുന്നില്ലെന്ന് കുംബ്ലെ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. സെലക്ഷൻ കമ്മിറ്റിയിൽ കോച്ചിന് വോട്ടിങ് അധികാരമുള്ള അംഗത്വം വേണമെന്ന കുംബ്ലെയുടെ ആവശ്യവും ബി.സി.സി.െഎ മേലാളരുടെ എതിർപ്പിനിടയാക്കി. കുംബ്ലെയുടെ നിർദേശങ്ങളിൽ മിക്കതും നടപ്പാക്കാനാവാത്തതാണെന്ന നിലപാടിലാണ് ബി.സി.സി.െഎ.
2016 ജൂണിൽ ദേശീയ ടീം പരിശീലകസ്ഥാനമേറ്റെടുത്ത കുംബ്ലെയുടെ കീഴിൽ വെസ്റ്റിൻഡീസിൽ പരമ്പര വിജയിച്ച ഇന്ത്യ നാട്ടിൽ നടന്ന 13 ടെസ്റ്റുകളിൽ 10 വിജയവും രണ്ടു സമനിലയുമായി ഗംഭീരപ്രകടനം നടത്തിയിരുന്നു. ചാമ്പ്യൻസ് ട്രോഫി നിലനിർത്താനായി ഇന്ത്യൻ ടീം ഇംഗ്ലണ്ടിലേക്ക് വിമാനം കയറിയതിനുപിന്നാലെയാണ് പുതിയ കോച്ചിനെ തേടിയുള്ള ബി.സി.സി.െഎയുടെ വാർത്താക്കുറിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.