413 കോടി നഷ്ടപരിഹാരം വേണമെന്ന പാക് ആവശ്യം ബി.സി.സി.ഐ തള്ളി
text_fieldsകറാച്ചി: കരാർ ലംഘനം നടത്തിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാക് ക്രിക്കറ്റ് ബോർഡിൻെറ ആവശ്യം ബി.സി.സി.ഐ തള്ളി. പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ ഷഹീരിയർ ഖാൻ ആണ് ഇക്കാര്യം അറിയിച്ചത്. ഇരു ബോർഡുകളും തമ്മിലുള്ള കരാർ ലംഘിച്ചതിന് നഷ്ടപരിഹാരമായി 6.4 മില്യൻ ഡോളർ (413 കോടി രൂപ) നൽകണമെന്നാവശ്യപ്പെട്ട് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ബിസിസിഐക്ക് കഴിഞ്ഞയാഴ്ച നോട്ടീസ് അയച്ചിരുന്നു. ഇതിനുള്ള മറുപടിയാണ് ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് കഴിഞ്ഞ ദിവസം നൽകിയത്.
ഇരു ബോർഡുകളും തമ്മിലുള്ള നിയമപരമായ കരാറായി ഇതിനെ പരിഗണിക്കുന്നില്ലെന്നാണ് മറുപടിയിൽ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് പറയുന്നത്. ഇന്ത്യാ-പാക് പരമ്പരക്ക് സർക്കാറിൻെറ അനുവാദം ആവശ്യമാണെന്നും എന്നാൽ തങ്ങൾക്ക് അനുമതി ലഭിക്കുന്നില്ലെന്നും കത്തിൽ പറയുന്നതായി ഷഹരിയാർ ഖാൻ വ്യക്തമാക്കി. പാക്കിസ്ഥാനിലെ സുരക്ഷ പ്രശ്നങ്ങളും ബി.സി.സി.ഐ മറുപടിയിൽ ഉൾകൊള്ളിച്ചിട്ടുണ്ട്.
അവർക്ക് ഒരു കത്ത് കൂടി അയയ്ക്കും, ഞങ്ങൾക്ക് നഷ്ടപരിഹാരം നൽകാൻ തയ്യാറാകുന്നില്ലെങ്കിൽ ഐ.സി.സി തർക്ക പരിഹാര കമ്മിറ്റിയിൽ പ്രശ്നം ഉന്നയിക്കും. ഐ.സി.സിയുടെ കൂടെ അറിവോടെയാണ് കരാർ ഒപ്പുവെച്ചത്-ഷഹരിയാർ ഖാൻ പറഞ്ഞു. തങ്ങൾക്ക് നീതി ലഭിക്കുന്നതിനായി ഐ.സി.സി തലത്തിൽ ഏതറ്റം വരെയും പൊകുമെന്നും അദ്ദേഹം വ്യക്തമാക്കി. പരമ്പര കളിക്കുന്നതിന് സർക്കാർ അനുമതി ലഭ്യമാക്കുന്നത് സംബന്ധിച്ച് കരാറിൽ പറയുന്നില്ലെന്നും അനുമതി ലഭ്യമാക്കൽ ബി.സി.സി.ഐയുടെ ചുമതലയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
2015നും 2023 നും ഇടക്ക് ഇരുരാജ്യങ്ങളും തമ്മിൽ ആറു പരമ്പര കളിക്കാൻ ഇന്ത്യ- പാക് ക്രിക്കറ്റ് ബോർഡുകൾ ധാരണാപത്രം ഒപ്പിട്ടിരുന്നു. എന്നാൽ അതിർത്തിയിലെ സംഘർഷം കാരണം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം നഷ്ടമായതോടെ ഈ പരമ്പരകൾക്കെല്ലാം കേന്ദ്ര സർക്കാർ അനുമതി നിഷേധിക്കുകയായിരുന്നു. ദുബൈയിൽ വെച്ച് നടത്താൻ തീരുമാനിച്ച ഈ വർഷത്തെ ഏകദിന പരമ്പരക്കും കേന്ദ്രം അനുമതി നിഷേധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.