ഇന്ത്യ-ഇംഗ്ളണ്ട് അണ്ടര്‍ 19 ടെസ്റ്റിന് ആതിഥേയരാകാനില്ളെന്ന് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍
text_fieldsചെന്നൈ: കോടതിയില്‍ തോറ്റതിന്‍െറ അരിശം മൈതാനത്ത് തീരുമോ? അത്തരമൊരു സംശയമാണ് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍െറ പുതിയ തീരുമാനം സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യ -ഇംഗ്ളണ്ട് അണ്ടര്‍ 19 ടീമുകളുടെ ടെസ്റ്റ് മത്സരം ചെന്നൈയില്‍ നടത്താനായിരുന്നു ബി.സി.സി.ഐ നേരത്തേ തീരുമാനിച്ചിരുന്നത്. എന്നാല്‍, മത്സരത്തിന് ആതിഥേയത്വം വഹിക്കാനാകില്ളെന്ന് കാണിച്ച് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍ (ടി.എന്‍.സി.എ) ബി.സി.സി.ഐക്ക് കത്തെഴുതിയിരിക്കുകയാണ്. അതും, അഴിമതിയാരോപണത്തില്‍ പുറത്തുപോകേണ്ടിവന്ന മുന്‍ ബി.സി.സി.ഐ പ്രസിഡന്‍റും ടി.എന്‍.സി.എയുടെ പ്രസിഡന്‍റുമായ എന്‍. ശ്രീനിവാസന്‍െറ ലെറ്റര്‍പാഡില്‍.
രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആഭ്യന്തരമായ ആവശ്യങ്ങള്‍ ഉള്ളതിനാല്‍ മത്സരങ്ങള്‍ക്ക് ആതിഥേയത്വം വഹിക്കാനാകില്ളെന്നാണ് ടി.എന്‍.സി.എ കത്തില്‍ അറിയിച്ചിരിക്കുന്നത്. ലോധ കമീഷന്‍ ശിപാര്‍ശ അനുസരിച്ച് സുപ്രീംകോടതി പുറത്താക്കിയ ബി.സി.സി.ഐ പ്രസിഡന്‍റ് അനുരാഗ് ഠാകുറും മറ്റു ഭാരവാഹികളും കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ രഹസ്യ യോഗം ചേര്‍ന്നിരുന്നു. എന്‍. ശ്രീനിവാസനും ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. ഒരുകാലത്ത് പരസ്പരം പോരടിച്ചുനിന്നവര്‍ ലോധ കമീഷന്‍ തീരുമാനങ്ങള്‍ നടപ്പാക്കിയതിന്‍െറ പശ്ചാത്തലത്തില്‍ ഒന്നിച്ചുചേര്‍ന്ന് രഹസ്യ യോഗം ചേര്‍ന്നതിന്‍െറ തുടര്‍ച്ചയാകാം ടി.എന്‍.സി.എയുടെ തീരുമാനമെന്നാണ് ക്രിക്കറ്റ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
സുപ്രീംകോടതിയുടെ ഉത്തരവിന്‍െറ അടിസ്ഥാനത്തില്‍ സ്വാഭാവികമായും എന്‍. ശ്രീനിവാസന് ടി.എന്‍.സി.എ പ്രസിഡന്‍റ് പദവി നഷ്ടമാണ്. എന്നിട്ടും അദ്ദേഹത്തിന്‍െറ ലെറ്റര്‍പാഡില്‍ ബി.സി.സി.ഐയുടെ സി.ഇ.ഒ രാഹുല്‍ ജോഹ്രിക്ക് കത്തെഴുതിയത് കോടതിയലക്ഷ്യമാണെന്ന് ലോധ കമ്മിറ്റി ചൂണ്ടിക്കാണിക്കുന്നു.
സുപ്രീംകോടതിയുടെ കടുംവെട്ടിന് നിസ്സഹകരണ സമരം പ്രഖ്യാപിച്ചിരിക്കുകയാണ് ടി.എന്‍.സി.എ എന്നാണ് വിലയിരുത്തല്‍. ബംഗളൂരുവിലെ രഹസ്യ യോഗത്തില്‍ കോടതിവിധിയില്‍ പുറത്തായ നിരവധി സംസ്ഥാന അസോസിയേഷന്‍ ഭാരവാഹികളും പങ്കെടുത്തതായാണ് അറിവ്. അങ്ങനെയെങ്കില്‍ മറ്റ് അസോസിയേഷനുകളും വരുംനാളുകളില്‍ നിസ്സഹകരണം പ്രഖ്യാപിക്കാനാണ് സാധ്യത. ലോധ കമ്മിറ്റിയും ക്രിക്കറ്റ് ഭരണകര്‍ത്താക്കളും തമ്മില്‍ രൂക്ഷമായ പോരാട്ടത്തിലേക്ക് കാര്യങ്ങള്‍ നീങ്ങാനുമിടയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.