ധവാനും ഭുവനേശ്വര്‍ കുമാറും രണ്ടാം ടെസ്റ്റിനില്ല; വിജയ് ശങ്കർ ടീമിൽ
text_fields ന്യൂഡൽഹി: ശ്രീലങ്കക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ ടീമിൽനിന്ന് ഒാപണർ ശിഖർ ധവാനും പേസ് ബൗളർ ഭുവനേശ്വർ കുമാറും പിൻവാങ്ങി. വിവാഹം പ്രമാണിച്ച് പിന്മാറിയ ഭുവനേശ്വർ മൂന്നാം ടെസ്റ്റിനുമുണ്ടാവില്ല. വ്യക്തിപരമായ കാരണങ്ങൾമൂലമാണ് ധവാൻ രണ്ടാം ടെസ്റ്റിൽനിന്ന് വിട്ടുനിൽക്കുന്നത്. എന്നാൽ, മൂന്നാം ടെസ്റ്റിൽ തിരിച്ചെത്തും.
ഭുവനേശ്വറിന് പകരം തമിഴ്നാട് ഒാൾറൗണ്ടർ വിജയ് ശങ്കറിനെ ടീമിലുൾപ്പെടുത്തി. ധവാന് പകരം ആരെയും ടീമിലെടുത്തിട്ടില്ല.
മുരളി വിജയ് ടീമിലുള്ളതിനാൽ ഒാപണർ സഥാനത്തേക്ക് ആൾക്ഷാമമില്ല. ഭുവനേശ്വറിന് പകരം നേരത്തേ ടീമിലുള്ള ഇശാന്ത് ശർമയാവും വെള്ളിയാഴ്ച നാഗ്പൂരിൽ തുടങ്ങുന്ന രണ്ടാം ടെസ്റ്റിൽ കളിക്കുക. ആറാം നമ്പറിൽ ബൗളർക്ക് പകരം ഒാൾറൗണ്ടറെ കളിപ്പിക്കാൻ തീരുമാനിക്കുകയാണെങ്കിൽ മാത്രമാവും വിജയ് ശങ്കറിന് അവസരം ലഭിക്കുക. തമിഴ്നാട് രഞ്ജി ടീമിെൻറ നായകനായ വിജയ് ശങ്കർ 32 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽനിന്ന് 1671 റൺസും 27 വിക്കറ്റും നേടിയിട്ടുണ്ട്. സമീപകാലത്ത് ആഭ്യന്തര ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന ശങ്കർ മികച്ച പേസ് ബൗളിങ് ഒാൾറൗണ്ടറായാണ് വിലയിരുത്തപ്പെടുന്നത്.
ടീം: വിരാട് കോഹ്ലി (ക്യാപ്റ്റൻ), ലോകേഷ് രാഹുൽ, മുരളി വിജയ്, ചേതേശ്വർ പുജാര, അജിൻക്യ രഹാനെ, രോഹിത് ശർമ, വൃദ്ധിമാൻ സാഹ, രവിചന്ദ്ര അശ്വിൻ, രവീന്ദ്ര ജദേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ഇശാന്ത് ശർമ, വിജയ് ശങ്കർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.