ബദിയടുക്കയിൽ പാക് അനുകൂല മുദ്രാവാക്യം: പരാതി വ്യാജമെന്ന് തെളിഞ്ഞു
text_fieldsകാസർകോട്: ഇന്ത്യക്കെതിരായ ക്രിക്കറ്റ് മത്സരം ജയിച്ചതിന് പാകിസ്താന് അനുകൂലമായി ബദിയടുക്കയിൽ ഒരുവിഭാഗം പടക്കം പൊട്ടിച്ചുവെന്ന പരാതി വ്യാജമാണെന്ന് പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. പാക് അനുകൂല മുദ്രാവാക്യം ഉണ്ടായിട്ടില്ലെന്ന് വിദ്യാനഗർ സി.െഎ ബാബു പെരിങ്ങേത്ത് പറഞ്ഞു. അലക്ഷ്യമായി സ്ഫോടകവസ്തു ഉപയോഗിച്ചതിന് മാത്രമാണ് ഇപ്പോൾ കേസെന്ന് അദ്ദേഹം പറഞ്ഞു.
ദേശീയമാധ്യമങ്ങളും ചാനൽ ചർച്ചകളും ഉയർത്തിക്കൊണ്ടുവന്ന ‘പ്രശ്നം’ ആയിരുന്നു ഇത്. പാകിസ്താൻ ജയിച്ചതിെൻറ പേരിൽ പടക്കം പൊട്ടിച്ചുവെന്ന് പരാതി നൽകിയത് ബി.ജെ.പി കുമ്പഡാജെ പഞ്ചായത്ത് പ്രസിഡൻറ് രാജേഷ് ഷെട്ടിയാണ്. മതസ്പർധ വളർത്തുന്നതിന് വ്യാജ പരാതി നൽകിയ സംഭവത്തിൽ ഷെട്ടിക്കെതിരെ പരാതി നൽകാൻ തീരുമാനിച്ചിട്ടുണ്ടെന്ന് സി.പി.എം കുമ്പഡാജെ പഞ്ചായത്ത് ലോക്കൽ സെക്രട്ടറി നാരായണൻ നമ്പ്യാർ ‘മാധ്യമ’ത്തോട് പറഞ്ഞു.
പടക്കം പൊട്ടിച്ചുവെന്ന് രാജേഷ് പറയുന്നത് കുമ്പഡാജെ ചക്കുടൽ പ്രദേശത്താണ്. പരാതി നൽകിയ രാജേഷ് ഷെട്ടിയുടെ വീട് ചക്കുടലിൽനിന്ന് 13 കിലോമീറ്റർ ദൂെര ഗാഡിഗുഡ്ഡെയിലാണ്. പടക്കംപൊട്ടുന്നതിെൻറ ശബ്ദംകേട്ട രാജേഷ് ഒരു ദിവസം കഴിഞ്ഞാണ് ബദിയടുക്ക സ്റ്റേഷനിൽ പരാതി നൽകിയത്. മുദ്രാവാക്യത്തിെൻറയോ പടക്കം പൊട്ടുന്നതിെൻറയോ ശബ്ദം ചക്കുടലിലേക്ക് കേൾക്കാൻ സാധ്യതയില്ലെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായത്.
പൊടിപ്പള്ളം ബി.ജെ.പി കേന്ദ്രവും മാർപനടുക്കം സി.പി.എം കേന്ദ്രവും ചക്കുടൽ ലീഗ് കേന്ദ്രവുമാണ്. ഇവർ തമ്മിലുള്ള പ്രശ്നം പലപ്പോഴും ഉണ്ടാകാറുണ്ട്. അതിെൻറ ഭാഗമാണ് ഇപ്പോഴുണ്ടായ വിവാദം. 23 പേർക്കെതിരെയാണ് കേസെടുത്തത്. പാകിസ്താൻ മുദ്രാവാക്യമുയർന്നുവെന്നത് നുണയാണെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡൻറ് അലി തുപ്പക്കല്ല് പറഞ്ഞു. പടക്കം പൊട്ടിച്ചതിന് മാത്രമാണ് കേസെടുത്തതെന്നും അത് സ്ഥലം എസ്.െഎ അന്വേഷിക്കുമെന്നും ജില്ല പൊലീസ് മേധാവി കെ.ജി. സൈമൺ ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.