സുരക്ഷാഭീതിയിൽ ചാമ്പ്യൻസ് ട്രോഫി
text_fieldsമുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് പത്താം സീസൺ കൊടിയിറങ്ങി ക്ഷീണം മാറും മുേമ്പ ക്രിക്കറ്റ് ലോകം അടുത്ത പോരാട്ടച്ചൂടിലേക്ക്. ജൂൺ ഒന്നിന് ഇംഗ്ലണ്ടിൽ ആരംഭിക്കുന്ന ചാമ്പ്യൻസ് ട്രോഫി ഏകദിന ചാമ്പ്യൻഷിപ്പിനായി ടീമുകൾ അവസാനവട്ട തയാറെടുപ്പ് നടത്തുന്നതിനിടെ മാഞ്ചസ്റ്ററിലുണ്ടായ ഭീകരാക്രമണം സുരക്ഷ ആശങ്ക ശക്തമാക്കി. നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യൻ ടീം ബുധനാഴ്ച യാത്രതിരിക്കാനിരിക്കെ കളിക്കാരുടെ സുരക്ഷ സംബന്ധിച്ച് ഉറപ്പുനൽകണമെന്ന് ബി.സി.സി.െഎ രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനോട് ആവശ്യപ്പെട്ടു.
ഇന്ത്യയുടെ ആകാംക്ഷയോട് െഎ.സി.സി മണിക്കൂറുകൾക്കകം പ്രതികരിച്ചു. മാഞ്ചസ്റ്ററിൽ 22 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിനു പിന്നാലെ സ്ഥിതിഗതികൾ വിശകലനം ചെയ്യുകയാണെന്നും ചാമ്പ്യൻസ് ട്രോഫിക്കും ജൂൺ 24 മുതൽ ജൂലൈ 23 വരെ നടക്കുന്ന വനിത ലോകകപ്പിനും ബ്രിട്ടീഷ് സർക്കാർ പൂർണ സുരക്ഷ ഉറപ്പുനൽകിയതായും െഎ.സി.സി അറിയിച്ചു. െഎ.സി.സി ടൂർണമെൻറ് സുരക്ഷ ഡയറക്ടർ, ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ് മേധാവികൾ എന്നിവർ ആവശ്യമായ സുരക്ഷ സംവിധാനങ്ങൾ വിലയിരുത്തും.
എങ്കിലും, മത്സര ഷെഡ്യൂളിൽ മാറ്റമുണ്ടാവില്ല. ബെർമിങ്ഹാം, ലണ്ടൻ എന്നീ നഗരങ്ങളാണ് ചാമ്പ്യൻസ് ട്രോഫി വേദി.നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യൻ ടീം െഎ.പി.എൽ മത്സരങ്ങൾക്കു പിന്നാലെ മുംബൈയിൽ ഒന്നിച്ചു. ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള സംഘം ഇന്ന് ഇംഗ്ലണ്ടിലേക്ക് പറക്കും. അതിന് മുന്നോടിയായി ബി.സി.സി.െഎ സുരക്ഷ ഉപദേഷ്ടാവും മുൻ ഡൽഹി പൊലീസ് കമീഷണറുമായ നീരജ് കുമാർ ലണ്ടനിലേക്ക് യാത്രതിരിച്ചു. ജൂൺ നാലിന് പാകിസ്താനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഗ്രൂപ് ‘ബി’യിൽ ദക്ഷിണാഫ്രിക്കയും ശ്രീലങ്കയുമാണ് മറ്റ് എതിരാളികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.