ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ന് ഇന്ത്യ x പാകിസ്താൻ ഫൈനൽ
text_fieldsലണ്ടൻ: ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ ഇന്ന് കിരീടപ്പോരാട്ടം. ആരാധകർ താലോലിച്ചപോലൊരു ക്ലാസിക് അങ്കത്തിലൂടെ െഎ.സി.സി ട്രോഫിയുടെ പുതിയ അവകാശി ആരെന്ന് തീർപ്പാവും. നിലവിലെ ജേതാക്കളായ ഇന്ത്യ കിരീടം നിലനിർത്താനിറങ്ങുേമ്പാൾ, ആദ്യ ഫൈനൽ പ്രവേശനത്തിെൻറ ആവേശത്തിൽ കന്നിക്കിരീടമോഹത്തിൽ പാകിസ്താൻ. രണ്ടാഴ്ചത്തെ ഇടവേളയിലാണ് അയൽക്കാർ വീണ്ടും മുഖാമുഖമെത്തുന്നത്. ഗ്രൂപ് റൗണ്ടിൽ മാറ്റുരച്ചപ്പോൾ ഇന്ത്യക്കായിരുന്നു ജയം. മഴ വില്ലനായ മത്സരത്തിൽ ഇന്ത്യ 124 റൺസിന് ജയിച്ചു.
പക്ഷേ, ആ ഫലം എപ്പോഴും ആവർത്തിക്കണമെന്നില്ല. കളിക്കളത്തിലെ ഫോമും പ്രകടനവും മാത്രമല്ല, ബദ്ധവൈരികളായ അയൽക്കാരുടെ പോരാട്ടത്തിലെ വിജയപരാജയങ്ങളുടെ നിർണയ ഘടകം. ബൗണ്ടറിവരക്കുള്ളിലേക്കാൾ ചൂടും ചൂരും പുറത്താണ്. ഇന്ത്യയും പാകിസ്താനും തമ്മിലാണ് ഫൈനലെന്ന് ഉറപ്പിച്ചതുമുതലേ സമൂഹമാധ്യമങ്ങളിൽ സിക്സും ഫോറും പറന്നുതുടങ്ങി. ആരാധകരുടെ ആവേശത്തിന് എരിവുപകർന്ന് മുൻതാരങ്ങൾകൂടി ‘ട്വീറ്റു’മായെത്തിയതോടെ ഒാവൽ സ്റ്റേഡിയത്തിൽ ടോസ് വീഴുംമുേമ്പ കളി ആവേശബൗണ്ടറി കടന്നു.
ഇന്ത്യ-പാക് അതിർത്തിയിലെ പൊട്ടലും ചീറ്റലും നയതന്ത്രബന്ധം കൂടുതൽ വഷളാക്കിയ സാഹചര്യത്തിൽ കൂടിയാണ് ക്രിക്കറ്റ് ക്രീസിലെ കിരീടപ്പോരാട്ടം. ചേതൻ ശർമയെ അവസാന പന്തിൽ സിക്സർ അടിച്ച് ജാവേദ് മിയാൻദാദ് ഇന്ത്യക്ക് സമ്മാനിച്ച നാണക്കേട് ഒരു തലമുറയെതന്നെ വേട്ടയാടിയിരുന്നു. 2003 ലോകകപ്പിൽ സെഞ്ചൂറിയനിൽ സചിൻ ടെണ്ടുൽകറുടെ ഇന്നിങ്സിലൂടെ മാത്രമേ ഇന്ത്യ ആ നാണക്കേട് മാറ്റിയുള്ളൂ. പാകിസ്താനെതിരെ പാഡണിയുേമ്പാൾ എന്നും ഒരു വിജയശിൽപി പിറക്കും. അജയ് ജദേജ, വെങ്കിടേഷ് പ്രസാദ്, ഋഷികേശ് കനിത്കർ, ജോഗീന്ദർ ശർമ എന്നിവരെപ്പോലെ. ഒാവലിൽ ഇവരുടെ പിൻഗാമി ആരാവുമെന്ന ചോദ്യവുമായി കാത്തിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ലോകം. സമ്മർദങ്ങൾ കുറക്കാൻ നായകൻ കോഹ്ലി എന്തുതന്നെ ആവർത്തിച്ചാലും സിരകളിലൊഴുകുന്ന ആവേശവുമായാവും ഇന്നത്തെ പോരിന് ആരാധകരുടെ കാത്തിരിപ്പ്.
പക്ഷേ, ബഹളവും വാഗ്വാദവും ബൗണ്ടറിവരയിൽ അവസാനിക്കും. മൈതാനത്ത് മറ്റേതൊരു എതിരാളിയെയുംപോലെയാണ് പാകിസ്താനെന്ന് പ്രഖ്യാപിച്ചാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഫൈനൽ പോരിന് ഒരുങ്ങുന്നത്. െഎ.സി.സി ടൂർണമെൻറിലെ മികച്ച റെക്കോഡുമായാണ് ഇന്ത്യയുടെ വരവ്. ലോകകപ്പ്, ചാമ്പ്യൻസ് ട്രോഫി, ട്വൻറി20 മത്സരങ്ങളിലായി 15 തവണ പരസ്പരം ഏറ്റുമുട്ടിയപ്പോൾ 13ലും ജയം ഇന്ത്യക്കായിരുന്നു. രണ്ടു തവണ മാത്രം പാകിസ്താൻ ജയിച്ചു. 2007 ട്വൻറി20 ലോകകപ്പ് ഫൈനലിനുശേഷം ആദ്യമായാണ് ഇരുവരും കിരീടപ്പോരാട്ടത്തിൽ മുഖാമുഖമെത്തുന്നത്.
ബാറ്റിങ്ങിൽ ഇന്ത്യ
ശ്രീലങ്കേയാട് തോറ്റെങ്കിലും സ്ഥിരതയാർന്ന പ്രകടനമാണ് ഇന്ത്യയുടെ കരുത്ത്. പ്രത്യേകിച്ച് ബാറ്റിങ്ങിലെ ‘ബിഗ് ത്രീ’ ഇഫക്ട്. ഒാപണർമാരായ ശിഖർ ധവാൻ-രോഹിത് ശർമ കൂട്ടുകെട്ട് നൽകുന്ന തുടക്കവും, പിന്നാലെ വിരാട് കോഹ്ലി നയിക്കുന്ന ആക്രമണവും ചേരുന്നതോടെ ഇന്ത്യൻ ടോട്ടൽ 300 കടക്കുമെന്നതാണ് പതിവ്. ടൂർണമെൻറിൽ 91.5 ശരാശരിയിലാണ് ഇന്ത്യയുടെ റൺവേട്ട. നാല് കളിയിൽ പിറന്നത് 1098 റൺസ്. റൺനിരക്ക് 6.23. ഇതിൽ മൂവർ സംഘത്തിെൻറ വകയായിരുന്നു 874 റൺസും. ശിഖർ ധവാൻ (317), രോഹിത് ശർമ (304), വിരാട് കോഹ്ലി (253) എന്നിങ്ങനെ വ്യക്തിഗത പ്രകടനം.
ഇവർക്കു പിന്നാലെ ക്രീസിലെത്തുന്നവരും കൂറ്റനടികളിലൂടെ റൺസുയർത്തി ശീലിച്ചവർ. യുവരാജ് സിങ്, എം.എസ്. ധോണി, കേദാർ ജാദവ്, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജദേജ തുടങ്ങി ഏഴാം വിക്കറ്റുവരെ ബാറ്റിങ്നിര. ബൗളിങ്ങിൽ സെമിയിൽ കളിച്ചവരെ തന്നെയാവും കോഹ്ലി ഇന്നും പരീക്ഷിക്കുക. സ്പെഷലിസ്റ്റ് പേസർമാരായി ഭുവനേശ്വർ കുമാറും ജസ്പ്രീത് ബുംറയും. സ്പിൻനിരയിൽ ആർ. അശ്വിൻ, കേദാർ ജാദവ്. ഒാൾറൗണ്ടർമാരുടെ റോളിൽ ജദേജയും ഹാർദിക് പാണ്ഡ്യയും.
ബൗളിങ് കരുത്തിൽ പാകിസ്താൻ
കിരീടപ്രതീക്ഷയിലും ആരാധകർക്ക് പാകിസ്താനെ കണ്ണടച്ച് വിശ്വസിക്കാനാവില്ല. ബാറ്റിലും ബൗളിലും മികച്ച താരങ്ങൾ ഉള്ളപ്പോൾതന്നെ സ്ഥിരതയില്ലായ്മയാണ് പ്രശ്നം. ബൗളിങ്ങാണ് കരുത്ത്. മുഹമ്മദ് ആമിർ തിരിച്ചെത്തിയതും ചാമ്പ്യൻഷിപ്പിലെ വിക്കറ്റ് വേട്ടക്കാരനായ ഹസൻ അലി (10 വിക്കറ്റ്), ജുനൈദ് ഖാൻ (7) എന്നിവരുടെ സാന്നിധ്യവും എതിരാളികൾക്ക് തലവേദനയാവും. അതേസമയം, ബാറ്റിങ്ങിൽ റൺവേട്ടക്കാരുടെ അസാന്നിധ്യം ഫൈനലിലും വലിയ തലവേദനയാവും. നാല് കളിയിൽ 169 റൺസെടുത്ത അസ്ഹർ അലിയാണ് ടീമിെൻറ ടോപ് സ്കോറർ. അരങ്ങേറ്റം ഗംഭീരമാക്കിയ ഒാപണർ ഫഖർ സമാനാണ് പട്ടികയിൽ രണ്ടാമൻ (138 റൺസ്). ഇവർക്കു പിന്നാലെ ക്രീസിലെത്തുന്ന ബാബർ അസാം, മുഹമ്മദ് ഹഫീസ്, ശുെഎബ് മാലിക്, ക്യാപ്റ്റൻ സർഫറാസ് അഹമ്മദ് എന്നിവർ ഉത്തരവാദിത്തത്തോടെ ബാറ്റ് വീശിയാലേ ഒാവലിൽ പുതു ചരിത്രം പിറക്കൂ.
ടീം ഇന്ത്യ
വിരാട് കോഹ്ലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, രോഹിത് ശർമ, യുവരാജ് സിങ്, എം.എസ്. ധോണി, കേദാർ ജാദവ്, ഹാർദിക് പാണ്ഡ്യ, ആർ. അശ്വിൻ, രവീന്ദ്ര ജദേജ, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, ദിനേഷ് കാർത്തിക്, മുഹമ്മദ് ഷമി, അജിൻക്യ രഹാനെ, ഉമേഷ് യാദവ്.
ടീം പാകിസ്താൻ
സർഫറാസ് അഹമ്മദ് (ക്യാപ്റ്റൻ), അഹ്മദ് ഷഹ്സാദ്, അസ്ഹർ അലി, ബാബർ അസാം, മുഹമ്മദ് ഹഫീസ്, ശുെഎബ് മാലിക്, ഹസൻ അലി, മുഹമ്മദ് ആമിർ, റുമൻ റഇൗസ്, ജുനൈദ് ഖാൻ, ഇമാദ് വസിം, ഫഹീം അഷ്റഫ്, ഷദാബ് ഖാൻ, ഫഖർ സമാൻ, ഹാരിസ് സുഹൈൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.