പുജാരക്ക് എന്തുപറ്റി? ആദ്യ ടെസ്റ്റ് ഇലവനില്ല
text_fieldsബർമിങ്ഹാം: ഇന്ത്യൻ പിച്ചിലും വിദേശത്തും ടെസ്റ്റിലെ വിശ്വസ്തനായിരുന്നു ചേതേശ്വർ പുജാര. ക്ഷമയോടെ തീതുപ്പുന്ന ബൗളുകളെ പ്രതിരോധിക്കുന്ന വന്മതിലിന് പക്ഷേ, സമീപ കാലം അത്ര നല്ലനിലയിലല്ല. ഇംഗ്ലണ്ടിനെതിരായ പ്രഥമ ടെസ്റ്റിലെ ആദ്യ ഇലവനിൽ താരത്തിന് ഇടംകിട്ടിയിട്ടില്ല. പകരം പരിമിത ഒാവറിൽ ഇംഗ്ലണ്ടിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച ലോകേഷ് രാഹുലിനെയാണ് രവിശാസ്ത്രിയും ക്യാപ്റ്റൻ വിരാട് കോഹ്ലിയും വിശ്വാസത്തിലെടുത്തത്. സമീപകാലത്തെ തുടർച്ചയായ ഫോമില്ലായ്മയാണ് താരത്തിന് തിരിച്ചടിയായത്.
ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ടീമിൽ ഇടം പിടിക്കാനുള്ള ശ്രമവുമായാണ് ഇംഗ്ലീഷ് മണ്ണിൽ താരം നേരത്തെതന്നെ ബാറ്റുമായെത്തുന്നത്. കൗണ്ടി ക്ലബ് യോർക്ഷെയറിനൊപ്പം ചേർന്നെങ്കിലും സീസണിൽ കാര്യമായൊന്നും ചെയ്യാൻ കഴിഞ്ഞില്ല. തുടർച്ചയായ മത്സരങ്ങൾ പരാജയപ്പെട്ടത് ഇന്ത്യൻ ടീമിലേക്കുള്ള മടങ്ങിവരവിന് തിരിച്ചടിയായി. ഇംഗ്ലണ്ടിലെ പരമ്പരക്ക് ഒരുങ്ങാനായുള്ള, അഫ്ഗാനിസ്താനെതിരായ ഏക ടെസ്റ്റിൽ അവസരം ലഭിച്ചെങ്കിലും 35 റൺസിന് പുറത്തായി.
ഒടുവിൽ ഇംഗ്ലണ്ടിലെത്തിയതിനുശേഷം എസക്സിനെതിരായ സന്നാഹത്തിലും പരാജയപ്പെട്ടു. 1, 23 എന്നിങ്ങനെയാണ് ഇരു ഇന്നിങ്സിൽ താരത്തിെൻറ സ്കോർ. ഇതോടെ, പുജാരയെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തേണ്ടതില്ലെന്ന് കോച്ച് തീരുമാനിക്കുകയായിരുന്നു. 58 ടെസ്റ്റുകളിൽ 4531 റൺസാണ് പുജാര അടിച്ചുകൂട്ടിയത്. 50.34 ശരാശരിയുള്ള 30കാരന് 14 സെഞ്ച്വറിയുമുണ്ട്. ഇംഗ്ലണ്ടിൽ ഇതുവരെ കളിച്ച അഞ്ചു ടെസ്റ്റിൽ 222 റൺസും എടുത്തിട്ടുണ്ട്. അടുത്ത മത്സരത്തിലെങ്കിലും തിരിച്ചെത്താനാവുമെന്നാണ് താരത്തിെൻറ പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.