വെടിക്കെട്ട് ബാറ്റിങ്ങുമായി ഗെയിലിൻെറ തിരിച്ചുവരവ്; എന്നിട്ടും വിൻഡീസിന് തോൽവി
text_fieldsബ്രിഡ്ജ് ടൗൺ: 12 സിക്സ് സഹിതം തകർപ്പൻ സെഞ്ചുറിയുമായി രാജ്യാന്തര ഏകദിനത്തിലേക്ക് ക്രിസ് ഗെയ്ൽ (135) തിരിച്ചുവരവ് നടത്തിയ മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ വിൻഡീസിന് തോൽവി. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഗെയിലിൻെറ മികവിൽ 50 ഓവറിൽ 360 റൺസ ് എടുത്തിട്ടും അതിദയനീയമായി തോൽക്കാനായിരുന്നു വിധി. മറുപടി ബാറ്റിങ്ങിൽ എട്ടു പന്തുകൾ ശേഷിക്കെ നാലു വിക്കറ്റ ് മാത്രം നഷ്ടത്തിൽ ഇംഗ്ലീഷുകാർ വിജയം നേടി. ഓപ്പണർ ജേസൺ റോയി, ജോ റൂട്ട് എന്നിവരുടെ സെഞ്ചുറികളാണ് ഇംഗ്ലണ്ടിന് ജയ മൊരുക്കിയത്. ജയത്തോടെ അഞ്ചു മൽസരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലണ്ട് 1–0ന് മുന്നിലെത്തി. മൽസരത്തിലാകെ വെസ്റ്റ് ഇൻഡീസ് 23 സിക്സ് നേടി ഒരു ഇന്നിങ്സിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ടീം എന്ന റെക്കോർഡും സ്വന്തമാക്കി.
129 പന്തിൽ മൂന്നു ബൗണ്ടറിയും 12 സിക്സും അടങ്ങുന്നതായിരുന്നു ഗെയ്ലിൻെറ ഇന്നിങ്സ്. ഏകദിനത്തിലെ 24–ാം സെഞ്ചുറിയാണ് ഗെയ്‌ൽ കുറിച്ചത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സുകളെന്ന റെക്കോർഡും ഗെയ്ൽ സ്വന്തമാക്കി. 444 മത്സരങ്ങളിൽ നിന്ന് 477 സിക്സറുകൾ എന്ന നേട്ടമാണ് ഗെയ്ൽ കൈവരിച്ചത്. 524 മത്സരങ്ങളിൽ നിന്നായി 476 സിക്സറുകൾ നേടിയ പാക് താരം അഫ്രീദി ഇതോടെ രണ്ടാമതായി. ഏകദിനത്തിൽ 276, ട്വൻറി 20 യിൽ 103, ടെസ്റ്റിൽ 98 എന്നിങ്ങനെ സിക്സറുകൾ ഗെയ്ൽ അടിച്ചെടുത്തിട്ടുണ്ട്. ബ്രണ്ടൻ മക്കല്ലം (398) ആണ് മൂന്നാമത്. സനത് ജയസൂര്യ (352), രോഹിത് ശർമ (349) എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളിൽ.
ഈ വർഷം നടക്കുന്ന ലോകകപ്പിന് തയ്യാറെടുക്കുന്നതിൻെറ ഭാഗമായാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ടു ഏകദിനങ്ങൾക്കുള്ള ടീമിൽ 39കാരനായ വെറ്ററൻ ബാറ്റ്സ്മാനെ ഉൾപെടുത്തിയത്. കഴിഞ്ഞ ജൂലൈയിൽ ബംഗ്ലാദേശിനെതിരായ പരമ്പരയിലാണ് ക്രിസ് ഗെയ്ൽ വിൻഡീസിനായി അവസാനം കളിച്ചത്. ലോകകപ്പോടെ ഏകദിനത്തിൽ നിന്ന് വിരമിക്കുമെന്ന് ഗെയ്ൽ നേരത്തേ പ്രഖ്യാപിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.