ബി.സി.സി.െഎയുടെ നിയന്ത്രണം സി.ഒ.എ ഏറ്റെടുത്തു; ഭാരവാഹികൾക്ക് കൂച്ചുവിലങ്ങ്
text_fieldsന്യൂഡൽഹി: പുതിയ ഭരണഘടനക്ക് സുപ്രീംകോടതി അനുമതി നൽകിയതിന് പിന്നാലെ ബോർഡ് ഒാഫ് കൺട്രോൾ ഫോർ ക്രിക്കറ്റ് ഇൻ ഇന്ത്യയുടെ (ബി.സി.സി.െഎ) നിയന്ത്രണം കമ്മിറ്റി ഒാഫ് അഡ്മിനിസ്ട്രേറ്റേഴ്സ് (സി.ഒ.എ) ഏറ്റെടുത്തു. ഇതോടെ ബി.സി.സി.െഎയുടെ നിലവിലുള്ള ഭാരവാഹികളുടെ അധികാരത്തിന് കൂച്ചുവിലങ്ങ് വീണു. സെലക്ഷൻ കമ്മിറ്റികളും ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയും ഒഴികെയുള്ള എല്ലാ ഉപസമിതികളും ഇല്ലാതാവുകയും ചെയ്തു.
ആക്ടിങ് പ്രസിഡൻറ് സി.കെ. ഖന്ന, സെക്രട്ടറി അമിതാഭ് ചൗധരി, ട്രഷറർ അനിരുദ്ധ് ചൗധരി എന്നിവരുടെ സ്ഥാനം നഷ്ടമായിട്ടില്ലെങ്കിലും സി.ഒ.എയുടെ മുൻകൂർ അനുമതിയോടെയും പുതിയ ഭരണഘടനക്ക് അനുസൃതമായും മാത്രമേ ഇനി അവർക്ക് പ്രവർത്തിക്കാനാവൂ. ബി.സി.സി.െഎ ഭാരവാഹികൾക്കോ ജീവനക്കാർക്കോ സി.ഒ.എയുടെ മുൻകൂർ അനുമതിയില്ലാതെ ബി.സി.സി.െഎയുടെ ചെലവിൽ വിദേശയാത്രക്ക് അനുമതിയുണ്ടാവില്ല.
സുപ്രീംകോടതി അനുമതി നൽകിയ പുതിയ ഭരണഘടന ഇൗ മാസം 21നാണ് പ്രാബല്യത്തിൽ വന്നതെന്ന് സി.ഒ.എ ചെയർമാൻ വിനോദ് റായിയും അംഗം ഡയനാ എഡുൽജിയും അറിയിച്ചു. ഇതിനുപിറകെയാണ് പഴയ ഭരണഘടന അസാധുവായതായും പുതിയ ഭരണഘടന നിലവിൽവന്നതായും കാണിച്ച് സി.ഒ.എ, ബി.സി.സി.െഎ ഭാരവാഹികൾക്കും പ്രഫഷനൽ മാനേജ്മെൻറ് ബോർഡിനും ഇ-മെയിൽ അയച്ചത്. ഭാരവാഹികളെ പിരിച്ചുവിട്ടിട്ടില്ലെന്നും അവരുടെ അധികാരം നിയന്ത്രിക്കുകയാണ് ചെയ്തതെന്നും വിനോദ് റായ് പറഞ്ഞു.
പുതിയ ഭരണഘടന പ്രകാരം അപെക്സ് കൗൺസിലാണ് ബി.സി.സി.െഎ ഭരണം നിയന്ത്രിക്കേണ്ടത്. അഞ്ച് ഭാരവാഹികളും ബി.സി.സി.െഎ അംഗങ്ങൾ തിരഞ്ഞെടുക്കുന്ന പ്രതിനിധിയും കളിക്കാരുടെ സംഘടനയിൽനിന്നുള്ള രണ്ട് പ്രതിനിധികളും (ഒരു പുരുഷനും ഒരു വനിതയും) കംട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ ഒാഫിസിെൻറ ഒരു പ്രതിനിധിയും അടങ്ങുന്നതാവും അപെക്സ് കൗൺസിൽ. പുതിയ തെരഞ്ഞെടുപ്പ് നടക്കുന്നതുവരെ അപെക്സ് കൗൺസിലിെൻറയും െഎ.പി.എൽ ഗവേണിങ് കൗൺസിലിെൻറയും ചുമതല സി.ഒ.എ വഹിക്കുമെന്ന് വിനോദ് റായ് അറിയിച്ചു. അതുവരെ സി.ഇ.ഒ രാഹുൽ ജോഹ്രിയുടെ നേതൃത്വത്തിലുള്ള പ്രഫഷനൽ മാനേജ്മെൻറ് ബോർഡാണ് ബി.സി.സി.െഎയുടെ ദൈനംദിന ഭരണം നിയന്ത്രിക്കുക.
എം.എസ്.കെ. പ്രസാദ് (ചെയർമാൻ), ദേവാങ് ഗാന്ധി, ശരൺദീപ് സിങ്, ജതിൻ പരഞ്ജ്പെ, ഗഗൻ ഘോഡ എന്നിവരടങ്ങിയ സെലക്ഷൻ കമ്മിറ്റിയും സചിൻ ടെണ്ടുൽകർ, സൗരവ് ഗാംഗുലി, വി.വി.എസ്. ലക്ഷ്മൺ എന്നിവരടങ്ങിയ ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയുമാണ് പുതിയ തീരുമാനപ്രകാരം മാറ്റമില്ലാതെയും അധികാരം കുറയാതെയും തുടരുക.
ബി.സി.സി.െഎയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് വിവിധ കോണുകളിൽനിന്ന് ആരോപണമുയർന്നതിനെ തുടർന്ന് 2014ൽ വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാനായി സുപ്രീംകോടതി ജസ്റ്റിസ് ആർ.എം. ലോധ കമ്മിറ്റിയെ നിയോഗിച്ചിരുന്നു.
2016 ജനുവരിയിൽ ലോധ കമ്മിറ്റി വിശദമായ റിപ്പോർട്ട് സമർപ്പിച്ചു. ഇൗ റിപ്പോർട്ട് നടപ്പാക്കണമെന്ന് സുപ്രീംകോടതി ബി.സി.സി.െഎയോട് ആവശ്യപ്പെെട്ടങ്കിലും ഭാരവാഹികൾ ചെവികൊണ്ടില്ല. തുടർന്ന് 2017 ജനുവരി രണ്ടിന് അനുരാഗ് ഠാകൂർ പ്രസിഡൻറും അജയ് ഷിർകെ സെക്രട്ടറിയുമായുള്ള ഭരണസമിതി പിരിച്ചുവിട്ട സുപ്രീംകോടതി മുൻ കംട്രോളർ ആൻഡ് ഒാഡിറ്റർ ജനറൽ വിനോദ് റായ് ചെയർമാനായുള്ള സി.ഒ.എയെ ബി.സി.സി.െഎയുടെ ഭരണച്ചുമതല ഏൽപിക്കുകയായിരുന്നു. സി.ഒ.എ തയാറാക്കിയ പുതിയ ഭരണഘടനയാണ് അടുത്തിടെ ചില ഭേദഗതികളോടെ സുപ്രീംകോടതി അംഗീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.