ക്രിക്കറ്റിൽ കോവിഡ് സ്പെഷൽ ഇളവുകളുമായി ഐ.സി.സി
text_fieldsദുബൈ: കോവിഡിനു പിന്നാലെ പുനരാരംഭിക്കുന്ന ടെസ്റ്റ് ക്രിക്കറ്റിൽ പുതുമാറ്റങ്ങളുമായി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. കളിക്കിെട കോവിഡ് ലക്ഷണം കാണിക്കുന്ന താരങ്ങൾക്ക് പകരക്കാരെ ഇറക്കാം, പന്തിൽ ഉമിനീർ പുരട്ടുന്നതിന് നിരോധനം, ദ്വിരാഷ്ട്ര പരമ്പരക്ക് അതേ രാജ്യത്തുനിന്നുള്ള അമ്പയർമാരെ ഉപയോഗിക്കാം തുടങ്ങിയ നിർദേശങ്ങൾക്ക് ഐ.സി.സി ചീഫ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗീകാരം നൽകി. അനിൽ കുംെബ്ലയുടെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് കമ്മിറ്റി സമർപ്പിച്ച ശിപാർശകൾക്കാണ് അംഗീകാരം നൽകിയത്. കോവിഡ് ലോക്ഡൗണിനുശേഷം പുനരാരംഭിക്കുന്ന ടെസ്റ്റ് മത്സരങ്ങളിലാണ് പുതിയ നിയമങ്ങൾ ബാധകമാവുക. ഇടക്കാലത്തേക്കാണ് ഈ മാറ്റം.
ഉമിനീർ വേണ്ട; അഞ്ച് റൺസ് പിഴ
പന്തിൽ തിളക്കം കൂട്ടാൻ ഉമിനീരോ കൃത്രിമ വസ്തുക്കളോ ഉപയോഗിക്കാൻ പാടില്ല. വിലക്ക് ലംഘിച്ച് ഫീൽഡിങ് ടീം പന്തിൽ ഉമിനീർ പുരട്ടിയാൽ അമ്പയർ ഒരു ഇന്നിങ്സിൽ രണ്ട് തവണ താക്കീത് ചെയ്യും. ആവർത്തിച്ചാൽ ബാറ്റിങ് ടീമിന് അഞ്ച് റൺസ് അധികമായി നൽകും.
സബ്സ്റ്റിറ്റ്യൂഷൻ
കളിക്കാരിൽ ആരെങ്കിലും കോവിഡ് ലക്ഷണം പ്രകടിപ്പിച്ചാൽ കൺകഷൻ സബ്സ്റ്റിറ്റ്യൂഷൻ അനുവദിക്കും. പുറത്തുപോവുന്ന താരത്തിെൻറ സ്ഥാനത്താവും പകരക്കാരനെ അനുവദിക്കുക. നേരത്തേ തലക്ക് പരിക്കേറ്റാൽ മാത്രമേ കൺകഷൻ അനുവദിച്ചിരുന്നുള്ളൂ. മറ്റ് പരിക്കുകൾക്ക് പകരക്കാരന് ഫീൽഡിങ്ങോ ബൗളിങ്ങോ അനുവദിച്ചിരുന്നില്ല. ടെസ്റ്റിൽ മാത്രമാണ് പുതിയ ഇളവ് ബാധകമാവുക.
ഹോം അമ്പയർ/ അധിക റിവ്യൂ
ദ്വിരാഷ്ട്ര പരമ്പരകളിൽ ന്യൂട്രൽ അമ്പയർ എന്ന നിബന്ധന എടുത്തുമാറ്റി. ഈ സാഹചര്യത്തിൽ എലൈറ്റ് / ഇൻറർനാഷനൽ പാനലിലുള്ള ഹോം അമ്പയറെ ഉപയോഗിക്കാം. ഡി.ആർ.എസ് റിവ്യൂ എണ്ണവും വർധിപ്പിച്ചു. ടെസ്റ്റിൽ മൂന്നും ഏകദിനത്തിൽ രണ്ടും ആയി ഉയർത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.