ലങ്കൻ പര്യടനം; സന്നാഹമത്സരം ഇന്ന്
text_fieldsകൊളംബോ: ശ്രീലങ്കക്കെതിരായ പരമ്പരക്ക് മുന്നോടിയായി ഇന്ത്യ ഇന്ന് സന്നാഹമത്സരത്തിനിറങ്ങും. ശ്രീലങ്ക പ്രസിഡൻറ്സ് ഇലവനെതിരെ കൊളംബോയിലെ ബി.ആർ.സി ഗ്രൗണ്ടിലാണ് ദ്വിദിന മത്സരം. നീണ്ട ഇടവേളക്കുശേഷം ടെസ്റ്റിനിറങ്ങുന്ന രോഹിത് ശർമക്കും ലോകേഷ് രാഹുലിനും ഫോം വീണ്ടെടുക്കാനുള്ള അവസരമായിരിക്കും സന്നാഹമത്സരം.
കഴിഞ്ഞ വർഷം ഒക്ടോബറിൽ ന്യൂസിലൻഡിനെതിരെയാണ് രോഹിത് അവസാനമായി ടെസ്റ്റ് കളിച്ചത്. ന്യൂസിലൻഡിനെതിരായ ഏകദിന പരമ്പരക്കിടെ പരിക്കേറ്റ രോഹിത് ഇൗ കാലയളവിൽ ആഭ്യന്തര മത്സരങ്ങളും കളിച്ചിരുന്നില്ല. എന്നാൽ, െഎ.പി.എല്ലിലും ചാമ്പ്യൻസ് ട്രോഫിയിലും മികച്ച പ്രകടനം നടത്തി തിരിച്ചുവരവ് ഗംഭീരമാക്കിയ രോഹിത് ലങ്കക്കെതിരായ ടെസ്റ്റിൽ ഫോം തുടരാനാകുമെന്ന പ്രതീക്ഷയിലാണ്. ലങ്കക്കെതിരായ പരമ്പരക്ക് മുന്നോടിയായാണ് രോഹിതിന് വിൻഡീസ് പര്യടനത്തിൽനിന്ന് വിശ്രമം അനുവദിച്ചത്.
പരിക്കിൽനിന്ന് തിരിച്ചുവന്ന ഒാപണർ ലോകേഷ് രാഹുലിനും സന്നാഹമത്സരം നിർണായകമാണ്. തോളിന് ശസ്ത്രക്രിയക്കുശേഷം വിശ്രമത്തിലായിരുന്ന രാഹുലിന് െഎ.പി.എൽ, ചാമ്പ്യൻസ് ട്രോഫി, വിൻഡീസ് പര്യടനം എന്നിവ നഷ്ടമായി
രുന്നു.
കൂടുതൽ സമയം ക്രീസിൽ ചെലവഴിക്കാനായിരിക്കും ഇരുവരും ശ്രമിക്കുക. രവി ശാസ്ത്രി പരിശീലകനായി ചുമതലയേറ്റശേഷം നടക്കുന്ന ആദ്യ മത്സരം എന്ന പ്രത്യേകതയും ഇതിനുണ്ട്. ശ്രീലങ്കയിലെ സാഹചര്യത്തിൽ ഇന്ത്യൻ ബൗളർമാരുടെ പ്രകടനം വിലയിരുത്താനുള്ള അവസരം കൂടിയായിരിക്കും സന്നാഹമത്സരം. മുഹമ്മദ് ഷമി, ഇശാന്ത് ശർമ, ഉമേഷ് യാദവ്, ഹാർദിക് പാണ്ഡ്യ, ഭുവനേശ്വർ കുമാർ, അശ്വിൻ, ജദേജ, കുൽദീപ് യാദവ് എന്നിവരെ നായകൻ വിരാട് കോഹ്ലി പരീക്ഷിക്കും. മൂന്നു ടെസ്റ്റും അഞ്ച് ഏകദിനവും ഒരു ട്വൻറി20യുമടങ്ങുന്ന പരമ്പരയിലെ ആദ്യ ടെസ്റ്റ് 26ന് തുടങ്ങും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.