ആസ്ട്രേലിയയുടെ കോവിഡ് പ്രതിരോധത്തിൽ ആശങ്കയുമായി വാർണറും ഫിഞ്ചും
text_fieldsസിഡ്നി: കോവിഡ് 19നെ പ്രതിരോധിക്കാൻ ആസ്ട്രേലിയൻ സർക്കാർ കൈക്കൊള്ളുന്ന നടപടികളിൽ ആശങ്ക അറിയിച്ച് ക്രിക്കറ്റ് താരങ്ങളായ ഡേവിഡ് വാർണറും ആരോൺ ഫിഞ്ചും.
മാർച്ച് 15 മുതൽ മറ്റ് രാജ്യങ്ങളിൽ നിന്ന് ആസ്ട്രേലിയയിൽ വരുന്നവർ 14 ദിവസം സ്വയം നിരീക്ഷണത്തിൽ കഴിയണമെന്ന നിർദേശമാണ് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ നൽകിയത്. കോവിഡ് വ്യാപനം തടയുന്നതിനായാണ് നടപടി.
'രാജ്യത്ത് വരുന്നവർ സ്വയം നിരീക്ഷണത്തിൽ കഴിയുന്നു എന്ന് എങ്ങിനെ സർക്കാറിന് അറിയാൻ കഴിയും' -പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിൽ സംശയം ഉയർത്തി ഒരു മാധ്യമപ്രവർത്തകൻ ട്വീറ്റ് ചെയ്തു. ഇത് റിട്വീറ്റ് ചെയ്ത ആരോൺ ഫിഞ്ച് 'ഇതേ കാര്യത്തെ കുറിച്ച് താനും അമ്പരക്കുകയാണ്' എന്ന് പറഞ്ഞു.
ഫിഞ്ചിന്‍റെ പ്രസ്താവനയോട് തന്‍റെ അഭിപ്രായം കൂട്ടിച്ചേർത്ത് ഡേവിഡ് വാർണറും രംഗത്തെത്തി. 'വിദേശയാത്രികർ എയർപോർട്ടിൽനിന്ന് താമസസ്ഥലത്തെത്താൻ ടാക്സിയോ ബസോ ട്രെയിനോ ഉപയോഗിക്കുമല്ലോ. ഇതിനെ കുറിച്ച് എന്താണ് പറയുന്നത്'. കോവിഡിനെതിരായ പ്രതിരോധത്തിൽ താരങ്ങൾക്കുള്ള ആശങ്ക വെളിവാക്കുന്നതായി ട്വിറ്ററിലെ അഭിപ്രായ പ്രകടനം.
ആസ്ട്രേലിയയിൽ 300 കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. അഞ്ച് പേർ മരിച്ചു. ന്യൂസിലാൻഡിനെതിരായ ആസ്ട്രേലിയയുടെ ഏകദിന പരമ്പര ഒരു മത്സരം മാത്രം പൂർത്തിയാക്കി നിർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.