പന്ത് വെടിക്കെട്ടായി; ഡൽഹിക്ക് 37 റൺസ് ജയം
text_fieldsമുംബൈ: നാലാം കിരീടം തേടി സ്വന്തം മണ്ണിൽ പുതു സീസണിന് തുടക്കമിട്ട മുംബൈ ഇന്ത്യൻസിന് ആദ്യ മത്സരത്തിൽ കൈ പൊള് ളി. സിക്സും ഫോറുമായി ഗാലറി നിറച്ച ഋഷഭ് പന്തിെൻറ (27 പന്തിൽ 78) മികവിൽ ആദ്യം ബാറ്റു ചെയ്ത ഡൽഹി കാപ്പിറ്റൽസ് ആറു വിക്കറ്റ് നഷ്ടത്തിൽ 213 റൺസെടുത്തപ്പോൾ മറുപടിയിൽ മുംബൈ 176ന് പുറത്തായി. ഡൽഹിക്ക് 37 റൺസിെൻറ തകർപ്പൻ ജയം. ടോസിൽ ജയിച്ച മുംബൈ ഡൽഹിയെ ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു.
അരങ്ങേറ്റക്കാരൻ റാസിക് സലാമിലൂടെ ഒാപണിങ് ബൗളിങ് തുടങ്ങിയ ആതിഥേയർക്ക് തുടക്കത്തിലേ പിഴച്ചു. മിച്ചൽ മെക്ലനാൻ, ജസ്പ്രീത് ബുംറ തുടങ്ങി ലോകോത്തര ബൗളർമാരുണ്ടായിട്ടും കാര്യമില്ലാതായി. ശിഖർ ധവാനും (36 പന്തിൽ 43), കോളിൻ ഇൻഗ്രാമും (32പന്തിൽ 47) തുടങ്ങിയ വെടിക്കെട്ടിൽ ഋഷഭ് പന്ത് എണ്ണപകർന്നതോടെ ഡൽഹി ആളിക്കത്തി. 18 പന്തിൽ അർധസെഞ്ച്വറി തികച്ച ഇന്ത്യൻ വിക്കറ്റ് കീപ്പർ അവസാന ഒാവറുകളിൽ ബുംറയെയും റാസിക് സലാമിനെയും നിലംതൊടാതെ പറത്തി. ഏഴ് സിക്സും ഏഴ് ബൗണ്ടറിയും ആ ഇന്നിങ്സിന് ചന്തമായി. ക്യാപ്റ്റൻ ശ്രേയസ് അയ്യർ 16ഉം, പൃഥ്വി ഷാ ഏഴും റൺസെടുത്തു.
മറുപടി ബാറ്റിങ്ങിനെത്തിയ മുംബൈ കരുതലോടെ തുടങ്ങിയെങ്കിലും നാലാം ഒാവറിൽ വിക്കറ്റ് വീഴ്ച ആരംഭിച്ചു. രോഹിത് ശർമയെ (14) ആദ്യം നഷ്ടമായി. ക്വിൻറൺ ഡികോക് (27), സൂര്യകുമാർ യാദവ് (2) എന്നിവരും കൂടാരം കയറി. നാലാം വിക്കറ്റിൽ യുവരാജ് സിങ്ങ് (35 പന്തിൽ 53), കീറോൺ പൊള്ളാഡിനൊപ്പം (21) ആഞ്ഞു വീശിയെങ്കിലും വൻ സ്കോർ മറികടക്കാനുള്ള കെൽപില്ലായിരുന്നു. ക്രുണാൽ പാണ്ഡ്യ (32), ബെൻ കട്ടിങ് (3), ഹാർദിക് പാണ്ഡ്യ (0) എന്നിവർ വന്നുപോയി. ഡൽഹിക്കായി ഇശാന്തും റബാദയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.