മാച്ച് ബാൾ തേടി ധോണി: വിരമിക്കാൻ ഒരുങ്ങുന്നതായി അഭ്യൂഹം
text_fieldsലീഡ്സ്: മഹേന്ദ്ര സിങ് ധോണി ഏകദിനത്തിൽനിന്ന് വിരമിക്കാൻ തയാറെടുക്കുന്നുവെന്ന അഭ്യൂഹം സമീപകാലത്ത് പലതവണ ക്രിക്കറ്റ് ലോകത്ത് ഉയർന്നുകേട്ടതാണ്. അതിനാൽ തന്നെ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിൽ നിറംമങ്ങിയതിനുപിന്നാലെ വീണ്ടും ഇതുസംബന്ധിച്ച വാർത്തകൾ പ്രചരിക്കുന്നതിൽ അത്ഭുതമില്ല. എന്നാൽ, ഇത്തവണ ഒരു സൂചനയുടെ അടിസ്ഥാനത്തിലാണ് ഇതെന്നതിനാൽ കളി കാര്യമായേക്കുമോ എന്ന ആശങ്കയിലാണ് ആരാധകർ.
ഇംഗ്ലണ്ടിനെതിരായ അവസാന ഏകദിനത്തിനുപിന്നാലെ ധോണി മാച്ച് ബാൾ തേടി അമ്പയറെ സമീപിച്ചതാണ് പുതിയ അഭ്യൂഹത്തിന് കാരണം. സാധാരണ മത്സരത്തിൽ വിജയിച്ച ക്യാപ്റ്റനോ നിർണായക പങ്കുവഹിച്ച താരങ്ങളോ ഒക്കെയാണ് സ്മരണികയായി സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ മാച്ച് ബാൾ തേടിയെത്താറുള്ളത്. ഇന്ത്യ തോറ്റ മത്സരത്തിൽ, അതും പരമ്പര അടിയറ വെച്ചശേഷം, മത്സരത്തിലോ പരമ്പരയിലോ മികച്ച പ്രകടനമൊന്നും കാഴ്ചവെക്കാത്ത ധോണി അതിന് തുനിഞ്ഞതാണ് ഇത്തരമൊരു അഭ്യൂഹത്തിനിടയാക്കിയത്. എന്നാൽ, ഇക്കാര്യം ടീം മാനേജ്മെൻറ് തള്ളിക്കളഞ്ഞു.
ധോണി ടെസ്റ്റിൽനിന്ന് വിരമിച്ചത് അപ്രതീക്ഷിതമായിട്ടായിരുന്നു. 2014ൽ ആസ്ട്രേലിയൻ പരമ്പരക്കിടെയായിരുന്നു ഇത്. അതിനുശേഷവും ഏകദിനത്തിലും ട്വൻറി20യിലും ടീമിൽ തുടർന്നെങ്കിലും ധോണിയുടെ സ്കോറിങ് വേഗം കുറഞ്ഞതായും സ്വതസിദ്ധമായ ഫിനിഷിങ് വൈഭവം കൈമോശം വന്ന് തുടങ്ങിയതായും വിമർശനമുയർന്നിരുന്നു. ഇതിനുപിന്നാലെയാണ് ധോണി ഉടൻ വിരമിച്ചേക്കുമെന്ന് അഭ്യൂഹങ്ങൾ വ്യാപകമായത്. എന്നാൽ, 2019 ഏകദിന േലാകകപ്പ് വരെയെങ്കിലും ടീമിലുണ്ടാവുമെന്ന് അടുത്തിടെ 37കാരൻ വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.