വിശ്രമമല്ല, ഒഴിവാക്കിയത്; ട്വന്റി20യിൽ ധോണി യുഗം അവസാനിക്കുന്നു
text_fieldsമുംബൈ:ഇന്ത്യയുടെ ട്വന്റി20 പരമ്പരകൾക്കുള്ള ടീമിൽനിന്നും ധോണിക്ക് വിശ്രമം അനുവദിച്ചതാണെന്ന വാദം തെറ്റെന്ന് റിപ്പോർട്ടുകൾ. ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ധോണിക്ക് വിശ്രമം അനുവദിക്കുകയല്ല, മറിച്ച് അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തി സെലക്ഷൻ കമ്മിറ്റി ടീമിൽ നിന്നും ഒഴിവാക്കുകയായിരുന്നു.
2020ൽ ആസ്ട്രേലിയയിൽ നടക്കുന്ന ട്വന്റി20 ലോകകപ്പിനു മുന്നോടിയായി ധോണിക്കു പകരക്കാരനെ കണ്ടെത്താനാണ് സെലക്ഷൻ കമ്മിറ്റിയുടെ തീരുമാനം. ട്വന്റി20 ലോകകപ്പ് വരെ ധോണി കരിയർ നീട്ടില്ലെന്ന് കണക്ക് കൂട്ടിയ സെലക്ടർമാർ ടീം മാനേജ്മെന്റ് മുഖേന താരവുമായി ബന്ധപ്പെട്ടിരുന്നു.
ട്വന്റി20യിൽ ധോണി യുഗം അവസാനിച്ചെന്ന സൂചനകളാണ് ലഭിക്കുന്നത്. ഏകദിനത്തിൽ തുടരുന്ന കാര്യം സെലക്ടർമാർ ധോണിക്കു തന്നെ വിട്ടിരിക്കുകയാണ്. അടുത്ത വർഷം ഇംഗ്ലണ്ടിൽ നടക്കുന്ന ഏകദിന ലോകകപ്പോടെ ധോണി ക്രിക്കറ്റ് വിടും. ലോകകപ്പ് വരെ ധോണിയെ ടീമിന് വേണമെന്ന പക്ഷക്കാരാണ് സെലക്ഷൻ കമ്മിറ്റി.
ബാറ്റിൽ പരാജയപ്പെടുമ്പോൾ വിക്കറ്റിനു പിന്നിൽ ഓരോ മൽസരം കഴിയുന്തോറും അപാര ഫോമിലേക്കുയരുകയാണ് ധോണി. അത്ര മെച്ചമല്ലാത്ത ക്യാപ്റ്റൻസിയിൽ കോഹ്ലിക്ക് ഉപദേശം നൽകാൻ ധോണി ടീമിൽ തുടരേണ്ടത് ആവശ്യമാണെന്ന പക്ഷക്കാരാണ് സെലക്ടർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.