നൂല്‍പ്പാലത്തില്‍ ഇംഗ്ളീഷ് ജയം
text_fieldsചിറ്റഗോങ്: ജയപരാജയങ്ങള്‍ക്കിടയില്‍ ഞായറാഴ്ച ബംഗ്ളാദേശിന് ഉറക്കമില്ലാത്ത രാത്രിയായിരുന്നു. ഇംഗ്ളണ്ടിനെതിരെ ചരിത്രത്തില്‍ ആദ്യമായി ടെസ്റ്റ് ജയിക്കാന്‍ വേണ്ടത് വെറും 33 റണ്‍സ്. പക്ഷേ, കൈയില്‍ ശേഷിച്ചത് വെറും രണ്ടു വിക്കറ്റ്. 59 റണ്‍സുമായി ക്രീസില്‍ നിന്ന സബ്ബിര്‍ റഹ്മാനിലായിരുന്നു പ്രതീക്ഷകളത്രയും. മറുവശത്ത് ക്രിക്കറ്റ് ചരിത്രം തുടങ്ങിവെച്ച ഇംഗ്ളണ്ടിനും ഉറക്കം നഷ്ടപ്പെട്ട രാത്രി. ക്രിക്കറ്റിലെ പയ്യന്‍സില്‍നിന്ന് കാര്‍ന്നോര്‍മാര്‍ തോല്‍വി ഏല്‍ക്കുമോ എന്ന പേടി. എങ്കിലും മുന്‍തൂക്കം ഇംഗ്ളീഷ് പടക്കൊപ്പമായിരുന്നു.
ആശങ്കകളുടെ ആകാശത്തിനു കീഴില്‍ അഞ്ചാം ദിനം പക്ഷേ, ബെന്‍സ്റ്റോക്കിന്‍െറ ഒരോവറിലെ മൂന്നു പന്തില്‍ അവസാനിച്ചു. തലേന്നത്തെ 11 റണ്‍സിനൊപ്പം അഞ്ചു റണ്‍സുകൂടി ചേര്‍ത്ത തൈജുല്‍ ഇസ്ലാമിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയ സ്റ്റോക്ക് ഒരു പന്തിന്‍െറ ഇടവേളക്കുശേഷം ഷഫിഉല്‍ ഇസ്ലാമിനെ റണ്ണെടുക്കാതെ വിക്കറ്റിനു മുന്നില്‍ കുടുക്കി ആദ്യ ടെസ്റ്റില്‍ ഇംഗ്ളണ്ടിന് 22 റണ്‍സിന്‍െറ വിജയമൊരുക്കി. അപ്പോഴും മറുവശത്ത് 64 റണ്‍സുമായി സബ്ബിര്‍ റഹ്മാന്‍ ഏകാകിയായി നില്‍ക്കുകയായിരുന്നു. സ്കോര്‍ ഇംഗ്ളണ്ട്: 293, 248. ബംഗ്ളാദേശ് 248, 263. ജയിക്കാന്‍ 286 റണ്‍സ് ലക്ഷ്യവുമായി രണ്ടാമിന്നിങ്സിന് ഇറങ്ങിയ ബംഗ്ളാദേശിനായി ഇംറുല്‍ ഖയിസിന്‍െറ 43ഉം ക്യാപ്റ്റന്‍ മുഷ്ഫിഖുര്‍ റഹ്മാന്‍െറ 39ഉം കഴിഞ്ഞാല്‍ സബ്ബിറിന്‍െറ അപ്രതിരോധ്യ ഇന്നിങ്സ് മാത്രമേ തുണയുണ്ടായുള്ളു.
നാലാം ദിവസത്തെ കളി എട്ടു വിക്കറ്റ് നഷ്ടത്തില്‍ 253 റണ്‍സില്‍ നിര്‍ത്തിയ ബംഗ്ളാദേശിന് ജയിക്കാന്‍ ആവശ്യമായ 33 റണ്‍സ് രണ്ടു വിക്കറ്റിന്‍െറ ബലത്തില്‍ സബ്ബിര്‍ അടിച്ചെടുക്കുമെന്നു കരുതിയതാണ്. പക്ഷേ, വാലറ്റത്തിന്‍െറ പരിചയമില്ലായ്മയും പിച്ചിന്‍െറ രാവിലത്തെ അനുകൂലാവസ്ഥയും മുതലെടുത്ത ഇംഗ്ളണ്ടിനു മുന്നില്‍ വെറും മൂന്നര ഓവറിന്‍െറ ആയുസ്സേ ബംഗ്ളാദേശിന് ശേഷിച്ചുള്ളു. രണ്ടാമിന്നിങ്സില്‍ 85 റണ്‍സും രണ്ടിന്നിങ്സിലുമായി ആറു വിക്കറ്റും വീഴ്ത്തിയ ബെന്‍ സ്റ്റോക്കാണ് മാന്‍ ഓഫ് ദ മാച്ച്. രണ്ടു ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയില്‍ ഒടുവിലത്തെ മത്സരം ഈ മാസം 28ന് ധാക്കയില്‍ ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.