‘മഹേന്ദ്ര’ജാലത്തിന്‍റെ ഒന്നര പതിറ്റാണ്ട്
text_fieldsമഹേന്ദ്ര സിങ് ധോണി ലോക ക്രിക്കറ്റിൽ താരതമ്യപ്പെടുത്താൻ പറ്റാത്ത ഒരേയൊരു എം.എസ്.ഡി ആവുന്നത് അയാളുടെ ഗെയിമിനോടുള്ള സമീപനം കൊണ്ടാണ്. തീർത്തും അൺഓർത്തോഡോക്‌സ് ആയ ശൈലിയിൽ നേടിയ റൺസിന്‍റെ കൂമ്പാരവും, ക്യാപ്റ്റൻസിയിലെ അനുപമമായ നേട്ടങ്ങളും, ലോവർ ഓർഡറിലെ അഭൂതപൂർവമായ റൺ ശരാശരിയും, തൊട്ടതെല്ലാം പൊന്നാക്കുന്ന മിഡാസ് ടച്ചുമൊക്കെയാവും അയാളെപ്പറ്റി ആളുകൾ ഓർത്തിരിക്കാൻ പോവുന്നത്. അതൊക്കെയും ലിമിറ്റഡ് ഓവർ ക്രിക്കറ്റിലെ എണ്ണപ്പെട്ട നേട്ടങ്ങൾ തന്നെയാണ്. പക്ഷേ, ധോണി വ്യത്യാസപ്പെടുന്നത് അതിലൊക്കെയുപരി അയാൾ ക്രിക്കറ്റ് എന്ന കളിയെ വിലയിരുത്തുന്ന ഏറെക്കുറെ വിചിത്രമായ ഒരു രീതി കാരണമാണ്.
എവിടെയൊക്കെയോ ഫുട്‌ബോൾ പരിശീലകൻ യുർഗൻ ക്ലോപ്പിനെ അനുസ്മരിപ്പിക്കുന്നുണ്ടയാൾ. അങ്ങേയറ്റം പാഷനോടെ ഒരു മത്സരത്തെ കാണുകയും, അതിനു വേണ്ടി സർവം അർപ്പിക്കുകയും, എന്നാൽ ജയമായാലും പരാജയമായാലും അറ്റ് ദ എൻഡ് ഓഫ് ദ ഡേ അതൊരു ഗെയിം ആയിരുന്നു എന്ന നിലപാടിൽ അതിൽ നിന്ന് വിഘടിച്ചു നിൽക്കുകയും ചെയ്യാൻ ഇരുവർക്കും കഴിയുന്നുണ്ട്.
നീളൻ മുടി കാറ്റിൽ പറത്തി, പടുകൂറ്റൻ സിക്സറുകൾ കൊണ്ട് ശ്രദ്ധയാകർഷിച്ച റാഞ്ചിക്കാരൻ പയ്യൻ എപ്പോഴാണ് അങ്ങിങ്ങായി നരച്ച താടിയും മുടിയുമുള്ള ധോണി പാജിയിലേക്ക് മാറിയത് എന്ന് ഓർത്തെടുക്കാൻ പറ്റുന്നില്ല. ആദ്യ ടി20 ലോകകപ്പിലെ ക്യാപ്റ്റൻ സ്ഥാനം ഉള്ളിൽ ഉറങ്ങിക്കിടന്ന നായകനെ ഉണർത്തിയതാണോ അതോ ധോണിയിലെ സ്ട്രീറ്റ് സ്മാർട്ട് ക്രിക്കറ്റർ തന്നിലർപ്പിതമായ ജോലി ഭംഗിയായി നിർവഹിക്കാൻ തക്കവണ്ണം അഡാപ്റ്റ് ചെയ്തതാണോ എന്നറിയില്ല. എന്തായാലും ആ തീരുമാനം അടിമുടി മാറ്റിമറിച്ചത് ഇന്ത്യൻ ക്രിക്കറ്റിനെയെന്ന പോലെ മഹിയെ കൂടെയാണ്.
ഏതൊരു മികച്ച ക്യാപ്റ്റനും ചെയ്തതേ ഒരുപക്ഷേ അയാളും ചെയ്തിരിക്കയുള്ളൂ. പക്ഷേ, വ്യത്യസ്തമായ ബൗളിങ് മാറ്റങ്ങളും, സ്പിന്നർമാരെ ഇന്നിങ്സിന്‍റെ തുടക്കത്തിലും അതുപോലെ ഡെത്ത് ഓവറുകളിലുമൊക്കെ ഉപയോഗിച്ച രീതിയും, ഇരയെ ഇട്ടുകൊടുത്ത് വിക്കറ്റ് നേടുന്ന കൗശലവുമൊക്കെ കൗതുകം പിടിച്ചുപറ്റുന്നതായിരുന്നു.
ആദ്യ ടി20 ലോകകപ്പിൽ താരതമ്യേന യുവനിരയെ കിരീടത്തിലേക്ക് നയിച്ചു എന്നതുപോലെത്തന്നെ ജയിച്ച രീതിയും അയാളെ ഒരു സെപ്പറേറ്റ് ബ്രാൻഡ് ആക്കി. ബൗൾ ഔട്ടിൽ പ്രോപ്പർ ബൗളർമാർക്ക് പകരം സേവാഗും ഉത്തപ്പയുമൊക്കെ കുറ്റി തെറിപ്പിച്ചത് ക്രിക്കറ്റ് ഉള്ളിടത്തോളം കാലം ഇന്ത്യക്കാർ ഓർക്കും. നിൽക്കക്കള്ളിയില്ലാതെ എടുത്ത തീരുമാണെങ്കിൽ പോലും ജോഗീന്ദർ ശർമയെ പോലൊരു ബൗളറെ വെച്ച് ലോകകപ്പ് ഫൈനലിന്‍റെ അവസാന ഓവർ ഡിഫൻഡ് ചെയ്തതൊന്നും ഹീറോയിസം എന്നതിൽ കുറഞ്ഞ് എങ്ങനെയും വിശദീകരിക്കാൻ സാധ്യമല്ല.
സാമ്പ്രദായിക രീതികളോട് പ്രത്യേകിച്ചു യാതൊരു വിവക്ഷയും വെച്ചുപുലർത്താതിരുന്ന അയാൾ ഇന്ത്യൻ ക്രിക്കറ്റിനെ ഏതാണ്ട് കീഴ്മേൽ മറിച്ചു. ഒരു ചാമ്പ്യൻ സൈഡിൽ നിന്നും ഇന്ത്യയെ വ്യത്യസ്തമാക്കിയിരുന്നത് ഫീൽഡിങ്ങിലെയും, ചേസിങ്ങിലെയും, ഡെത്ത് ഓവർ ബൗളിങ്ങിലെയും അപാകതകളായിരുന്നു പ്രധാനമായും. ചേസിങ്ങിൽ യുവി-ധോണി സഖ്യം മുന്നിൽനിന്നു നയിച്ചപ്പോൾ സഹീർ ഖാനെയും സ്പിന്നർമാരെയുമൊക്കെ വച്ച് ബൗളിങ് യൂനിറ്റ് തരക്കേടില്ലാതെ കൊണ്ടുപോയി. ഒരു ടൈറ്റ് ഫീൽഡിങ് യൂനിറ്റ് സൃഷ്ടിക്കുന്നതിന് വേണ്ടി സീനിയർ താരങ്ങളെ പുറത്തിരുത്തുന്നതിലും വലിയ സന്ദേഹമൊന്നും കാണിച്ചില്ല.
ലോകകപ്പ് ഫൈനലിൽ ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഇന്നിങ്സുകളിൽ ഒന്നോടെ കിരീടം നേടിക്കൊടുത്തുകൊണ്ട് അയാൾ ഇതിനെല്ലാം അടിവരയിട്ടു. തോറ്റു എന്നു കരുതിയേടത്ത് നിന്നും ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ഇഷാന്ത് ശർമ്മയുടെ ഒരോവറിൽ അയാൾ ടീമിനെ വിജയ തീരത്തേക്ക് വലിച്ചിട്ടത് അക്ഷരാർത്ഥത്തിൽ ഒരു ഗാംബിൾ തന്നെയായിരുന്നു. എളുപ്പത്തിൽ ചേസ് ചെയ്യാവുന്ന സ്‌കോർ പ്രതിരോധിക്കാൻ കൂട്ടത്തിൽ നന്നായി തല്ല് കൊണ്ട ഇഷാന്ത് ശർമ്മയെ തന്നെ വീണ്ടും ഇട്ടുകൊടുത്ത് അവരുടെ അമിതാത്മവിശ്വാസത്തെ മുതലെടുക്കാനാണ് ഞാൻ ശ്രമിച്ചത് എന്ന് വളരെ ലളിതമായി അയാൾ പറഞ്ഞപ്പോൾ വിശ്വസിക്കാതെ നിവൃത്തിയില്ലായിരുന്നു.
ആരാധകരുടെയും ക്രിക്കറ്റ് പണ്ഡിറ്റുകളുടെയുമൊക്കെ മനസ്സിലെ ചോദ്യമായിരുന്നു, വാട്ട് ഈസ് ഗോയിങ് ഓൺ ഇൻസൈഡ് ദാറ്റ് ഹെഡ് എന്നത്. സെക്കന്‍റിന്‍റെ അംശങ്ങളിലൊന്നു കൊണ്ട് സ്റ്റംപ് ചെയ്യുന്ന, അമ്പയർക്ക് മുന്നേ അത് പ്രവചിക്കുന്ന, ധോണി റിവ്യൂ സിസ്റ്റം എന്നൊരു പ്രയോഗം തന്നെയുണ്ടാക്കിയ, എളുപ്പമുള്ള റൺ ചേസുകൾ പോലും അവസാന ഓവറുകളിൽ മാത്രം ഫിനിഷ് ചെയ്യാൻ ശ്രമിക്കുന്ന അയാൾ എങ്ങനെയാവും തീരുമാനങ്ങൾ എടുക്കുക എന്നത് രസകരമായ ഒരു ചോദ്യം തന്നെയാണ്.
ഒരു ടിപ്പിക്കൽ റൺ ചേസിന് ശേഷം അയാൾ തന്നെ ഒരിക്കൽ അത് ഏറെക്കുറെ വിശദീകരിക്കുകയുണ്ടായി. ഹൗ മച്ച് ഇസ് റ്റൂ മച്ച് ഫോർ ധോണി എന്നതായിരുന്നു ചോദ്യം. കളി ജയിക്കുമോ തോൽക്കുമോ എന്നതിനേക്കാൾ പ്രധാനം ഈ പ്രോസസിൽ വിശ്വസിക്കുക എന്നതാണ് പ്രധാനം എന്നായിരുന്നു മറുപടി. നമ്മുടെ കണക്കു കൂട്ടൽ തെറ്റാകാം ശരിയാകാം, എന്നാൽ ആ സംശയത്തോട് കൂടി കളിച്ചാൽ ഒരിക്കലും നന്നായി പെർഫോം ചെയ്യാൻ കഴിയില്ല. തന്‍റെ പരിചയസമ്പത്ത് ഉപയോഗിച്ച് മറുവശത്തുള്ള ബാറ്റ്‌സ്മാനെ കൂടി സഹായിക്കുക, പരമാവധി സിംഗിളുകൾ ഓടിയെടുക്കുക, ബൗളർ എന്തായിരിക്കും ചെയ്യുക എന്നത് ചിന്തിക്കുക, ഈ കാര്യങ്ങളൊക്കെ പ്രധാനമാണ്. അതൊക്കെയാണ് ഒരു ഫിനിഷറുടെ ജോലി.
അയാളുടെ തീരുമാനങ്ങളും കണക്കുകൂട്ടലുകളും പലതും തെറ്റിയിരിക്കാം. പക്ഷെ അയാളുടെ തന്നെ ഭാഷയിൽ, ജസ്റ്റ് ട്രസ്റ്റ് ദ പ്രോസസ്. ബിക്കോസ് ദാറ്റ്സ് ആൾ വി ക്യാൻ ഡൂ. അറ്റ് ദ എൻഡ് ഓഫ് ദ ഡേ ദിസ് ഇസ് ജസ്റ്റ് ആ ഗെയിം ആഫ്റ്റർ ആൾ..
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.