ഇന്ത്യയെ തകർത്തു; വനിതാ ലോകകപ്പ് കിരീടം ഇംഗ്ലണ്ടിന്
text_fieldsലണ്ടൻ: 34 വർഷം മുമ്പ് കപിൽദേവും കൂട്ടരും വെട്ടിപ്പിടിച്ച ക്രിക്കറ്റിെൻറ തിരുമുറ്റത്ത് ചരിത്രമെഴുതാൻ കിട്ടിയ സുന്ദരമായ അവസരം മിഥാലിരാജും കൂട്ടരും കളഞ്ഞുകുളിച്ചു. മൂന്നുവട്ടം ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനു മുന്നിൽ കലാശപ്പോരിൽ ഒമ്പത് റൺസിന് ഇന്ത്യൻ വനിതകൾ കീഴടങ്ങി. ഒരു ഘട്ടത്തിൽ അനായാസം വിജയത്തിലേക്ക് കുതിച്ച ഇന്ത്യ ലക്ഷ്യബോധമില്ലാതെ വിക്കറ്റ് വലിച്ചെറിഞ്ഞ് ഇംഗ്ലണ്ടിന് വിജയം സമ്മാനിക്കുകയായിരുന്നു.228 റൺസിൽ ഇംഗ്ലണ്ടിെന പിടിച്ചുനിർത്തിയ ഇന്ത്യൻ വനിതകൾ വെറും 28 റൺസിനാണ് അവസാനത്തെ ഏഴ് വിക്കറ്റുകൾ തുലച്ചത്. ഷറബ്സോളിെൻറ ആറു വിക്കറ്റ് പ്രകടനത്തിന് മുന്നിൽ ഇന്ത്യൻനിര തകർന്നടിയുകയായിരുന്നു. സ്കോർ: ഇംഗ്ലണ്ട്: 228/7, ഇന്ത്യ 219.
229 റൺസ് വിജയലക്ഷ്യവുമായി കളത്തിലിറങ്ങിയ ഇന്ത്യയുടെ ഒാപണർ സ്മൃതി മന്ദാന (0) പുറത്തായതിെൻറ ഞെട്ടലോടെയാണ് ഇന്ത്യ ബാറ്റിങ് തുങ്ങിയത്. അന്യ ഷറബ്സോളിെൻറ പന്തിൽ എൽ.ബിയിൽ കുടുങ്ങി പുറത്താവുകയായിരുന്നു. എന്നാൽ, പൂനം റോത്ത്, ക്യാപ്റ്റൻ മിതാലി രാജിനെയും കൂട്ടുപിടിച്ച് സ്കോറുയർത്തി. പതുക്കെ ഇന്ത്യൻ സ്കോർ ചലിച്ചെങ്കിലും ക്യാപ്റ്റൻ മിതാലി രാജ് റണ്ണൗട്ടായതോടെ ഇന്ത്യ വീണ്ടും പ്രതിസന്ധിയിലായി. റോത്തും (86) സെമിയിലെ സെഞ്ച്വറി താരം ഹർമൻപ്രീതും(51) ചേർന്ന് ഇന്ത്യക്ക് വിജയപ്രതീക്ഷ നൽകി. 95 റൺസിെൻറ കൂട്ടുകെട്ടാണ് ഇരുവരും പടുത്തുയർത്തിയത്. വേദകൃഷ്ണമൂർത്തി (35) പുറത്തായതിനുപിന്നാലെ പാണ്ഡെ റണ്ണൗട്ടായതോടെ കളി വീണ്ടും ആവേശഭരിതമായി. അവസാനത്തിൽ ഗെയ്ക്ക് വാദും (0) പുറത്തായതോടെ ഇന്ത്യ തോൽവി സമ്മതിച്ചു.
ടോസ് നേടിയ ഇംഗ്ലീഷ് ക്യാപ്റ്റൻ ഹീതർ നൈറ്റ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 47 റൺസിെൻറ കൂട്ടുകെട്ടുമായി കുതിച്ച ഇംഗ്ലണ്ടിന് ആദ്യപ്രഹരം ഏൽക്കുന്നത് ഗെയ്ക്ക്വാദിെൻറ ബൗളിലായിരുന്നു. സ്വീപിനുള്ള ലോറൻ വിൻഫീൽഡിെൻറ (24) ശ്രമം പരാജയപ്പെട്ടപ്പോൾ ലെഗ് സ്റ്റംപ് തെറിച്ചു. തൊട്ടുപിന്നാലെ ടാമി ബ്യൂമൗണ്ട് (23) പൂനംയാദവിെൻറ പന്തിലും പുറത്തായി. ക്രീസിലെത്തിയ ക്യാപ്റ്റൻ ഹീതർ നൈറ്റ് (1) പൂനം യാദവിെൻറ പന്തിൽതന്നെ പുറത്തായതോടെ ഇംഗ്ലണ്ട് വൻ തകർച്ചനേരിട്ടതാണ്.
എന്നാൽ, നാലാം വിക്കറ്റിൽ വിക്കറ്റ് കീപ്പർ സാറാ ടെയ്ലറും(45) നതാലി സീവറും (51) ടീമിനെ കരകയറ്റുകയായിരുന്നു. 83 റൺസിെൻറ ഇൗ കൂട്ടുകെട്ട് പൊളിച്ചത് ജൂലൻ ഗോസ്വാമിയായിരുന്നു. ഇരുവരെയും ഗോസ്വാമി തന്നെ പുറത്താക്കി. കത്രീന ബ്രോണ്ട് 34 റൺസെടുത്തപ്പോൾ ലോറ മാർഷും (14) ജന്നിഗണ്ണും (25) പുറത്താകാതെനിന്നു. പത്ത് ഒാവറിൽ 23 റൺസ് മാത്രം വിട്ടുകൊടുത്ത് ഗോസ്വാമി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ, പൂനം യദവ് രണ്ടും രാജേശ്വരി ഗെയ്ക്ക്വാദ് ഒരു വിക്കറ്റും വീഴ്ത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.