സ്പിൻ ഇതിഹാസം അബ്ദുൽ ഖാദിർ അന്തരിച്ചു
text_fieldsലാഹോർ: പാകിസ്താൻ ക്രിക്കറ്റിലെ സ്പിൻ ഇതിഹാസം അബ്ദുൽ ഖാദിർ (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ലാഹോറിലായിരുന്നു അന്ത്യം. സെപ്റ്റംബർ 15ന് തെൻറ 64ാം പിറന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിനിടെയാണ് വേർപാട്. 1970, 80 കാലഘട്ടങ്ങളിൽ പാക് ബൗളിങ്ങിെൻറ നെടുംതൂണായിരുന്നു അബ്ദുൽ ഖാദിർ.
എതിർ ബാറ്റ്സ്മാൻമാരെ ആശയക്കുഴപ്പത്തിലാക്കുന്ന ഡാൻസിങ് ആക്ഷനും ടേണുംകൊണ്ട് ഖാദിർ നടന്നുകയറിയത് ലെഗ് സ്പിന്നിെൻറ പരിഷ്കർത്താവ് എന്ന പദവിയിലേക്കായിരുന്നു. കൈവിരലുകളിൽ ഒളിപ്പിച്ച മാന്ത്രികതയുമായി ക്രീസിനെ അദ്ദേഹം അടക്കിവാണപ്പോൾ അതേ മാതൃക പിന്തുടർന്ന് ഒരുപിടി സ്പിൻ ഇതിഹാസങ്ങൾ വളർന്നു.
മുഷ്താഖ് അഹമ്മദ്, ഷെയ്ൻ വോൺ തുടങ്ങിയവരുടെ ഗുരുതുല്യനും കൂടിയായിരുന്നു ഖാദിർ. 1977 ഡിസംബർ 14ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് മത്സരത്തിലൂടെയായിരുന്നു അരങ്ങേറ്റം. 1990 വരെ ടെസ്റ്റ് കളിച്ചു.
67 മത്സരങ്ങളിൽ 236 വിക്കറ്റുകൾ സ്വന്തം പേരിലാക്കി. 1983 ജൂണിൽ ന്യൂസിലൻഡിനെതിരായിരുന്നു ഏകദിന അരങ്ങേറ്റം. 1993ൽ വിരമിക്കുേമ്പാഴേക്കും 132 വിക്കറ്റുകളും നേടി. 1987ൽ ഇംഗ്ലണ്ടിനെതിരെ ഒരു ഇന്നിങ്സിൽ ഒമ്പതു വിക്കറ്റ് വീഴ്ത്തിയതായിരുന്നു ഏറ്റവും മികച്ച വ്യക്തിഗത പ്രകടനം. ആ പരമ്പരയിൽ മൂന്ന് ടെസ്റ്റിലായി 30 വിക്കറ്റു വീഴ്ത്തി.
ഗൂഗ്ലിയും ഫ്ലിപ്പറും ആയുധമാക്കിയാണ് ഖാദിർ 70-80 കാലഘട്ടത്തിൽ പാകിസ്താൻ ബൗളിങ്ങിെൻറ നെടുംതൂണായി വാണത്. ഏതാനും മത്സരങ്ങളിൽ പാകിസ്താൻ നായകനുമായിരുന്നു. വിരമിച്ച ശേഷം പാക് സെലക്ടറായും കമേൻററ്ററായും പ്രവർത്തിച്ചു. ക്രിക്കറ്റർ ഉമർ അക്മൽ മരുമകനാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.