മുൻ പാക് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് താരം സഫർ സർഫ്രാസ് കോവിഡ് ബാധിച്ച് മരിച്ചു
text_fieldsപെഷാവർ: മുൻ പാകിസ്താൻ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റ് താരം സഫർ സർഫ്രാസ് (50) കോവിഡ് 19 ബാധിച്ച് മരിച്ചതായി ദേശീയ മാധ്യമ ങ്ങൾ റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് അദ്ദേഹത്തിന് കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. മൂന്ന ു ദിവസത്തോളം പെഷാവറിലെ ലേഡി റീഡിങ് ആശുപത്രിയിലെ വെന്‍റിലേറ്ററിലായിരുന്നെന്ന് ജിയോ ടി.വി റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച രാത്രിയായിരുന്നു അന്ത്യം.
ഇടങ്കയ്യൻ ബാറ്റ്സ്മാനും ബൗളറുമായിരുന്ന സർഫ്രാസ് 1988ലാണ് ആഭ്യന്തര ക്രിക്കറ്റിൽ അരങ്ങേറിയത്. 15 ഫസ്റ്റ്ക്ലാസ് മത്സരങ്ങളിൽ നിന്നായി പെഷാവറിന് വേണ്ടി 616 റൺസ് നേടിയിട്ടുണ്ട്. 1994ലാണ് വിരമിച്ചത്. വിരമിച്ച ശേഷം പെഷാവർ സീനിയർ, അണ്ടർ 19 ടീമുകളുടെ പരിശീലകനായും പ്രവർത്തിച്ചു.
അന്തരിച്ച മുൻ പാക് അന്താരാഷ്ട്ര ക്രിക്കറ്റ് താരം അഖ്തർ സർഫ്രാസിന്‍റെ സഹോദരനാണ്. 1997 ഡിസംബർ മുതൽ 1998 ഒക്ടോബർ വരെ നാല് ഏകദിനങ്ങളിൽ അഖ്തർ പാക് കുപ്പായമണിഞ്ഞിട്ടുണ്ട്.
കഴിഞ്ഞയാഴ്ച പ്രമുഖ പാക് സ്ക്വാഷ് കളിക്കാരൻ അസം ഖാൻ (95) ലണ്ടനിൽ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. 1959 മുതൽ 1962 വരെ തുടർച്ചയായി നാല് വർഷം ബ്രിട്ടീഷ് ഓപൺ കിരീടം നേടിയയാളാണ് അസം ഖാൻ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.