സ്പോർട്സ് ഹബിൽ ഇന്ത്യ ചരിത്രമെഴുതുമോ?
text_fieldsരാജ്കോട്ടിലെ ത്രസിപ്പിക്കുന്ന വിജയത്തിെൻറ ചോരത്തിളപ്പിൽ ചൊവ്വാഴ്ച ഗ്രീൻഫീൽഡിൽ പറന്നിറങ്ങുന്ന കിവികളെ കൂട്ടിലാക്കാൻ കോഹ്ലിക്കും സംഘത്തിനുമായാൽ തിരുവനന്തപുരം സ്പോർട്സ് ഹബിൽ ഇന്ത്യ രചിക്കുന്നത് ചരിത്രമായിരിക്കും. ട്വൻറി20 പരമ്പരയുടെ കാര്യത്തിൽ നാളിതുവരെ ഇന്ത്യക്ക് എത്തിപ്പെടാൻ കഴിയാത്ത തുരുത്താണ് ന്യൂസിലാൻഡ്. കളിച്ച ഏഴ് ട്വൻറി20കളിൽ ആറിലും ജയിച്ചത് ന്യൂസിലാൻഡ്. അതുകൊണ്ട് കുട്ടി ക്രിക്കറ്റിലെ ഒന്നാം നമ്പറുകാരെ സ്പോർട്സ് ഹബിൽ തൂത്തുവാരിയാൽ കോഹ്ലിയുടെ തൊപ്പിയിൽ ഒരു പൊൻതൂവൽകൂടി പറന്നെത്തും. ഒപ്പം ഇന്ത്യയുടെ എട്ടാം പരമ്പര നേട്ടവും. ഇതിനെല്ലാം പുറമേ നീലപ്പടയുടെ കിരീടധാരണവും അനന്തപുരിക്ക് നേരിട്ട് കാണാം. മറിച്ചായാൽ, നല്ല രാത്രിയുടെ ഓർമകളുമായി ഉള്ളിൽ നിരാശയുമായാകും ഒാരോ ഇന്ത്യൻ ക്രിക്കറ്റ് പ്രേമിയും മടങ്ങുക.
അവസാനിക്കുന്നത് 29 വർഷത്തെ കാത്തിരിപ്പ്
കാര്യവട്ടത്തെ പുല്‍ത്തകിടിയിലേക്ക് കുട്ടിക്രിക്കറ്റിെൻറ കൊട്ടിക്കലാശത്തിന് ടീമുകൾ എത്തുമ്പോൾ തലസ്ഥാനത്തിെൻറ 29 വര്‍ഷത്തെ കാത്തിരിപ്പിനാണ് അവസാനമാകുന്നത്. 1988 ജനുവരി 25ലെ ഇന്ത്യ-^വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തോടെയായിരുന്നു തലസ്ഥാനത്തിെൻറ രാജ്യാന്തര ക്രിക്കറ്റ് പെരുമ പടിയിറങ്ങിയത്. തിരുവനന്തപുരം യൂനിവേഴ്സിറ്റി സ്റ്റേഡിയമായിരുന്നു അന്ന് വേദി. ഇപ്പോഴത്തെ ഇന്ത്യയുടെ പരിശീലകൻ രവി ശാസ്ത്രിയായിരുന്നു അന്ന് ഇന്ത്യൻ നായകൻ. വെസ്റ്റിന്‍ഡീസിനെ നയിച്ചത് റിച്ചാര്‍ഡ്സണും. പക്ഷേ, അന്ന് ഒമ്പത് വിക്കറ്റിന് ഇന്ത്യ തകർന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഓപണർ ശ്രീകാന്തിെൻറ (101) സെഞ്ച്വറിയുടെ മികവിൽ 45 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സെടുത്തു. എന്നാൽ, മറുപടി ബാറ്റിങ്ങിനിറങ്ങിയ വെസ്റ്റിന്‍ഡീസിന് വേണ്ടി പി.വി. സിമ്മണ്‍സും (104*) ഗ്രീനിഡ്ജും (84) തകർത്തടിച്ചതോടെ 42.5 ഓവറിൽ കരിബീയൻ പട ലക്ഷ്യം മറികടന്നു. പിന്നേട് ഒരു രാജ്യാന്തര മത്സരംപോലും തലസ്ഥാനത്തേക്ക് തിരിഞ്ഞുനോക്കിയില്ല. എല്ലാം കൊച്ചിയെ ചുറ്റിപ്പറ്റി നിന്നു. മാറിവന്ന ക്രിക്കറ്റ് നിയമങ്ങൾക്കൊപ്പം സ്റ്റേഡിയങ്ങൾ നവീകരിക്കുന്നതിൽ ഭരണാധികാരികൾക്കുണ്ടായ ചിറ്റമ്മനയമായിരുന്നു അനന്തപുരിയെ പിന്നോട്ടടിച്ചത്. തുടർന്ന് ദേശീയ ഗെയിംസിനോടനുബന്ധിച്ച് യു.ഡി.എഫ് സർക്കാർ രാജ്യാന്തര നിലവാരത്തിലുള്ള ഒരു മൾട്ടി പർപ്പസ് സ്റ്റേഡിയം ഐ.എൽ ആൻഡ് എഫ്.എസിെൻറ സഹായത്തോടെ അനന്തപുരിക്ക് സമ്മാനിക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.