ഇന്നറിയാം വില്ലനാര്? നായകനാര്?
text_fieldsതിരുവനന്തപുരം: തെളിഞ്ഞ ആകാശവും അതിനുകീഴെ ഒരു ജയവും. പച്ചപ്പാടത്ത് കിവികളെ വേട്ടയാടാൻ ഇറങ്ങുന്ന ഇന്ത്യൻ ടീം ആഗ്രഹിക്കുന്നത് ഇന്ന് ഇതു മാത്രമായിരിക്കും. ലോകം ഉറ്റുനോക്കുന്ന കലാശപ്പോരാട്ടത്തിന് തീപാറാൻ ഇനി മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ സ്പോർട്സ് ഹബിലെ കാർമേഘങ്ങളെ നോക്കി ക്രിക്കറ്റ് ആരാധകരും പ്രാർഥിക്കുന്നത് ഇതുമാത്രമാണ്, വില്ലനായി മഴ എത്തല്ലേ...
കിവികളെ എയ്തുവീഴ്ത്തി കുട്ടിക്രിക്കറ്റിെൻറ കിരീടം ഇന്ത്യൻ നായകൻ വിരാട് കോഹ്ലി സ്വന്തമാക്കുന്നത് കാണാനാണ് തിരുവനന്തപുരം ആഗ്രഹിക്കുന്നത്. എന്നാൽ, പല്ലും നഖവും ഉപയോഗിച്ച് അത് തടയാനായിരിക്കും കെയിൻ വില്യംസണും സംഘവും ഇറങ്ങുക.അടുത്ത 24 മണിക്കൂർ തെക്കൻ കേരളത്തിൽ ശക്തമായ മഴയാണ് സംസ്ഥാന കാലാവസ്ഥ നിരീക്ഷണകേന്ദ്രം പ്രവചിക്കുന്നത്. എന്നാൽ, പ്രവചനങ്ങൾ സത്യമായാൽപോലും അവയെ മനുഷ്യാധ്വാനംകൊണ്ട് വെല്ലുമെന്ന നിശ്ചയദാർഢ്യമാണ് െക.സി.എക്കുള്ളത്. കേരള ക്രിക്കറ്റ് അസോസിയേഷെൻറ തലപ്പത്തുള്ളവർ മുതൽ ഗ്രൗണ്ട് സ്റ്റാഫ് വരെ 29 വർഷത്തെ കാത്തിരിപ്പിനുശേഷം അനുവദിച്ചുകിട്ടിയ മത്സരം കെങ്കേമമായി നടത്തുന്നതിന് രാപകലില്ലാതെ അധ്വാനിക്കുകയാണ്.
ചെമ്മണ്ണുവിരിച്ച നാലാം നമ്പർ പിച്ചാണ് മത്സരത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. തിങ്കളാഴ്ച വൈകീട്ടോടെ ഇരുടീമുകളുടെയും ഔദ്യോഗിക പ്രതിനിധികൾ പിച്ച് പരിശോധിച്ചു. ബാസ്മാൻമാർക്ക് സ്വർഗവും ബൗളർമാർക്ക് ശവപ്പറമ്പുമാകുന്ന പിച്ചാണിതെന്നാണ് വിലയിരുത്തൽ. അങ്ങനെയെങ്കിൽ സിക്സുകൾക്കും ഫോറുകൾക്കും ഒരു ക്ഷാമവുമുണ്ടാകില്ല.കുട്ടിക്രിക്കറ്റിലെ ഒന്നാം നമ്പർകാരായ ന്യൂസിലൻഡിനെ ബാറ്റിങ്ങിലും ബൗളിങ്ങിലും ഫീൽഡിങ്ങിലും നിഷ്ഭ്രമാക്കിയെങ്കിൽ മാത്രമേ തുടർച്ചയായ എട്ടാം പരമ്പര വിജയം ഇന്ത്യക്ക് സ്വന്തമാകുകയുള്ളൂ. എന്നാൽ, ഒന്നാം സ്ഥാനം നിലനിർത്താൻ ന്യൂസിലൻഡ് പൊരുതുമ്പോൾ തുല്യശക്തികളുടെ പോരാട്ടത്തിനായിരിക്കും കാര്യവട്ടം സാക്ഷ്യം വഹിക്കുക.
അതേസമയം, ടിക്കറ്റ് തേടി ജില്ലക്ക് അകത്തും പുറത്തുമായി നിരവധി യുവാക്കൾ ഇന്നലെയും സ്റ്റേഡിയത്തിലെത്തി. ടിക്കറ്റ് കരിഞ്ചന്തയിൽ വിറ്റെന്നാരോപിച്ച് ഇവർ മുഖ്യഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ടിക്കറ്റുകള്‍ ദിവസങ്ങള്‍ക്ക് മുമ്പേതന്നെ വിറ്റുപോയെന്നും ഇനിയില്ലെന്നും പൊലീസ് അറിയിച്ചിട്ടും ഇവര്‍ പിന്‍വാങ്ങിയില്ല. എന്നാൽ, മഴ ശക്തമായതോടെയാണ് ഇവർ സമരം അവസാനിപ്പിച്ചത്. സ്‌റ്റേഡിയത്തിന് മുന്നില്‍ ടീമുകളുടെ ജഴ്‌സിയും കൊടികളുമായി തെരുവുകച്ചവടക്കാരുടെ സംഘവും നിരന്നിട്ടുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെയും മുന്‍ ക്യാപ്റ്റന്‍ ധോണിയുടെയും ജഴ്‌സികള്‍ക്കാണ് ആവശ്യക്കാരേറെ. മത്സരത്തോടനുബന്ധിച്ച് ചൊവ്വാഴ്ച ഉച്ചക്ക് ഒരുമണിക്കുശേഷം കാര്യവട്ടം കാമ്പസിന് അവധി പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.