ഹഫീസ് കോവിഡ് പോസിറ്റീവെന്ന് പി.സി.ബി; നെഗറ്റീവായ റിപ്പോർട്ടുമായി താരം
text_fieldsലാഹോർ: തനിക്ക് കോവിഡ് ബാധയില്ലെന്ന് പാകിസ്താൻ മുന്‍ നായകനും ഓള്‍റൗണ്ടറുമായ മുഹമ്മദ് ഹഫീസ്. ചൊവ്വാഴ്ച പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് സംഘടിപ്പിച്ച കോവിഡ് പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചിരുന്നെങ്കിലും ബുധനാഴ്ച സ്വന്തം നിലക്ക് നടത്തിയ പരിശോധനയിൽ ഫലം നെഗറ്റീവാണെന്ന് തെളിഞ്ഞതായി താരം തന്നെ സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. പരിശോധനാ ഫലത്തിെൻറ റിപ്പോര്‍ട്ടും അദ്ദേഹം ട്വിറ്റർ പോസ്റ്റിനൊപ്പം നല്‍കിയിട്ടുണ്ട്.
പി.സി.ബിയുടെ പരിശോധനയില്‍ കോവിഡുണ്ടെന്ന് കണ്ടെത്തിയപ്പോള്‍ അത് ഉറപ്പിക്കാൻ വേണ്ടിയുമാണ് വീണ്ടും പരിശോധന നടത്തിയത്. കുടുംബാംഗങ്ങളും തനിക്കൊപ്പം കോവിഡ് ടെസ്റ്റിനു വിധേയരായിരുന്നു. എല്ലാവരുടെയും പരിശോധനാ ഫലവും നെഗറ്റീവാണെന്ന് കണ്ടെത്തി. ദൈവത്തിനു നന്ദി, ദൈവം നമ്മളെയെല്ലാം സുരക്ഷിതരാക്കി നിര്‍ത്തട്ടെ. -ഇങ്ങനെയായിരുന്നു ഹഫീസിെൻറ ട്വീറ്റ്.
മൂന്ന് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതായി പാകിസ്താൻ ക്രിക്കറ്റ് ബോർഡ് (പി.സി.ബി) തിങ്കളാഴ്ച അറിയിച്ചതിന് പിന്നാലെ ചൊവ്വാഴ്ച ഏഴ് താരങ്ങൾക്ക് കൂടി വൈറസ് ബാധ കണ്ടെത്തുകയായിരുന്നു. ഇംഗ്ലണ്ട് പര്യടനത്തിൽ പെങ്കടുക്കേണ്ടിയിരുന്ന മുഹമ്മദ് ഹഫീസ്, വഹാബ് റിയാസിനും കൂടെ കാഷിഫ് ഭാട്ടി, മുഹമ്മദ് ഹസ്‌നെയ്ന്‍, ഫഖര്‍ സമാന്‍, മുഹമ്മദ് റിസ്വാന്‍, ഇമ്രാന്‍ ഖാന്‍ എന്നിവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരുന്നത്. പര്യടനത്തിന് മുന്നോടിയായി റാവൽപിണ്ടിയിൽ വെച്ച് നടന്ന പരിശോധനയിലായിരുന്നു താരങ്ങളിൽ കോവിഡ് ബാധ കണ്ടെത്തിയത്.
അതേസമയം ഹഫീസിെൻറ പുതിയ പരിശോധനാ ഫലത്തോട് പിസിബി ഇതുവരെ പ്രതികരിച്ചിട്ടില്ല. ഫലം നെഗറ്റീവായതിനാല്‍ ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാക് ടീമിനൊപ്പം ചേരാന്‍ ഹഫീസിന് അനുമതി ലഭിക്കാനിടയുണ്ട്. കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച 10 പാക് താരങ്ങളോടും സ്വയം ഐസൊലേഷനില്‍ പോവാന്‍ പാക് ക്രിക്കറ്റ് ബോർഡ് ആവശ്യപ്പെട്ടിരുന്നു. പാക് സംഘത്തില്‍ ബൗളിങ് കോച്ച് വഖാര്‍ യൂനിസ്, ഷുഐബ് മാലിക്ക്, സപ്പോര്‍ട്ട് സ്റ്റാഫ് ക്ലിഫെ ഡീക്കോണ്‍ എന്നിവരും ഇനി ടെസ്റ്റിനു വിധേയരാവാനുണ്ട്.
പാകിസ്താൻ ഈ മാസം 28നാണ് ഇംഗ്ലണ്ടിലേക്ക് തിരിക്കുന്നത്. മൂന്ന് വീതം ടെസ്റ്റുകളും ട്വൻറി20 മത്സരങ്ങളുമാണുള്ളത്. ടെസ്റ്റ്പരമ്പരയിലെ ആദ്യ മത്സരം ആഗസ്റ്റ് അഞ്ച് മുതൽ ഒമ്പത് വരെ മാഞ്ചസ്റ്ററിലെ ഓൾഡ് ട്രഫോൾഡ് സ്റ്റേഡിയത്തിൽ നടക്കും. രണ്ടാമത്തെ മത്സരം 13 മുതൽ 17 വരെയും മൂന്നാമത്തേത് 21 മുതൽ 25 വരെയും സതാംപ്ടനിലാണ് നടക്കുക. ട്വൻറി20 മത്സരങ്ങളും ഇവിടെയാണ്. ആഗസ്റ്റ് 28, 30, സെപ്റ്റംബർ ഒന്ന് തീയതികളിലാണ് ട്വൻറി20 മത്സരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.