ഇന്ത്യക്ക് ആറു വിക്കറ്റ് ജയം
text_fieldsധർമശാല: ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് ആറു വിക്കറ്റ് ജയം. 81 പന്തില്‍ 85 റൺസെടുത്ത വിരാട് കോഹ് ലി മുന്നിൽ നിന്ന് നയിച്ച മത്സരത്തിൽ ഇന്ത്യ അനായാസ ജയം നേടുകയായിരുന്നു. കിവീസ് ഉയർത്തിയ 191 റൺസ് വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ 33.1 ഓവറിൽ മറികടന്നു.
ഇന്ത്യക്കുവേണ്ടി ഓപണര്‍മാരായ രോഹിത് ശര്‍മയും അജിന്‍ക്യ രഹാനെയും ആദ്യ വിക്കറ്റില്‍ 49 റണ്‍സ് ചേര്‍ത്തു തുടക്കം ഭദ്രമാക്കി. ടെസ്റ്റ് മൂഡില്‍നിന്ന് അനായാസം ഗിയര്‍ മാറ്റിയ രഹാനെ റണ്ണെടുക്കാന്‍ തിടുക്കം കാണിച്ചപ്പോള്‍ രോഹിത് ശര്‍മ മെല്ളെയായിരുന്നു. 26 പന്തില്‍ ഒന്നു വീതം സിക്സറും ഫോറുമായി 14 റണ്‍സെടുത്ത രോഹിത് ഡഗ് ബ്രേസ്വെല്ലിന്‍െറ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങി പുറത്തായി. മൂന്നാമനായി കോഹ്ലി വന്നത് ഉറച്ച തീരുമാനത്തോടെയായിരുന്നു. അതിനിടയില്‍ 33 റണ്‍സുമായി രഹാനെയും 17 റണ്‍സുമായി മനീഷ് പാണ്ഡെയും പുറത്തായെങ്കിലും കോഹ്ലിയുടെ റണ്‍ മെഷീന് വിശ്രമമില്ലായിരുന്നു. ബൗണ്ടറികള്‍ നാനാ വഴിക്കും ഒഴുകി. 24 പന്തില്‍ 21 റണ്‍സുമായി ധോണി റണ്ണൗട്ടായെങ്കിലും മറ്റ് അനര്‍ഥങ്ങളില്ലാതെ കോഹ്ലി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇഷ് സോധി എറിഞ്ഞ 34ാമത്തെ ഓവറിലെ ആദ്യ പന്ത് സ്ട്രെയ്റ്റ് സിക്സിനു പറത്തി കോഹ്ലി വിജയമുറപ്പിച്ചു. 81 പന്ത് നേരിട്ടാണ് കോഹ്ലി ഒമ്പതു ബൗണ്ടറികളുടെയും ഒരു സിക്സിന്‍െറയും അകമ്പടിയോടെ പുറത്താകാതെ 85 റണ്‍സെടുത്തത്. 10 റണ്‍സുമായി കേദാര്‍ ജാദവും പുറത്താകാതെ നിന്നു.
ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത ഇന്ത്യ ബൗളിങിൽ മികച്ച പ്രകടനം പുറത്തെടുത്തു. 43.5 ഒാവറിൽ കിവീസ് നിരയിൽ എല്ലാവരും പുറത്തായി. ടോം ലതാം (79), ടീം സൗത് ലീ (55) എന്നിവർ മാത്രമാണ് കിവീസ് നിരയിൽ തിളങ്ങിയത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ ഹർദിക് പാണ്ഡ്യെ, അമിത് മിശ്ര, രണ്ടു വീതം വിക്കറ്റെടുത്ത ഉമേഷ് യാദവ്, കേദാർ ജാദവ് എന്നിവരാണ് കിവികളുടെ പ്രതീക്ഷകൾ ഇല്ലാതാക്കിയത്.
ഹർദിക് പാണ്ഡ്യെ-ഉമേഷ് യാദവ് സഖ്യം കിവി മുൻനിര ബാറ്റിങ്ങിനെ എറിഞ്ഞു വിഴ്ത്തുകയായിരുന്നു. 14 റൺസെടുക്കുന്നതിനിടെ കിവിസിന് ഗുപ്ടിലിൻെറ(12) വിക്കറ്റ് നഷ്ടമായി. പിന്നീട് വില്യംസണും (3) ടെയ്ലറും (0) ആൻഡേഴ്സണും (4) മടങ്ങി. 12ാം ഒാവറിൽ കിവീസിന് 48 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ടിരുന്നു. ടീം സ്കോർ 65 റൺസിലെത്തി നിൽക്കവേ കൊഴിഞ്ഞ വിക്കറ്റുകളുടെ എണ്ണം ഏഴായി.
ടോം ലതാം-സൗത് ലീ സഖ്യമാണ് കിവീസിനെ വൻനാണക്കേടിൽ നിന്നും രക്ഷിച്ചത്. ഒമ്പതാം വിക്കറ്റിൽ ഒത്തു ചേർന്ന ഇരുവരും നിർണായകമായ 71 റൺസ് സന്ദർശകർക്കായി കൂട്ടിച്ചേർത്തു. ടീം സ്കോർ 177 റൺസിലെത്തി നിൽക്കെ സൗത് ലീ വീണു. വിരാട് കോഹ്ലിയുടെ നേതൃത്വത്തിൽ ടെസ്റ്റ് പരമ്പര തൂത്തുവാരിയ ഇന്ത്യ എം.എസ് ധോണിയുടെ കീഴിൽ ഏകദിന പരമ്പരയും സ്വന്തമാക്കാനുള്ള ഒരുക്കത്തിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.