ഹർമൻപ്രീത് കൗശലക്കാരിയും കള്ളം പറയുന്നവളുമെന്ന് മിതാലി രാജിൻെറ മാനേജർ
text_fieldsമുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ കൗശലക്കാരിയും കള്ളം പറയുന്നവളുമെന്ന് മിതാലി രാജിൻെറ മാനേജർ അന്നിഷ ഗുപ്ത. വനിത ട്വൻറി20 ലോകകപ്പിൽ നിന്നും ഇംഗ്ലണ്ടിനോട് തോറ്റ് ഇന്ത്യ പുറത്തായതിന് പിന്നാലെയാണ് കൗറിനെതിരെ വിമർശനമുയർന്നത്. ടൂർണമെൻറിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ച സീനിയർ താരം മിതാലി രാജിനെ കളിപ്പിച്ചിരുന്നില്ല.
നിർഭാഗ്യവശാൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം സ്പോർട്സിൽ വിശ്വസിക്കുന്നില്ല, മറിച്ച് രാഷ്ട്രീയത്തിലാണ് വിശ്വസിക്കുന്നത്. ഉള്ളിൽ എന്താണ് നടക്കുന്നതെന്ന് എനിക്കറിയില്ല. മത്സരങ്ങൾ കണ്ടവർക്കറിയാം ആരൊക്കെയാണ് മികച്ച പ്രകടനം കാഴ്ച വെച്ചത്, ആരാണ് കാഴ്ച വെക്കാത്തത്. സ്ഥിരതയാർന്ന പ്രകടനം കാഴ്ചവെച്ച മിഥാലിക്ക് ലഭിച്ച പ്രതികരണം നമ്മൾ കണ്ടു. പുതിയ താരങ്ങൾക്ക് അവസരം നൽകാൻ അവർ ആഗ്രഹിക്കുന്നതായി പ്രസ്താവനകൾ കണ്ടു. ഇംഗ്ലണ്ട് പോലുള്ള ഒരു രാജ്യത്തിനെതിരായ സെമിഫൈനലിൽ ഏറ്റവും അനുഭവസമ്പത്തുള്ള താരത്തെ ഒഴിവാക്കരുത്- മിഥാലിയുടെ മാനേജർ വ്യക്തമാക്കി.
എന്നാൽ പാളിപ്പോയ തൻെറ തന്ത്രങ്ങളിൽ ഉറച്ച് നിന്ന് കൗർ രംഗത്തെത്തിയിരുന്നു. ടീമിന്റെ താൽപര്യം കണക്കിലെടുത്താണ് തീരുമാനമെന്നായിരുന്നു മിഥാലിയെ ഒഴിവാക്കിയതിനെ കുറിച്ച് കൗറിൻെറ പ്രതികരണം. ഒരു തോൽവിപോലുമില്ലാതെ കുതിച്ച ഇന്ത്യയെ ഇംഗ്ലീഷ് പട സെമിഫൈനലിൽ എട്ടു വിക്കറ്റിനാണ് തകർത്തത്.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യൻ നിരയിൽ രണ്ടക്കം കണ്ടത് ആദ്യ നാലുപേർ മാത്രം. ഒാപണർമാരായ സ്മൃതി മന്ദാനയും (34) തനിയ ബാട്ടിയയും (11) മികച്ച തുടക്കം നൽകിയതിനു ശേഷമായിരുന്നു കൂട്ടത്തകർച്ച. ആദ്യ വിക്കറ്റ് വീഴുന്നതിനു മുമ്പേ 43 റൺസെടുത്തിരുന്നു. 23 പന്തിൽ 34 റൺസെടുത്ത സ്മൃതി മന്ദാനയാണ് ആദ്യം മടങ്ങിയത്.
പിന്നാലെ തനിയ ബാട്ടിയ (11), ജെമീമ റോഡ്രിഗസ് (26), ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ (16) എന്നിവരും പുറത്തായി. പിന്നീടാരും രണ്ടക്കം കണ്ടില്ല. മൂന്നു പന്ത് ബാക്കിയിരിക്കെ 112 റൺസിന് ഇന്ത്യ പുറത്ത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിനെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ടായ എലൻ ജോൺസും (53) നദാലി ഷീവറും (52) ചേർന്ന് 17 ഒാവറിൽ കളി ജയിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.